/sathyam/media/media_files/2026/01/07/1001541950-2026-01-07-10-34-32.webp)
പാലക്കാട് : സി.പി.ഐക്കും അവരുടെ സംസ്ഥാന സെ്രകട്ടറി ബിനോയ് വിശ്വത്തിനും എതിരായ മുൻ എം.പി എസ്. അജയകുമാറിന്റെ പരാമർശം തള്ളി സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു രംഗത്ത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുത്തിരിക്കെ മുന്നണിയിൽ വിള്ളലുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സി.പി.എം എടുക്കുന്നുവെന്ന സൂചനയാണ് നിലവിലുള്ളത്.
കഴിഞ്ഞ ദിവസമാണ് അധിക്ഷേപകരമായ വിമർശനം സി.പി.ഐ സംസ്ഥാന സെരകട്ടറിയെ കുറിച്ചടക്കം ഉന്നയിച്ച് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ അജയകുമാർ രംഗത്ത് വന്നത്.
വിഷയം സി.പി.ഐ എൽ.ഡി.എഫിൽ ഉന്നയിക്കാനിരിക്കെയാണ് പ്രസ്താവന തള്ളി പാലക്കാട് ജില്ലാ സെക്രട്ടറി തന്നെ രംഗത്തിറങ്ങിയത്.
സിപിഐയും സിപിഐഎമ്മും തമ്മിലുള്ളത് സഹോദര ബന്ധമാണെന്നും അതിനെ എതിർക്കുന്ന പ്രസ്താവനകൾ പാർട്ടി തള്ളിക്കളയുമെന്നും സുരേഷ് ബാബു വ്യക്തമാക്കി.
ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്. അത് ഒരിക്കലും അംഗീകരിക്കാനാവില്ല. സിപിഐഎമ്മും സിപിഐയും തമ്മിലുള്ളത് വളരെ ഊഷ്മളമായ ബന്ധമാണ്. അജയകുമാർ തിരുത്തണമെന്നും സുരേഷ് ബാബു പറഞ്ഞു.
ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെ പെരുമാറിക്കൊണ്ടിരിക്കുന്നു എന്ന രൂക്ഷ വിമർശനമാണ് എസ് അജയകുമാർ നടത്തിയത്. ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാർക്കുള്ളതെന്നും എസ് അജയകുമാർ കുറ്റപ്പെടുത്തിയിരുന്നു.
സിപിഐഎം-സിപിഐ പോര് നടന്നു കൊണ്ടിരിക്കുന്ന ഒറ്റപ്പാലത്ത് മണ്ണൂരിൽ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു എസ് അജയകുമാറിന്റെ പരാമർശം.
പിന്നാലെ അജയകുമാറിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. അജയകുമാറിന് മാനസിക വിഭ്രാന്തിയെന്ന് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് ആരോപിച്ചിരുന്നു.
സിപിഐഎം ജില്ലാ നേതൃത്വം അജയകുമാറിനെ തിരുത്തുകയും നിയന്ത്രിക്കുകയും വേണമെന്നും സുമലത ആവശ്യപ്പെട്ടിരുന്നു. ബിനോയ് വിശ്വം രാജ്യത്തെ അറിയപ്പെടുന്ന നേതാവാണ്.
100 വർഷം പാരമ്പര്യമുള്ള പാർട്ടിയാണ് സിപിഐ, ആ പാരമ്പര്യം സിപിഐഎമ്മിന് പറയാനാകില്ലല്ലോ. പ്രാദേശിക പ്രശ്‌നത്തിന് സംസ്ഥാന സെക്രട്ടറിയെ അപമാനിച്ച് സംസാരിച്ചത് നിലവാരമില്ലായ്മയാണ്.
ഈ വിഷയം എൽഡിഎഫ് മുന്നണി യോഗത്തിൽ ഉയർത്തുമെന്നും സുമലത മോഹൻദാസ് പറഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐ നേരത്തെ വിലയിരുത്തിയിരുന്നു.
സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലായിരുന്നു വിലയിരുത്തൽ.
ഇടതുമുന്നണിയെ സ്നേഹിച്ച വിവിധ വിഭാഗങ്ങളിൽ ശക്തമായ വിമർശനം നിലനിൽക്കുന്നു. ഇതാണ് ഫലത്തിൽ തെളിയുന്നത്. വോട്ട് ചെയ്യുമെന്ന് കരുതിയ വിവിധ വിഭാഗം ജനങ്ങൾ വോട്ട് ചെയ്തില്ല.
മാത്രമല്ല എതിരായി വോട്ട് ചെയ്തതായിട്ടാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും സിപിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഇതുകൂടി കണക്കിലെടുത്തായിരുന്നു അജയകുമാറിന്റെ വിമർശനമെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ വിലയിരുത്തൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us