/sathyam/media/media_files/2026/02/04/img151-2026-02-04-20-24-30.png)
പാലക്കാട്: അഴിമതിക്കേസിലെ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന മുൻ അഗ്രികൾച്ചറൽ ഓഫീസറെ വിജിലൻസ് ബംഗളൂരുവിൽ നിന്നും പിടികൂടി. അഗളി മുൻ അഗ്രികൾച്ചറൽ ഓഫീസർ വെങ്കിടേശ്വര ബാബുവിനെയാണ് പാലക്കാട് വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.
2006 കാലഘട്ടത്തിൽ പാലക്കാട് അഗളി കൃഷി ഭവനിൽ കൃഷി ഓഫീസറായിരുന്ന വെങ്കിടേശ്വര ബാബു കർഷകർക്ക് പ്രകൃതി ദുരന്തം കാരണം ഉണ്ടായ കൃഷി നാശത്തിന് നഷ്ടപരിഹാരമായി അനുവദിക്കേണ്ട തുക കർഷകരുടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കി തട്ടിയെടുത്തിരുന്നു.
സംഭവത്തിൽ ബാബുവിനെ പ്രതിയാക്കി വിജിലൻസ് പാലക്കാട് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു.
കേസിൽ വെങ്കിടേശ്വര ബാബു കുറ്റകാരനെന്ന് കണ്ടെത്തി 2016ൽ തൃശൂർ വിജിലൻസ് കോടതി വിവിധ വകുപ്പുകളിലായി മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതി അപ്പീൽ നിരസിച്ച് ശിക്ഷ അനുഭവിക്കുന്നതിനായി വിജിലൻസ് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
കോയമ്പത്തൂരിൽ ഒളിവിൽ കഴിയുകയായിരുന്നു വെങ്കിടേശ്വര ബാബുവിനെ ബംഗളൂരുവിൽ നിന്നുമാണ് പാലക്കാട് വിജിലൻസ് യൂണിറ്റ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us