തിരുവനന്തപുരം: നീല ട്രോളി ബാഗ് മുതൽ വർഗീയത വരെ ആളിക്കത്തിച്ചിട്ടും പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ പിടിച്ചുകെട്ടാൻ എൽ.ഡി.എഫിനും എൻ.ഡി.എയ്ക്കുമായില്ല. ബി.ജെ.പിക്ക് വിജയം പ്രവചിക്കപ്പെട്ടിരുന്ന പാലക്കാട്, അതിശക്തമായ പോരാട്ടം നയിച്ചാണ് പത്തനംതിട്ടക്കാരൻ രാഹുൽ വിജയിച്ചു കയറുന്നത്.
കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടലിൽ അർദ്ധരാത്രിയിൽ കള്ളപ്പണം പിടിക്കാനെന്ന പേരിൽ നടത്തിയ കള്ളപ്പണ റെയ്ഡ് അടക്കം ഇടതുമുന്നണിക്ക് തിരിച്ചടിയായെന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പ്രചാരണം കൊഴുക്കുന്നതിനിടെ, പാലക്കാട്ട് രാഹുൽ തുടരാതിരിക്കാനും സർക്കാർ കള്ളക്കളി കാട്ടിയിരുന്നു. നിയമസഭ മാർച്ചിനെ തുടർന്ന് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയെങ്കിലും കോടതി അംഗീകരിച്ചില്ല.
എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് രാഹുൽ ഇളവ് തേടിയത്. ഇത് അനുവദിക്കരുതെന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടത്.
തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കണമെന്നുള്ളത് കൊണ്ടാണ് രാഹുൽ ഇളവ് തേടിയത്. ജനാധിപത്യത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് പ്രചാരണത്തിന് അവകാശം തടയാനാവില്ലെന്ന് കണ്ട കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
പാലക്കാട്ട് മത്സരിക്കാൻ പത്തനംതിട്ടയിൽ നിന്ന് രാഹുൽ എത്തിയശേഷം ആദ്യം ചെയ്തത് പാലക്കാട്ടെ കൈപ്പത്തി ക്ഷേത്രത്തിൽ അനുഗ്രഹം തേടുകയായിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സന്ദർശനം നടത്തിയ കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രവും ശിവ ക്ഷേത്രവും സന്ദർശിച്ച് അനുഗ്രഹം തേടി.
പാലക്കാടുള്ള കൈപ്പത്തി ക്ഷേത്രത്തെ കുറിച്ച് ഇന്ദിര ഗാന്ധിയോട് പറയുന്നത് അന്നത്തെ സുപ്രീം കോടതി ജഡ്ജി പി.എസ്.കൈലാസത്തിന്റെ ഭാര്യ സുന്ദര കൈലാസമാണ്. ദേവിയുടെ കൈയാണ് അവിടെ പ്രതിഷ്ഠയെന്നും ഹേമാംബികാ ഭാഗവതി ക്ഷേത്രത്തിന് വലിയ ശക്തിയാണെന്നും ഇന്ദിരയോട് അവർ പറഞ്ഞു. കോൺഗ്രസിന് കൈപ്പത്തി ചിഹ്നം നിർദ്ദേശിച്ചത് സുന്ദര കൈലാസമാണ്.
കൈലാസത്തിന്റേയും സുന്ദര കൈലാസത്തിന്റെയും മകൾ നളിനിയുടെ ഭർത്താവാണ് പിൽകാലത്ത് പ്രശസ്തനായ കോൺഗ്രസ് നേതാവും മന്ത്രിയുമായ പി. ചിദംബരം. സുന്ദര കൈലാസത്തിന് നെഹ്റു കുടുംബമായി വലിയ വ്യക്തി ബന്ധമുണ്ടായിരുന്നു. കോൺഗ്രസ് രണ്ടായി പിളർന്നതോടെ ഇന്ദിര കോൺഗ്രസ് ഔദ്യോഗികമായി കൈപ്പത്തി ചിഹ്നമായി സ്വീകരിച്ചു.
ആനയും, സൈക്കിളും മറ്റും കോൺഗ്രസിന്റെ പുതിയ ചിഹ്നത്തിന്റെ പരിഗണനയിൽ വന്നെങ്കിലും, ഇന്ദിര ഗാന്ധിയുടെ തീരുമാനമായിരുന്നു കൈ ചിഹ്നം. ആന്ധ്രാപ്രദേശിലും, കർണാടകയിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് ഇന്ദിരാ കോൺഗ്രസ് ആദ്യമായി കൈ ചിഹ്നത്തിൽ മത്സരിക്കുന്നത്.
1979 ലും 1980 ലും. ഇന്ദിരാ ഗാന്ധി പാലക്കാടെത്തിയെങ്കിലും 1982 ഡിസംബർ മാസം 13ാം തിയതിയാണ് അവർ ആദ്യമായി ഏമൂർ ഹേമാംബികാ ഭാഗവതി ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയത്. അവിടെ നിന്നായിരുന്നു രാഹുലിന്റെ പ്രചാരണ തുടക്കം.
യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന കേസിൽ രാഹുലിനെ കുടുക്കാൻ പോലീസ് കഴിയുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസ് പിടിച്ചെടുത്ത സംസ്ഥാന യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ കാർ കോടതി വിട്ടു നൽകിയിരുന്നു.
പ്രതികൾ രാഹുല്‍ മാങ്കൂട്ടത്തിന്റെ കാറിലാണ് സഞ്ചരിച്ചിരുന്നതെന്ന് ആരോപിച്ചാണ് പൊലീസ് കാർ പിടിച്ചെടുത്തത്. കേസിൽ പ്രതികളുടെ പങ്ക് പോലും വ്യക്തമായി തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയ കോടതി ,എല്ലാ പ്രതികൾക്കും ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾ 2000 വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച് സംഘടനാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചു എന്നായിരുന്നു കേസ്.
ഇലക്ഷൻ കമ്മിഷന്റെ തിരിച്ചറിയൽ കാർഡിന് സമാനമായ കാർഡാണ് നിർമ്മിച്ചതെന്നായിരുന്നു പൊലീസ് വാദം. ഇത് പാർലമെന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉപയോഗിച്ചേക്കുമെന്ന വാദം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.
യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായി, സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും നടത്തിയ സമയോചിത ഇടപെടലുകളും കഴമ്പുള്ള വിമർശനങ്ങളും രാഹുലിനെ ജനങ്ങൾക്കിടയിൽ സ്വീകാര്യനാക്കി. കണ്ണൂർ എ.ഡി.എമ്മിന്റെ മരണത്തിൽ അറസ്റ്റിലായ പി.പി.ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ച ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് പി.കെ.ശ്രീമതിയെ പ്രചാരണത്തിനിടെ രാഹുൽ രൂക്ഷമായി വിമർശിച്ചിരുന്നു.
ഒരാളെ കൊന്നിട്ട് ജാമ്യം ലഭിക്കുമ്പോൾ സന്തോഷമെന്ന് എങ്ങനെയാണ് പറയാൻ പറ്റുകയെന്നായിരുന്നു രാഹുലിന്റെ ചോദ്യം. കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരനെതിരെ നടന്ന കൂടോത്ര വിഷയത്തിലും രാഹുലിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. കൂടോത്രം ചെയ്താൽ മന്ത്രവാദിക്ക് മാത്രമാണ് സാമ്പത്തിക നേട്ടം. ബൂത്തുകളിൽ പാട്ടിയെ കെട്ടിപ്പടുത്താലെ സംഘടന ശക്തി പ്രാപിക്കൂ.
പാലക്കാട്ട് തനിക്കെതിരെ രണ്ടു അപരന്മാരെ നിറുത്തിയത് സി.പി.എം -ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചിരുന്നു. സി.പി.എമ്മിന്റെയും ബി.ജെ.പിയുടേയും സ്ഥാനാർത്ഥികൾക്ക് അപരന്മാരില്ല. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഡീലാണിതെന്നാണ് രാഹുൽ പറഞ്ഞത്.
സോഷ്യൽമീഡിയയിൽ സി.പി.എമ്മിന്റെ സൈബർ പോരാളികളെ നേർക്കുനേർ എതിരിട്ടതും രാഹുലിനെ തുണച്ചെന്നാണ് വിലയിരുത്തൽ. സാമൂഹ്യ, രാഷ്ട്രീയ പ്രസക്തിയുള്ള എല്ലാ കാര്യങ്ങളിലും രാഹുൽ പാർട്ടിക്ക് പ്രതിരോധമായി മാറി.
പോക്സോ കേസ് പ്രതിക്ക് വേണ്ടി മാത്യു കുഴൽനാടൻ എം.എൽ.എ ഹാജരായെന്ന് സി.പി.എം പ്രചരിപ്പിച്ചപ്പോൾ സി.പി.എം വാദം തെളിയിച്ചാൽ കുഴൽനാടന്റെ രാജി ആവശ്യപ്പെടുമെന്നായിരുന്നു രാഹുലിന്റെ തിരിച്ചടി.
സഹായം ചോദിച്ച് വിളിച്ച പത്താംക്ലാസുകാരനോട് കൊല്ലം എം.എൽ.എ മുകേഷ് കയർത്തു സംസാരിച്ച വിവാദത്തിൽ പ്രതികരണം ഇങ്ങനെയായിരുന്നു- അന്തസ് വേണം മുകേഷേ അന്തസ്'; ഒ മാധവന്റെ മകന് ഇങ്ങനെ ചെയ്യുവാൻ കഴിയുമോ? പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റ് പടിക്കൽ സമരവുമായി രംഗത്തെത്തിയപ്പോൾ എ.എ. റഹിമിനെതിരെ രാഹുൽ രംഗത്തെത്തിയിരുന്നു.
തുടർ ഭരണം വന്നപ്പോൾ അഭിവാദ്യമർപ്പിച്ച് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കൈയ്യുയർത്തിയത് റഹീമിന്റെ ഉറപ്പിൽ തങ്ങൾക്ക് സർക്കാർ സർവ്വീസെന്ന മധുര സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലായിരുന്നു. ഇന്ന് അവർ വീണ്ടും സമരത്തിന് പന്തൽ കെട്ടുമ്പോൾ, യുവജന തൊഴിൽ സമരത്തെ ഒറ്റുകൊടുത്ത യൂദാസായി റഹീമും, യൂദാസിനെ വിശ്വസിച്ച് സമരം നിർത്തിയവരായി സമരസമിതിയും മാറുന്നു എന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
കേരള പൊലീസില്‍ ആര്‍.എസ്.എസ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന സി.പി.ഐ നേതാവ് ആനി രാജയുടെ വിമർശനം ഏറ്റെടുത്തും രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. യോഗി ആദിത്യനാഥ് പൊലീസ് മന്ത്രിയാകുമ്പോഴും സഖാവ് പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴും ഒരേ അവസ്ഥയാണ്.
കഴിഞ്ഞ മന്ത്രിസഭ തൊട്ട് കേരളത്തിലെ മന്ത്രിസഭയില്‍ നുഴഞ്ഞു കയറിയ സംഘ പരിവാർ പ്രത്യയശാസ്ത്രം പൊലീസ് സേനയിലും കടന്നു കൂടിയിരിക്കുകയാണ്. കേരളത്തിലെ പിങ്ക് പൊലീസും, കാക്കി പൊലീസും, റെഡ് പൊലാസുമൊക്കെ പ്രവർത്തനം കൊണ്ട് സദാചാര പൊലീസാണ്.
ഔചിത്യവും, നിഷ്പക്ഷതയും, ധാർമ്മികതയും, സത്യസന്ധതയുമൊക്കെ വെച്ച് പരിശോധിച്ചാൽ പിണറായി വിജയന്റെ പൊലിസ് സേനയേതാ ഹനുമാൻ സേനയേതായെന്ന് വ്യക്തമാകില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. താമര ഒരു തണലായി കാണരുത്, വേരിറങ്ങും, ഇൻഫക്ഷനാകുമെന്നും രാഹുൽ പരിഹസിച്ചു.
മാവൂരിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണതിൽ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. അരിപ്പൊടി കൊണ്ട് പണിത സ്കൂൾ, ഗോതമ്പ് പൊടി കൊണ്ട് പണിത പാലം എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസബുക്കിൽ കുറിച്ചു.
വിരട്ടലൊന്നും വേണ്ട, ഇത് വേറെ ജനുസ്സാണ്' എന്ന പിണറായിയുടെ വിഖ്യാത ഡയലോഡിനെയും രാഹുൽ പരിഹസിച്ചിരുന്നു. ഡയലോഗ് കൊള്ളാം, പിന്നെന്തിനാണ് ഈച്ചയെ വരെ പരിശോധിച്ച് കടത്തി വിടുന്ന തരത്തിൽ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചത്.
ഇങ്ങനെ പേടിക്കാതെ സീയെമ്മെ...! ഇതായിരുന്നു ആ വിമർശനം. കോർപ്പറേഷനിൽ താൽക്കാലിക നിയമനത്തിനായി പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ച മേയർ ആര്യാ രാജേന്ദ്രനെതിരേ രാഹുലിന്റെ വിമർശനം ഇങ്ങനെയായിരുന്നു- ''ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി'' കണ്ണൂരിൽ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തല്ലിച്ചതച്ചപ്പോൾ പ്രതികരണം ഇങ്ങനെ- മുഖ്യമന്ത്രി കൊലക്കേസ് പ്രതിയുടെ നിലവാരത്തിലേയ്ക്ക് പോവരുത്.
സെക്രട്ടേറിയറ്റ് മാർച്ചിൽ അക്രമം കാട്ടിയെന്ന കുറ്റത്തിന് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അർദ്ധരാത്രി വീടുവളഞ്ഞ് പോലീസ് പിടികൂടിയതും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇമേജ് കൂട്ടാനേ ഇടയാക്കിയുള്ളൂ. പൊലീസ് അനുമതിയില്ലാതെ ജാഥ നടത്തിയെന്നും പൊതുമുതൽ നശിപ്പിച്ചെന്നുമാണ് കേസ്.
സംഘംചേർന്ന് അക്രമം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾക്കുപുറമേ പോലീസ് ആക്ടിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസെടുത്തിരുന്നത്. നവകേരളസദസ്സിനുനേരെനടന്ന പ്രതിഷേധങ്ങളെ പൊലീസും സി.പി.എമ്മും കായികമായി നേരിട്ടതിനെതിരേ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നു.
ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതേത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി. കേസിൽ എം.എൽ.എമാരായ ഷാഫി പറമ്പിൽ, എം. വിൻസെന്റ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്.
രാഹുൽ മാങ്കൂട്ടത്തിൽ നാലാം പ്രതിയാണ്. പൂജപ്പുര ജില്ലാ ജയിലിൽ നിന്നിറങ്ങിയ രാഹുലിന് യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി.വി. ശ്രീനിവാസിന്റെ നേതൃത്വത്തിൽ നൂറുക്കണക്കിന് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ആവേശ സ്വീകരണമൊരുക്കിയിരുന്നു. 8ദിവസം ജയിലിൽ കഴിഞ്ഞതോടെ രാഹുലിന്റെ രാഷ്ട്രീയ പ്രതിച്ഛായ വർദ്ധിച്ചു.
സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നടത്തുന്ന സഹപ്രവർത്തകരെ കൈകാര്യം ചെയ്‌താൽ തങ്ങൾ ഒരു വരവങ്ങ് വരുമെന്നും അത് സർക്കാർ താങ്ങില്ലെന്നുമുള്ള രാഹുലിന്റെ പ്രസംഗം യൂത്ത് കോൺഗ്രസുകാരെ ആവേശ ഭരിതരാക്കിയിരുന്നു.
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികളായ എസ് എഫ് ഐ പ്രവർത്തകരുടെ അറസ്റ്റും സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് നിരാഹാര സമരവും രാഹുൽ നടത്തിയിരുന്നു. 'സെക്രട്ടറിയേറ്റിലും ക്ളിഫ് ഹൗസിലുമൊക്കെ കഴിഞ്ഞദിവസം കയറിയ ഒരു മരപ്പട്ടിയുണ്ട്.
ആ മരപ്പട്ടിയെ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ വിജയനേക്കാൾ നന്നായി ആ മരപ്പട്ടി വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഉറപ്പുണ്ട്- ഇങ്ങനെയാണ് രാഹുൽ പോലീസിനെയും ആഭ്യന്തര വകുപ്പിനെയും വിമർശിച്ചത്.
പാലക്കാട്ടെ പോരാട്ടം വർഗീയ ശക്തിക്കെതിരെയാണെന്ന് വ്യക്തമാക്കിയാണ് രാഹുൽ പ്രചാരണത്തിനിറങ്ങിയത്. മതേതര മുന്നണിയായ കോൺഗ്രസിനെ പാലക്കാട്ടെ ജനങ്ങൾ പൂർണമനസോടെ സ്വീകരിക്കുമെന്ന രാഹുലിന്റെ പ്രതീക്ഷയാണ് അവിടത്തെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചത്.