ബിജെപിയുടെ എ' ക്ലാസ് മണ്ഡലമായ പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ 'വിജയിച്ചാല്‍' കോണ്‍ഗ്രസിന് ഉപതെരെഞ്ഞെടുപ്പ് അനായാസമാകും. ഷാഫി പറമ്പിലിന്‍റെ നോമിനി രാഹുല്‍ മാങ്കൂട്ടത്തിന്‍റെ സംസാരഭാഷയും ശരീരഭാഷയും പാലക്കാടിന് വഴങ്ങുമോ ? ബിജെപിയെ തളയ്ക്കണമെങ്കില്‍ മുരളീധരനെ പാലക്കാട്ടെത്തിക്കണമെന്ന് ആവശ്യം. വയനാട്ടില്‍ പ്രിയങ്കയും പാലക്കാട് മുരളിയുമെങ്കില്‍ ചേലക്കരയും കടന്നുകൂടാമെന്നും വിലയിരുത്തൽ

പ്രിയങ്കാ ഗാന്ധി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി വരുന്ന അനുകൂല തരംഗം മറ്റ് നിയമസഭാ മണ്ഡലങ്ങളിലും അനുകൂല ഘടകം ആകും എന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. പ്രിയങ്കയുടെ കന്നി പോരാട്ടമാണ് വയനാട്ടിലേത്.

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
WhatsApp Image 2024-08-16 at 9.30.15 PM

പാലക്കാട്: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകള്‍ അധികം വൈകില്ലെന്ന സൂചന പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേയ്ക്ക് കടന്ന് കോണ്‍ഗ്രസ്. വയനാട് ലോക്സഭാ, പാലക്കാട്, ചേലക്കര നിയമസഭാ സീറ്റുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്.

Advertisment

മൂന്നു സീറ്റുകളിലും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണ കോണ്‍ഗ്രസിലുണ്ടെങ്കിലും ജയപരാജയങ്ങള്‍ സംബന്ധിച്ച ആശങ്കയും അതിനൊപ്പം ശക്തമാണ്. വയനാട് പ്രിയങ്കാ ഗാന്ധി ലോക്സഭയിലേയ്ക്ക് മല്‍സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.


ചേലക്കരയില്‍ ആലത്തൂര്‍ മുന്‍ എംപി രമ്യ ഹരിദാസിന്‍റെ പേരിനും പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിന്‍റെ പേരിനുമാണ് മുന്‍തൂക്കം.


പ്രിയങ്കാ ഗാന്ധി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി വരുന്ന അനുകൂല തരംഗം മറ്റ് നിയമസഭാ മണ്ഡലങ്ങളിലും അനുകൂല ഘടകം ആകും എന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. പ്രിയങ്കയുടെ കന്നി പോരാട്ടമാണ് വയനാട്ടിലേത്.

വയനാട് സേഫ് !

പ്രിയങ്കാ ഗാന്ധി മല്‍സരിക്കുന്ന വയനാട് ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ച് കോണ്‍ഗ്രസിനോ യുഡിഎഫിനോ ആശങ്കയില്ല. ഇവിടെ പ്രിയങ്കയുടെ ഭൂരിപക്ഷത്തെ സംബന്ധിച്ച് മാത്രമാണ് ആശങ്കയുള്ളത്. ഭൂരിപക്ഷം രാഹുലിനേക്കാള്‍ ഉയരും എന്നതാണ് പ്രതീക്ഷ. പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ കൂടുതല്‍ ലഭിക്കുമെന്നതാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷയുള്ളത്.

പാലക്കാടാണ് തലവേദന !

പാലക്കാട് ഇത്തവണ കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറാനാണ് സാധ്യത. സ്ഥാനാര്‍ഥിയെ മുന്‍കൂട്ടിയും മുന്‍വിധിയോടെയും തീരുമാനിച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്‍റെ പോക്ക്. സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള നിയമസഭാ മണ്ഡലമാണ് പാലക്കാട് എന്നത് കോണ്‍ഗ്രസ് നേതൃത്വം മറന്നുപോകുന്നു.

സി കൃഷ്ണകുമാറോ ശോഭാ സുരേന്ദ്രനോ ആണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി ആകാന്‍ സാധ്യത. കൃഷ്ണകുമാറാണ് സ്ഥാനാര്‍ഥിയെങ്കില്‍ കോണ്‍ഗ്രസ് വിയര്‍ക്കും എന്നുറപ്പ്. ശോഭാ സുരേന്ദ്രന് പാലക്കാട് പ്രതികൂല സാഹചര്യങ്ങള്‍ പലതുള്ളതിനാല്‍ കൃഷ്ണകുമാറിനെ മല്‍സരിപ്പിക്കാനാണ് സാധ്യത.

മാങ്കൂട്ടത്തിലിന്‍റെ സാധ്യത ? 

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ്  രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേരാണ് ഇവിടെ മുന്‍ എംഎല്‍എ ഷാഫി പറമ്പില്‍ മുന്നോട്ടു വച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുലിനെ അനുകൂലിക്കുന്നു. പാലക്കാട് പാര്‍ട്ടി നേതൃത്വം പക്ഷേ രാഹുലിനെ അനുകൂലിക്കുന്നില്ല.

WhatsApp Image 2024-08-16 at 9.36.01 PM

എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സംസാര ഭാഷയും ശരീര ഭാഷയും മുതല്‍ പാലക്കാടിന് പ്രിയങ്കരമായിരിക്കില്ലെന്നാണ് വിലയിരുത്തല്‍. കോട്ടയം ശൈലിയില്‍ സംസാരിക്കുന്ന ഒരാള്‍ പാലക്കാട് സ്വീകാര്യത നേടാന്‍ പ്രയാസമായിരിക്കുമെന്നതാണ് ആദ്യത്തെ പ്രതിസന്ധി.

ശരീരഭാഷയും സംസാര ഭാഷയും !

ഭാഷയിലെ പാലക്കാടന്‍, വള്ളുവനാടന്‍ സ്ലാങ്ങ് പാലക്കാട്ടൊരു നിര്‍ണായക ഘടകമാണ്. അതും പോരാഞ്ഞ് രാഹുലിന്‍റെ സംസാര ശൈലിയും ശരീര ഭാഷയും പ്രശ്നം തന്നെയാണ്. പൊതുസ്വീകാര്യത നേടാവുന്ന തരത്തിലല്ല രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശൈലി എന്നതാണ് പ്രധാന പോരായ്മ. 


ഹിന്ദു, മുസ്ലിം വോട്ടുകളില്‍ സ്വാധീനം ചെലുത്താനും അത് പോരാ. മുസ്ലീം വോട്ടുകള്‍ ഒന്നാകെ ഒപ്പം നിര്‍ത്താനും ഹിന്ദു വോട്ടുകള്‍ കൂടുതലായി സമാഹരിക്കാനും കഴിയുന്ന സ്ഥാനാര്‍ഥി ആണെങ്കില്‍ മാത്രമേ പാലക്കാട് യുഡിഎഫിന് പ്രതീക്ഷയുള്ളൂ.


'ഞാനൊരു മിടുക്കന്‍, മറ്റുള്ളവര്‍ അത്ര പോരാ..' എന്നതാണ് രാഹുലിന്‍റെ ശരീര ഭാഷയായി പരക്കെ പറയപ്പെടുന്നത്. ഇതൊക്കെകൂടി ഒരു ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിക്കുവേണ്ട യോഗ്യതകളില്‍ രാഹുലിന് പ്രതികൂലമാണ്. അങ്ങനെ വന്നാല്‍ പാലക്കാട് ഉപേക്ഷിച്ചുപോയ ഷാഫി പറമ്പിലിന്‍റെ വാക്കുമാത്രം വിശ്വസിച്ച് രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമോ എന്ന് സംശയിക്കുന്നവര്‍ ഏറെയാണ്.

മുരളി വരുമോ ? 

നിയമസഭയിലേയ്ക്ക് കെ മുരളീധരനെ മടക്കി വിളിക്കണമെന്ന വികാരം കോണ്‍ഗ്രസില്‍ ശക്തമാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉണ്ടായ തൃശൂരിലെ തോല്‍വി മുരളിയുടെ ജനപ്രീതിയില്‍ കോട്ടം തട്ടിച്ചിട്ടില്ല എന്ന് തന്നെയാണ് വിലയിരുത്തല്‍. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ മുരളീധരനെപ്പോലൊരു തല  മുതിര്‍ന്ന നേതാവു തന്നെ മല്‍സരിക്കണമെന്നാണ് ആവശ്യം.

k muraleedharan-1

എന്നാല്‍ തല്‍ക്കാലത്തേയ്ക്ക് മല്‍സരത്തിനില്ലെന്നതാണ് മുരളിയുടെ നിലപാട്. തൃശൂരിലെ തോല്‍വിയെ തുടര്‍ന്നുള്ളതാണ് മുരളിയുടെ നിലപാട്. പക്ഷേ അതൊക്കെ പാര്‍ട്ടി പറഞ്ഞാല്‍ മാറും എന്നതാണ് വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കുള്ള കെപിസിസിയുടെ പാലക്കാടിന്‍റെ ചുമതല മുരളീധരനാണ്. വളരെ സജീവമായിത്തന്നെ അദ്ദേഹം അതില്‍ ഇടപെടുന്നുമുണ്ട്.

വോട്ട് ബാങ്കാണ് പ്രധാനം !

ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ശക്തിയുള്ള സ്ഥാനാര്‍ഥിയെയാണ്  പാലക്കാട് കോണ്‍ഗ്രസ് പരിഗണിക്കുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠനും ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാറും തമ്മില്‍ പാലക്കാട് മണ്ഡലത്തിലുള്ള വോട്ട് വ്യത്യാസം ഒന്‍പതിനായിരം മാത്രമാണ്. അതേസമയം സിപിഎമ്മും കോണ്‍ഗ്രസുമായുള്ള വ്യത്യാസം 18000 വും.

WhatsApp Image 2024-08-16 at 9.36.01 PM (1)

അതിനാല്‍ പാലക്കാട് മല്‍സരം കോണ്‍ഗ്രസും ബിജെപിയുമായിട്ടായിരിക്കും. രാഹുല്‍ മാങ്കൂട്ടം സ്ഥാനാര്‍ഥിയാകുകയും ഇടതുപക്ഷം ഒരു ന്യൂനപക്ഷ സമുദായാംഗത്തെ ഇവിടെ മല്‍സരിപ്പിക്കുകയും ചെയ്താല്‍ വിജയം ബിജെപിക്കായിരിക്കും എന്നതില്‍ പാലക്കാട്ടെ രാഷ്ട്രീയം അറിയുന്നവര്‍ക്ക് തര്‍ക്കം ഉണ്ടാകില്ല.

ഇടതുപക്ഷത്തിന് പാലക്കാട് ബിജെപി ജയിക്കുന്നതിനേക്കാള്‍ താല്‍പര്യം കോണ്‍ഗ്രസ് തോല്‍ക്കുക എന്നതാണ്. കാരണം ഉപതെരെഞ്ഞെടുപ്പുകളില്‍ കൂടി കോണ്‍ഗ്രസ് വിജയം ആവര്‍ത്തിച്ചാല്‍ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള ട്രെന്‍ഡ് സെറ്റാകും എന്നവര്‍ക്ക് അറിയാം.

മുരളിയെ അനുനയിപ്പിക്കുക പ്രധാനം !

കോണ്‍ഗ്രസിനെ സംബന്ധിച്ച് കെ. മുരളീധരനെ അനുനയിപ്പിക്കുക എന്നതാണ് പ്രധാന പ്രതിസന്ധി. വയനാട്ടില്‍ പ്രിയങ്കയും പാലക്കാട് കെ മുരളീധരനും മല്‍സരിച്ചാല്‍ ചേലക്കരയില്‍ രമ്യ ഹരിദാസിനും അനായാസ വിജയം നേടാം.

വയനാട്ടില്‍ പ്രിയങ്കയുടെ സാന്നിധ്യം ഉണ്ടെങ്കില്‍ പോലും പാലക്കാട് ബിജെപിയുടെയും സി കൃഷ്ണകുമാറിന്‍റെയും പ്രാമുഖ്യം കോണ്‍ഗ്രസിന് കാണാതെ പോകാനാവില്ല. പാലക്കാട്ടെ മല്‍സരത്തെ കുട്ടിക്കളിയായി കാണരുതെന്നാണ് നേതാക്കള്‍ക്കുള്ള ജില്ലയിലെ പാര്‍ട്ടിയുടെ ഉപദേശം.

ചേല .. ക്കര കയറുമോ ? 

മൂന്ന് പതിറ്റാണ്ട് കാലമായി ചേലക്കര കോണ്‍ഗ്രസിന് ബാലികേറാമലയാണ്. 1996 -ല്‍ കെ രാധാകൃഷ്ണന്‍ ഇവിടെനിന്ന് വിജയിച്ച ശേഷം കോണ്‍ഗ്രസിന് ചേലക്കരയില്‍ കാലുകുത്തേണ്ടി വന്നിട്ടില്ല. 1997 -ല്‍ വിജയിച്ച എംപി താമിയാണ് ചേലക്കരയിലെ അവസാനത്തെ കോണ്‍ഗ്രസ് എംഎല്‍എ.

അതിനു മുമ്പ് എംഎ കുട്ടപ്പനും കെ.കെ ബാലകൃഷ്ണനും പി കുഞ്ഞനുമൊക്കെ വിജയിച്ച മണ്ഡലം. ഇടയ്ക്കു 1982 -ല്‍ സിപിഎമ്മിന്‍റെ സികെ ചക്രപാണി വിജയിച്ചതൊഴിച്ചാല്‍ മണ്ഡലം രൂപീകൃതമായ 1967 മുതല്‍ 96 വരെ കോണ്‍ഗ്രസിന്‍റെ കുത്തകയായിരുന്നു ചേലക്കര.

പാര്‍ട്ടിയെ അനുസരിച്ചാല്‍ രമ്യയ്ക്ക് വിജയം !

അടിസ്ഥാനപരമായി കോണ്‍ഗ്രസിന് അടിത്തറയുള്ള മണ്ഡലമാണ് ചേലക്കര. അവിടെ ഇത്തവണ കെ രാധാകൃഷ്ണനു പകരം മറ്റൊരാള്‍ സ്ഥാനാര്‍ഥിയാകുകയാണ്. അത് ചിലപ്പോള്‍ മുന്‍ എംഎല്‍എ യുആര്‍ പ്രദീപ് അല്ലെങ്കില്‍ മറ്റൊരാള്‍ ആകാം. വനിത ആണെങ്കില്‍ ഡോ. പികെ ജമീല (എകെ ബാലന്‍റെ ഭാര്യ)യ്ക്ക് സാധ്യതയുണ്ട്.

കാലങ്ങളായി കൈവശം ഇരിക്കുന്ന ചേലക്കര കൈവിട്ടാല്‍ അതിന്‍റെ അപകടം സിപിഎമ്മിന് നന്നായറിയാം. അവിടെ നിന്നു ജയിച്ചു മന്ത്രിയായ ആളെ ലോക്സഭയിലേയ്ക്ക് പറഞ്ഞുവിട്ടിട്ട് മണ്ഡലം യു ഡി എഫിന് വിട്ടുകൊടുത്താല്‍ ഉണ്ടാകുന്ന തിരിച്ചടി കഠിനമാകും എന്ന് ഇടതുപക്ഷത്തിനറിയാം.  

വിജയം രമ്യയ്ക്ക് തീരുമാനിക്കാം ! 

ആലത്തൂര്‍ സീറ്റ് കഴിഞ്ഞ തവണ സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്ത രമ്യ ഹരിദാസിന് മണ്ഡലം പരിചിതമാണ്. ബന്ധങ്ങള്‍ക്കും കുറവില്ല. ചെളക്കരയില്‍ ഇന്നത്തെ നിലയില്‍ കോണ്‍ഗ്രസിന് അവതരിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥി ആണ് രമ്യ. ഇനിയെങ്കിലും പാര്‍ട്ടിയും നേതൃത്വവും പറയുന്നത് അനുസരിക്കാന്‍ രമ്യ തയ്യാറായാല്‍ ചേലക്കരയില്‍ വിജയം അസാധ്യമായിരിക്കില്ല. 

മാറ്റി നിര്‍ത്തേണ്ടവരെ മാറ്റി നിര്‍ത്താനും രമ്യ തയ്യാറാകണം. പഴയ നിഴലുകള്‍ വീണ്ടും പിന്തുടര്‍ന്നാല്‍ ഫലം തിരിച്ചാകും. ന്യൂനപക്ഷത്തെ പിണക്കിയ പഴയ ചില 'പിന്തുണ' നിലപാടുകളും മാറ്റണം. അതല്ലെങ്കില്‍ ഇത്തവണ ആലത്തൂരില്‍ സംഭവിച്ചത് ചേലക്കരയിലും ആവര്‍ത്തിക്കും. 

Advertisment