അഗളി: അഗളി മേഖലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പുതുർ വില്ലേജിൽ എടവാണി ഊരിൽ നിന്നും ഉദ്ദേശം മൂന്നര കിലോമീറ്റർ വടക്കുമാറി ഏണിക്കൽ - കിണ്ണക്കര മല ഇടുക്കിൽനിന്നായി 123 തടങ്ങളിലായി 4 മാസം പ്രായമുള്ള 7 മുതൽ 10 അടിയോളം ഉയരം ഉള്ള 395 കഞ്ചാവ് ചെടികൾ കണ്ടെത്തി. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. വിപണിയിൽ ഏകദേശം 10 ലക്ഷത്തോളം മൂല്യമുള്ളതാണ് ഈ ചെടികൾ.
എക്സൈസ് ഇൻസ്പെക്ടർ ഷൗക്കത്തലിയുടെ നേതൃത്വത്തിൽ നടന്ന റൈഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുമേഷ് പി എസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എന്‍ നന്ദകുമാർ, രാജേഷ് കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ആയ പ്രമോദ്, പ്രസാദ്, ആനന്ദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ചന്ദ്രകുമാർ, സുധീഷ് കുമാർ, രജീഷ്, അനൂപ്, ദിലീപ്, നിഥുൻ സിഇഒ drvr സാനി, ഫോറെസ്റ്റ് ഓഫീസര്‍മാരായ അനു, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ഒരു മാസക്കാലമായി മേൽപ്പടി പ്രദേശങ്ങൾ എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു. തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഇന്ന് പുലർച്ചെ വനം വകുപ്പിന്റെ കൂടി സഹായത്തോടെ ആരംഭിച്ച റൈഡിൽ 395 കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. ഇവ 123 തടങ്ങളിലായി ആണ് ഉണ്ടായിരുന്നത്.
സംഭവമായി ബന്ധപ്പെട്ട അഗളി എക്സൈസ് റേഞ്ച് ഓഫീസില്‍ എന്‍ഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയായി തത്സമയം ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ മാസവും അഗളി റേഞ്ച് പരിധിയിൽ നിന്നും 604 കഞ്ചാവ് ചെടികൾ കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ടി കേസിൽ അന്വേഷണം ഊർജിതമാക്കുമെന്നും സമാന കേസുകളിൽ ഉൾപ്പെട്ടവരെ നിരീക്ഷിച്ച് വരുകയാണെന്നും കൂടുതൽ പ്രദേശങ്ങളിൽ സമാനരീതിയിലുള്ള പരിശോധനകൾ വരും ദിവസങ്ങളിൽ ഉണ്ടാകും എന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി റോബർട്ട് അറിയിച്ചു.
ഓണം സ്പെഷ്യൽ ഡ്രൈവ് നടന്നു വരികയാണെന്നും മറ്റു വകുപ്പുകളുടെ കൂടി സഹായത്തോടെ പരിശോധനകൾ ശക്തിപ്പെടുത്തുമെന്നും അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എം സൂരജ് അറിയിച്ചു.