/sathyam/media/media_files/2024/10/16/gBHu4KpCAVbFMjJnTEXM.jpg)
പാലക്കാട്: പാര്‍ട്ടിയിലൂടെ പദവികളിലെത്തുന്നവര്‍ പിന്നെ പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കി തങ്ങളുടെ പദവികളില്‍ പിന്‍ഗാമികളെ നിശ്ചയിക്കുന്ന ഏര്‍പ്പാടിനെതിരെയാണ് യുവ കോണ്‍ഗ്രസ് നേതാവ് ഡോ. പി. സരിന്‍ ഇന്ന് രംഗത്ത് വന്നത്.
കോണ്‍ഗ്രസില്‍ 'ഞാനും ഞാനുമെന്‍റാളും..' ഏര്‍പ്പാട് പാടില്ലെന്ന് പറഞ്ഞ സരിന്‍ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഉടനീളം അച്ചടക്കത്തിന്‍റെ അതിര്‍വരമ്പുകളില്‍ കയറി നിന്നാണ് പ്രതികരിച്ചത്.
സരിന്‍റെ വാര്‍ത്താ സമ്മേളനത്തെ അച്ചടക്ക ലംഘനമായി കാണണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിക്ക് അങ്ങനെയാകാം, അതല്ല, ഒരു വൈകാരിക പ്രകടനമായി കണ്ട് അവഗണിക്കാനാണെങ്കില്‍ അങ്ങനെയുമാകാം. രണ്ടിനും സാഹചര്യമൊരുക്കിയായിരുന്നു സരിന്‍റെ നീക്കം.
രാഹുല്‍ മാങ്കൂട്ടത്തിലിനേപ്പോലെ ഇന്നലെ കിളിര്‍ത്ത തകരകളെ തുടര്‍ച്ചയായി പിടിച്ചുകൊണ്ടുവന്നു പദവികളില്‍ പ്രതിഷ്ഠിക്കുന്നതിനെതിരെയായിരുന്നു സരിന്‍റെ വാക്കുകള്‍.
ഷാഫി പറമ്പില്‍ ഒഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ ഷാഫിയുടെ നോമിനിയായാണ് രാഹുല്‍ വരുന്നത്. ഒടുവില്‍ വടകരയില്‍ മല്‍സരിക്കുന്നതിനായി ഷാഫി ഒഴിവായ പാലക്കാട് സീറ്റിലേയ്ക്കും രാഹുല്‍ മാങ്കൂട്ടത്തിലിനായി ഷാഫി വാശി പിടിച്ചു.
കെ മുരളീധരന്‍, വി.ടി ബലറാം, ഡോ. പി സരിന്‍ തുടങ്ങിയ സാധ്യതകളെ പിന്തള്ളിയാണ് രാഹുലിന്‍റെ അരങ്ങേറ്റം. യോഗ്യതകളുണ്ടെന്ന് കരുതുന്നവര്‍ക്ക് തോന്നുന്ന ഒരു സ്വാഭാവിക പ്രതികരണമാണത്. ഇക്കാര്യത്തില്‍ ഡോ. സരിന് മാത്രമല്ല, ജില്ലയിലെ ഒട്ടുമിക്ക നേതാക്കള്‍ക്കും കടുത്ത വിയോജിപ്പാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല
എംബിബിഎസും ഐഎഎസും നേടി ഡെപ്യൂട്ടി അക്കൗണ്ടന്‍റ് ജനറലായിരിക്കെയാണ് സിവില്‍ സര്‍വ്വീസ് രാജിവച്ച് സരിന്‍ കോണ്‍ഗ്രസിനെ വിശ്വസിച്ച് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത്. അതിനിടയില്‍ കിട്ടിയ അവസരമാണ് ഒറ്റപ്പാലത്ത് നിയമസഭയിലേയ്ക്ക് മല്‍സരിക്കാന്‍ ലഭിച്ചത്. സിപിഎം കോട്ടയില്‍ പക്ഷേ പരാജയമായിരുന്നു ഫലം. പിന്നെ സോഷ്യല്‍ മീഡിയയുടെ ചുമതല നല്‍കി.
മുപ്പത്തി മൂന്നാം വയസില്‍ ഐഎഎസ് രാജിവച്ചുവന്ന യുവാവിനെ സംരക്ഷിക്കാനും സുരക്ഷിതമാക്കാനും രാഷ്ട്രീയ പരിപാലനം നല്‍കാനുമുള്ള ബാധ്യത പാര്‍ട്ടി നിറവേറ്റിയിട്ടില്ലെന്ന് പറഞ്ഞാല്‍ തെറ്റാകില്ല.
രാഷ്ട്രിയത്തിലേയ്ക്ക് വിവരവും വിദ്യാഭ്യാസവുമുള്ള ആളുകള്‍ കടന്നുവരാന്‍ മടിക്കുന്ന കാലത്താണ് സരിന്‍ ഇത് ചെയ്തതെന്ന് കോണ്‍ഗ്രസ് മറന്നു. അങ്ങനെയെങ്കില്‍ തക്കസമയത്തെ മര്‍മ്മം നോക്കിയുള്ള ഒരു ഓര്‍പ്പെടുത്തലായിരുന്നു സരിന്‍ ഇന്ന് നടത്തിയിരിക്കുന്നത്.
മുമ്പൊരിക്കലും പാര്‍ട്ടി മാന്യതകളുടെ അതിരുകള്‍ ലംഘിച്ചിട്ടില്ലാത്ത നേതാവാണ് സരിന്‍.
രാഹുല്‍ മാങ്കൂട്ടത്തിലിനെയും ഡോ. സരിനെയും ഒരു ത്രാസില്‍ അപ്പുറം ഇപ്പുറം ഇരുത്തിയാല്‍ രാഹുലിന്‍റെ തല മേല്‍ക്കൂരയില്‍ ഇടിക്കും. എന്നിട്ടും അവഗണനയാണെങ്കില്‍ അയാള്‍ ചോദിക്കുന്നതിനും കാര്യമില്ലേ.