/sathyam/media/media_files/2024/10/16/2EansGl7yyiCZTIhIXgO.jpg)
പാലക്കാട്: സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുക പതിവാണ്. അതില്ലെങ്കിലേ കോണ്‍ഗ്രസില്‍ എന്തോ തകരാറ് ഉണ്ടെന്ന് സംശയിക്കേണ്ടതുള്ളു. പ്രതികരണ ശേഷി നേതാക്കളുടെ കരുത്താണ് കോണ്‍ഗ്രസില്‍.
പാലക്കാട്ടെ നിയമസഭാ സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി ഡിജിറ്റല്‍ മീഡിയ ഹെഡ് ഡോ. പി സരിന്‍ ഇന്ന് ഉയര്‍ത്തിയിട്ടുള്ള വിവാദങ്ങള്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ ജയസാധ്യതയെ തെല്ലും ബാധിക്കുമെന്ന് കരുതുക വയ്യ. കാരണം, അതിനേക്കാള്‍ പല മടങ്ങാണ് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങള്‍. ആ വിഷയങ്ങള്‍ക്കാണ് ഗൗരവം ഉള്ളത്.
ഡോ. സരിന്‍ കോണ്‍ഗ്രസ് വിടില്ലെന്ന് ഏതാണ്ടുറപ്പാണ്. അഥവാ അങ്ങനെ വിട്ടാലും സരിന്‍ എത്തിപ്പെടുക സിപിഎമ്മിലായിരിക്കും. അല്ലാതെ ബിജെപിയിലായിരിക്കില്ല. ഒറ്റപ്പാലം സിപിഎമ്മിന്‍റെ ഉറച്ച കോട്ടയാണ്. സിപിഎമ്മില്‍ ചേര്‍ന്നാല്‍ ആ മണ്ഡലം സരിനുറപ്പാണ്. ഒറ്റപ്പാലത്ത് സിപിഎം സ്ഥാനാര്‍ഥിയുടെ വിജയത്തെക്കുറിച്ച് ആശങ്കയേ വേണ്ട.
അങ്ങനൊരു കോണ്‍ഗ്രസുകാരന്‍ കലഹം ഉണ്ടാക്കുകയും പാര്‍ട്ടി വിടുകയും അപ്പുറത്ത് എതിരായി മല്‍സരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തില്‍ മാത്രമായിരിക്കും ഇന്നവരെയുള്ള ചരിത്രത്തില്‍ കോണ്‍ഗ്രസുകാര്‍ മറ്റെല്ലാം മറന്ന് സ്വന്തം സ്ഥാനാര്‍ഥിക്കുവേണ്ടി ഒത്തൊരുമിക്കുക. അവിടെ അവര്‍ക്ക് പിന്നെ ഗ്രൂപ്പുണ്ടാകില്ല.
അങ്ങനെയെങ്കില്‍ സരിന്‍ സിപിഎം സ്ഥാനാര്‍ഥി ആയാലും രാഹുല്‍ മാങ്കൂട്ടത്തിലിന് ഭയപ്പെടാനില്ല. ഒരിക്കലും കിട്ടില്ലെന്നുറപ്പുള്ള കോണ്‍ഗ്രസ് വോട്ടുകള്‍ രാഹുലിന്‍റെ പെട്ടിയില്‍ വീഴും.
ഇനി സരിന്‍ തന്നെ ഇടതു സ്ഥാനാര്‍ഥി ആയാലും പാലക്കാട് സിപിഎം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തുതന്നെ തുടരുകയും ചെയ്യും. കാരണം ഇവിടെ രണ്ടാം സ്ഥാനത്ത് എത്താറുള്ള ബിജെപി സ്ഥാനാര്‍ഥികളേക്കാള്‍ ഏറെ പിന്നിലാണ് ഇടതുപക്ഷം.
പ്രിയങ്ക തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ കന്നി അങ്കത്തിനായി വയനാട് മല്‍സരിക്കുന്നതിന്‍റെ അലയടികള്‍ ഇത്തവണ പാലക്കാടും ചേലക്കരയും കോണ്‍ഗ്രസിന് ഗുണം ചെയ്യും. പ്രിയങ്ക ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രചരണത്തിനായി നിയമസഭാ മണ്ഡലങ്ങളിലും എത്തും.
സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന ആരോപണങ്ങളും പ്രതിസന്ധികളും അവര്‍ക്ക് സൃഷ്ടിക്കുന്ന നഷ്ടം ഇത്തവണയും ചെറുതല്ല. ഒന്നിനു പിന്നാലെ ഒന്നായി വിവാദങ്ങള്‍. പുറത്തുപോയ അന്‍വറും അകത്തുള്ള ദിവ്യയും വരെ വോട്ട് ചോര്‍ത്തും.
ഇടതുപക്ഷത്തിന്‍റെ സംഘടനാ കെട്ടുറപ്പ് അല്ലാതെ മറ്റൊന്നും അവര്‍ക്ക് പ്ലസ് ഇല്ല. അതിനാല്‍ പാലക്കാട് ഉള്‍പ്പെടെ യുഡിഎഫിന് ആശങ്കയ്ക്ക് വകയില്ല. അവിടെ സ്ഥാനാര്‍ഥികളുടെ മികവിനോ കുറവിനോ കാര്യമായ റോളില്ല.