/sathyam/media/media_files/2024/10/16/WF8A8oYxfX5JE54rARJT.jpg)
പാലക്കാട്: പരസ്യമായി അധിക്ഷേപിച്ച് എഡിഎം നവീന്‍ ബാബുവിനെ ആത്മഹത്യയിലേയ്ക്ക് നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയെ കയ്യൊഴിയാന്‍ സിപിഎം.
ആദ്യ ഘട്ടത്തില്‍ ദിവ്യയ്ക്ക് സുരക്ഷാ കവചം ഒരുക്കാനിറങ്ങിയ സിപിഎമ്മിന് പക്ഷെ, മണിക്കൂറുകള്‍ പിന്നിടും തോറും ദിവ്യയ്ക്കെതിരെ ജനരോഷം ഉയര്‍ന്നതോടെ ഇവരെ കയ്യൊഴിയാന്‍ പാര്‍ട്ടി നിര്‍ബന്ധിതരാവുകയായിരുന്നു. ഇതോടെ ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ഒഴിയേണ്ടിവരും എന്നാണ് സൂചന.
നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നും അതില്‍മേല്‍ പരാതികള്‍ ഉണ്ടായിരുന്നുവെന്നുമുള്ള ദിവ്യയുടെയും കൂട്ടാളിയായ പ്രശാന്തന്‍റെയും വാദങ്ങള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. മാത്രമല്ല, നവീന്‍ ബാബു അഴിമതിരഹിതനായ സത്യസന്ധനായിരുന്ന സമര്‍ത്ഥനായ ഉദ്യോഗസ്ഥനായിരുന്നുവെന്നതിന് ദിവ്യയുടെ സ്വന്തം സര്‍ക്കാര്‍ രേഖ തന്നെ സാക്ഷ്യം വഹിക്കുന്നു.
നവീന്‍ ബാബുവിന്‍റെ സഹപ്രവര്‍ത്തകരും മുന്‍ സഹപ്രവര്‍ത്തകരും ഏതെങ്കിലും ഘട്ടത്തില്‍ ഇദ്ദേഹത്തെ സമീപിച്ചിട്ടുള്ളവരും അതിന് അടിവരയിടുന്ന സാക്ഷ്യങ്ങളാണ് നല്‍കുന്നതും.
നിലവിലെ സാഹചര്യത്തില്‍ പൊതുസമൂഹം 'മൃഗതുല്യം' കാണുന്ന പി.പി ദിവ്യയും വ്യാജ പരാതിക്കാരന്‍ പ്രശാന്തനും അല്ലാതെ മൂന്നാമതൊരാള്‍കൂടി അദ്ദേഹത്തെ അഴിമതിക്കാരനായി കാണുന്നില്ല.
ഇതോടെ ഇനിയും ദിവ്യയെ സംരക്ഷിക്കാനിറങ്ങിയാല്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും അണികള്‍ എതിരാകുമെന്ന തിരിച്ചറിവാണ് ദിവ്യയ്ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താന്‍ പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കിയത്.
സംഭവത്തില്‍ സിപിഎമ്മിന്‍റെ പത്തനംതിട്ട ജില്ലാ ഘടകം ഒന്നാകെ ദിവ്യയ്ക്കെതിരായ നിലപാട് സ്വീകരിച്ചു. ഈ സാഹചര്യത്തിലാണ് 10 വര്‍ഷത്തെ തടവ് ലഭിക്കാവുന്ന വിധം വകുപ്പുകള്‍ ഉള്‍പ്പെടുത്തി ദിവ്യയ്ക്കെതിരെ കേസെടുത്തത്.
ധാര്‍ഷ്ഠ്യത്തിന്‍റെയും അഹങ്കാരത്തിന്‍റെയും മൂര്‍ത്തീഭാവമായി തനിക്ക് ക്ഷണമില്ലാത്ത ഒരു യാത്രയയപ്പ് യോഗത്തിലേയ്ക്ക് കടന്നുചെന്ന് സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെതിരെ കള്ളത്തരങ്ങള്‍ വിളിച്ചുപറഞ്ഞ ദിവ്യയ്ക്കെതിരെ കണ്ണൂരില്‍ തന്നെ വന്‍ ജനരോഷമാണ് ഉയരുന്നത്.
കൈക്കൂലി, പരാതി, വിജിലന്‍സ് അന്വേഷണം - എന്നീ ആടിനെ പട്ടിയാക്കുന്ന ദിവ്യയുടെ ആരോപണങ്ങളൊന്നും സ്വന്തം സഖാക്കള്‍പോലും വിശ്വാസത്തിലെടുത്തില്ല. ഇതോടെ അഹങ്കാരത്തിനും ധാര്‍ഷ്ഠ്യത്തിനും കടിഞ്ഞാണിട്ട് ദിവ്യയ്ക്ക് ഇനി നിയമത്തിന് വഴങ്ങേണ്ടിവരും.
കണ്ണൂര്‍ ടൗണ്‍ പോലീസിന്‍റെ എഫ്ഐആറും നിയമനടപടികളും ഈ ഘട്ടത്തില്‍ നിയമത്തിന്‍റെ വഴിക്കുതന്നെയാണ് പോകുന്നത്. കാലം മാറിയതറിയാതെ പഴയ അടവുകളും കൈയ്യൂക്കുമായി നടക്കുന്ന സഖാക്കള്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് ഈ ജനരോഷം.