/sathyam/media/media_files/2024/10/18/cpm-palakkad-4.jpg)
പാലക്കാട്: കോൺഗ്രസ് വിമതൻ ഡോ. പി സരിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതിലൂടെ ഉപതിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ച വെക്കാമെന്ന ആത്മവിശ്വാസത്തിൽ സിപിഎം. ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ അവതരിപ്പിക്കാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് ഡോ. പി സരിൻ എന്നാണ് സിപിഎം നേതാക്കളുടെ വിലയിരുത്തൽ.
സിറ്റിംഗ് സീറ്റിൽ ആവേശത്തോടെ മത്സരിക്കാൻ ഇറങ്ങിയ കോൺഗ്രസിനെ ദുർബലപ്പെടുത്താൻ സരിന്റെ വരവിന് കഴിഞ്ഞു എന്നാണ് നേതാക്കളുടെ വിശ്വാസം. ഒറ്റക്കെട്ടായി സ്ഥാനാർത്ഥിയെ അവതരിപ്പിച്ചു എന്ന കോൺഗ്രസിന്റെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കാൻ സരിന്റെ രണ്ട് പത്രസമ്മേളനങ്ങളിലൂടെ കഴിഞ്ഞുവന്നും സിപിഎം വിലയിരുത്തുന്നുണ്ട്.
യുഡിഎഫിനെ മുന്നിൽനിന്ന് നയിക്കുന്ന പ്രതിപക്ഷ നേതാവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതും രാഷ്ട്രീയ ബലാബലത്തിന് ഊർജ്ജം പകരുമെന്നാണ് കണക്കുകൂട്ടൽ. ചേലക്കര സീറ്റ് നിലനിർത്തുന്നതിനായി പാലക്കാട് ബിജെപിയുമായി സിപിഎമ്മിന് ധാരണയുണ്ട് എന്ന പി.വി അൻവറിന്റെ ആരോപണത്തിന് തടയിടാൻ സരിൻ പ്രതിപക്ഷ നേതാവിനെതിരെ തൊടുത്ത ആരോപണങ്ങളിലൂടെ കഴിഞ്ഞു എന്നാണ് സിപിഎം കരുതുന്നത്.
/sathyam/media/media_files/2024/10/18/4nVErIbpK9FsElbvohAo.jpg)
പ്രതിപക്ഷ നേതാവ് വിഡി സതീശന് ബിജെപിയോട് മൃദു സമീപനമാണ് എന്നാണ് പി സരിൻ ആരോപിച്ചത്. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു എന്ന് ചൂണ്ടിക്കാട്ടി നേരത്തെ തന്നെ സതീശനെതിരെ ബിജെപി ബന്ധം ആരോപിക്കുന്ന സിപിഎമ്മിന് വീണുകിട്ടിയ വജ്രായുധമാണ് സരിന്റെ ആക്ഷേപം.
സർക്കാരിനെതിരെ രൂക്ഷമായ പ്രതികരണങ്ങൾ നടത്തുന്ന സതീശനെ പൂട്ടാൻ ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്. എന്നാൽ സീറ്റ് കിട്ടാതെ വന്നപ്പോൾ കോൺഗ്രസ് പാളയം വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയ സരിന്റെ ആക്ഷേപങ്ങൾക്ക് സമൂഹത്തിൽ എത്രമാത്രം വിശ്വാസ്യത കിട്ടുമെന്ന് കണ്ടു തന്നെ അറിയണം.
സരിൻ മുൻകാലത്ത് മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അടക്കം നടത്തിയ വിമർശനങ്ങളും ആരോപണങ്ങളും തിരിഞ്ഞു കൊത്തുമോ എന്ന് സംശയിക്കുന്നവരും സിപിഎമ്മിൽ ഉണ്ട്.
/sathyam/media/media_files/2024/10/18/cpm-palakkad-3.jpg)
ഇപ്പോൾതന്നെ സരിന്റെ പഴയ എഫ് ബി പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകളും മറ്റും കോൺഗ്രസ് യുഡിഎഫ് പ്രവർത്തകർ പ്രചരണ ആയുധമാക്കുന്നുണ്ട്. അവസരവാദ രാഷ്ട്രീയത്തിന്റെ വക്താവാണ് പി സരിൻ എന്നാണ് കോൺഗ്രസ് നേതാക്കളുടെ വിമർശനം. എങ്കിലും മതന്യൂന പക്ഷങ്ങളുടെ വോട്ടുകൾ നിർണായകമായ പാലക്കാട് മണ്ഡലത്തിൽ സരിൻ ഉന്നയിച്ച ആക്ഷേപങ്ങൾ ചലനം സൃഷ്ടിക്കും എന്ന പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം.
പത്തനംതിട്ട ജില്ലക്കാരനായ രാഹുൽ മങ്കുട്ടത്തിലിനെ പാലക്കാട് കൊണ്ടുവന്ന് മത്സരിപ്പിക്കുന്നതിനെതിരെ കോൺഗ്രസിലെ മറ്റ് നേതാക്കൾക്കും അതൃപ്തി ഉണ്ട്. ഇതും ഇടതുമുന്നണിക്ക് അനുകൂലമാക്കി എടുക്കാൻ കഴിയുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
പാർട്ടി സ്ഥാനാർത്ഥിയെ അവതരിപ്പിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ മൂന്നാം സ്ഥാനത്തുനിന്ന് കരകയറാൻ കഴിയുമോ എന്ന് സംശയമായിരുന്നു. അതുകൊണ്ട് സരിനെ ഒപ്പം കൂട്ടാൻ ആയത് നേട്ടം ആണെന്ന വിശ്വാസത്തിലാണ് സിപിഎം നേതാക്കളുടെ പോക്ക്.
/sathyam/media/media_files/2024/10/18/cpm-palakkad.jpg)
മണ്ഡലത്തിലെത്തിയ രാഹുൽ മങ്കൂട്ടത്തിലിന് യുഡിഎഫ് പ്രവർത്തകർ നൽകിയ ആവേശകരമായ സ്വീകരണത്തിന് മറുപടി നൽകാനും സിപിഎം ഒരുങ്ങുകയാണ്. ഇടത് മുന്നണിയിലേക്ക് എത്തിയ പി സരിന് നാളെ എൽഡിഎഫ് പ്രവർത്തകർ പാലക്കാട് വമ്പൻ സ്വീകരണം ഒരുക്കും. യുഡിഎഫിന്‍റെ റോഡ് ഷോയുടെ മാതൃകയിൽ വലിയ പ്രവർത്തക പങ്കാളിത്തത്തോടെ റോഡ് ഷോയും പ്ലാൻ ചെയ്യുന്നുണ്ട്.
നഗര മണ്ഡലമായ പാലക്കാട്ട് രാഷ്ട്രീയ ആഭിമുഖ്യമില്ലാത്ത വോട്ടർമാർ നിരവധിയുണ്ട്. വിദ്യാസമ്പന്നനും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ സരിന് ഇത്തരം വോട്ടുകൾ ആകർഷിക്കാൻ കഴിയുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു.
എന്നാൽ സീറ്റ് മോഹിച്ചാണ് സരിൻ സിപിഎമ്മിലേക്ക് കാലു മാറിയതെന്ന എതിരാളികളുടെ വിമർശനത്തെ എങ്ങനെ നേരിടും എന്നതാണ് ഇടത് മുന്നണിയുടെ മുന്നിലുള്ള വെല്ലുവിളി.
സ്ഥാനാർത്ഥിയായി ഔദ്യോഗികമായി തീരുമാനിച്ചതോടെ സരിൻ ഇന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി. ഉച്ചക്ക് 1 മണിയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ സരിനു വൻ വരവേൽപ്പാണ് പ്രവർത്തകർ നൽകിയത്.
/sathyam/media/media_files/2024/10/18/cpm-palakkad-2.jpg)
ഇടത് പ്രവർത്തകർക്ക് ആവേശം നൽകുന്ന പ്രതികരണങ്ങൾ നടത്തി സരിനും പാർട്ടി ഓഫീസിലേക്കുളള ആദ്യ വരവ് കൊഴുപ്പിച്ചു. ബിജെപിയെ ജയിപ്പിക്കാമെന്ന് ആരെങ്കിലും വാക്കു കൊടുത്തെങ്കിൽ നടക്കില്ലെന്നും ഷാഫി പറമ്പിൽ വടകരയിലേക്ക് മാറിയത് അഡ്ജസ്റ്റ്മെൻ്റ് ആണോയെന്നും സരിൻ തുറന്നടിച്ചു.
ആദ്യമായി പാർട്ടി ഓഫീസിലെത്തിയ സരിനെ മുദ്രാവാക്യം വിളികളോടും കരഘോഷത്തോടുമാണ് പ്രവർത്തകർ സ്വീകരിച്ചത്. മുതിർന്ന നേതാവ് എ.കെ ബാലൻ ചുവന്ന ഷാൾ അണിയിച്ചു. ഇതോടെ പി സരിൻ സഖാവ് സരിനായി മാറി. രാഷ്ട്രീയമായി അനാഥത്വം നേരിടേണ്ടയാളല്ല താൻ എന്നതിന്റെ ബോധ്യപ്പെടുത്തലാണ് സിപിഎം ഓഫീസിൽ ലഭിച്ച വരവേൽപ്പെന്ന് സരിൻ പ്രതികരിച്ചു.
ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ എത്തിയ സരിനെ, പ്രവർത്തകർ ബുള്ളറ്റിൽ കയറ്റിയാണ് പാലക്കാട്ടെ സിപിഎം പ്രവർത്തകർ വീട്ടിലേക്ക് വിട്ടത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ഉൾപ്പെടെയുള്ളവരും സരിനെ സ്വീകരിക്കാൻഎത്തിയിരുന്നു.
2016 മുതൽ തുടർച്ചയായി മൂന്നാം സ്ഥാനത്ത് പോകുന്ന പാലക്കാട് മണ്ഡലത്തിൽ പി സരിൻ സ്ഥാനാർത്ഥിയായതോടെ ശക്തമായ തിരിച്ചുവരവ് നടത്താൻ കഴിയും എന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us