/sathyam/media/media_files/2024/10/23/leeQiv7NLigRohAUaLap.jpg)
പാലക്കാട്: സ്ഥാനാർത്ഥിത്വം സംബന്ധിച്ച് മുതിർന്ന നേതാക്കൾക്ക് ഇടയിലുണ്ടായ തർക്കം ഉപതിരഞ്ഞെടുപ്പിലെ സാധ്യതകളെ സ്വാധീനിക്കുമോ എന്ന ആശങ്കയിൽ ബി.ജെ.പി.
മണ്ഡലം കമ്മിറ്റിയിൽ നിന്ന് ശോഭാ സുരേന്ദ്രൻ അനുകൂലികൾ വിട്ടു നിന്നതും സ്ഥാനാർത്ഥിയുടെ ആദ്യ റോഡ് ഷോയിൽ പ്രതീക്ഷിച്ച പങ്കാളിത്തം ഉണ്ടാകാത്തതുമാണ് ആശങ്ക വിതച്ചിരിക്കുന്നത്. റോഡ് ഷോയിൽ പാർട്ടി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ കൗൺസിലർമാർ പോലും പങ്കെടുത്തില്ല.
റോഡ് ഷോയിലെ പങ്കാളിത്ത കുറവിൽ ബി.ജെ.പി അഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. തിങ്കളാഴ്ച ചേർന്ന മണ്ഡലം കമ്മിറ്റിയിലാണ് പ്രശ്നങ്ങളുടെ ആദ്യ സൂചന കണ്ടത്. യോഗത്തിൽ പകുതി ആളുകൾ മാത്രമാണ് പങ്കെടുത്തത്.
ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങിയ ഘട്ടത്തിൽ ഉണ്ടായ ഈ നീക്കം ബോധപൂർവം ആണെന്ന് സംശയമുണ്ട്. ശോഭാ സുരേന്ദ്രന് സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അവരെ അനുകൂലിക്കുന്നവർ യോഗം ബഹിഷ്കരിച്ചതാണെന്നാണ് സംശയം.
ജില്ലയിലെ മുതിർന്ന നേതാവും ദേശീയ കൗൺസിൽ അംഗവുമായ ജി. ശിവരാജൻ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷവും ശോഭാ സുരേന്ദ്രനാണ് വിജയ സാധ്യതയുള്ള സ്ഥാനാർഥി എന്ന് പരസ്യമായി പറഞ്ഞിരുന്നു. ഇതും സ്ഥാനാർഥി നിർണയത്തിലെ അസംതൃപ്തിയുടെ പ്രതിഫലനമായിട്ടാണ് നേതൃത്വം കാണുന്നത്.
സ്ഥാനാർഥി സി. കൃഷ്ണ കുമാറിൻ്റെ റോഡ് ഷോയിലെ പങ്കാളിത്ത കുറവും പ്രതിഷേധത്തിൻ്റെ ഭാഗമെന്ന സംശയം ശക്തമാണ്. നഗരസഭയിലെ കൗൺസിലർമാർ പോലും വിട്ടു നിന്നതിനെ നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.
2500 മുതൽ 3000 ആളുകളെയാണ് റോഡ് ഷോയിലേക്ക് ബി.ജെ.പി നേതൃത്വം പ്രതീക്ഷിച്ചത്. എന്നാൽ 1200 ൽ താഴെ മാത്രമായിരുന്നു പങ്കാളിത്തം. പങ്കെടുത്ത പ്രവർത്തകരിൽ തന്നെ വലിയ ആവേശമോ ഉത്സാഹമോ പ്രകടമായില്ല.
വിജയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലത്തിലെ ഈ സ്ഥിതി ബി.ജെ.പി നേതൃത്വത്തെ വലിയ തോതിൽ അലോസരപ്പെടുത്തുന്നുണ്ട്.
മെട്രോമാൻ ഇ. ശ്രീധരൻ മത്സരിച്ച 2021 ലെ തിരഞ്ഞെടുപ്പിൽ പാലക്കാട് അരലക്ഷത്തിൽപരം വോട്ടുകൾ നേടിയാണ് ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയത്. ലോകസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ 43000 വോട്ടുകൾ ലഭിച്ചു.
ഇപ്പോഴത്തെ സ്ഥാനാർഥി സി. കൃഷ്ണകുമാർ തന്നെയായിരുന്നു ലോകസഭയിലും സ്ഥാനാർഥി. വോട്ടു വിഹിതം കുറച്ച് എങ്കിലും ഉയർത്താൻ കഴിഞ്ഞാൽ ജയിക്കാം എന്നാണ് ബി.ജെ.പിയുടെ കണക്ക്.
അതേസമയം, ഭിന്നതകൾ മറന്ന് ആർ എസ് എസ് പ്രചരണ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. പ്രചരണത്തിനൊപ്പം താഴെ തട്ടിലുള്ള വോട്ടുറപ്പിക്കൽ പ്രവർത്തനവും ആർ.എസ്.എസിനാണ്.
ബി.ജെ.പിക്ക് നിർണായകമായ വോട്ടു ബാങ്കുള്ള മണ്ഡലമാണ് പാലക്കാട്. കൽപ്പാത്തി അഗ്രഹാര മേഖലയും മൂത്താന്തറ പ്രദേശവും ബി.ജെ.പിയുടെ കുത്തകയാണ്. നഗര സഭയിലെ 5 വാർഡുകൾ വരുന്ന മൂത്താന്തറ മേഖലയിൽ അധിവസിക്കുന്ന മൂത്താൻ സമുദായത്തിലെ ബഹു ഭൂരിപക്ഷവും പാരമ്പര്യമായി തന്നെ ആർ.എസ്.എസ് അനുകൂലികളാണ്.
1956 ൽ ദക്ഷിണേന്ത്യയിൽ ആദ്യമായി ഭാരതീയ ജനസംഘത്തിന് കൗൺസിലർ ഉണ്ടായ സ്ഥലമാണ് മൂത്താൻ തറ. ഏതാണ്ട് ഇരുപതിനായിരത്തോളം വോട്ടർമാർ ഈ സമുദായത്തിലുണ്ട്. ബി.ജെ.പി സ്ഥാനാർഥി കൃഷ്ണകുമാറുമായി മൂത്താൻ സമുദായത്തിന് ഭിന്നത ഉണ്ടെന്ന് പ്രചരണമുണ്ട്.
കൃഷ്ണ കുമാറിൻ്റെ ഭാര്യയുടെ എഫ്ബി പോസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇതിൻ്റെ കാരണം. എന്നാൽ ഇതൊക്കെ പരിഹരിച്ചു എന്നാണ് ബി.ജെ.പി നേതൃത്വത്തിൻ്റെ മറുപടി. പരമ്പരാഗതമായി ആർ.എസ് എസ് അനുഭാവികളായ മൂത്താൻ സമുദായം സംഘ നേതൃത്വം പ്രചാരണ ചുമതല ഏറ്റെടുത്തതോടെ ഭിന്നത മറന്ന് സജീവമായിട്ടുണ്ട്.
എന്നാൽ ശോഭാ അനുകൂലികൾ ഉയർത്തുന്ന വെല്ലുവിളിയാണ് ബി.ജെ.പിക്ക് തലവേദന ആകുന്നത്.