പാലക്കാട്: ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം കൊട്ടിക്കയറുന്നതിനിടെ ജില്ലയിലെ പ്രധാന സി.പി.എം നേതാവും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ ശശിയുടെ വിദേശയാത്ര ചർച്ചയാകുന്നു. ജർമ്മനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്നതിനായാണ് പ്രചാരണത്തിന്റെ മൂർദ്ധന്യത്തിൽ ശശി വിദേശത്തേക്ക് പോകുന്നത്.
അച്ചടക്ക നടപടിക്ക് ശേഷം ബ്രാഞ്ചിലേക്ക് തരംതാഴ്ത്തപ്പെട്ട ശശിയെ ഇലക്ഷൻ സമയത്ത് മനപ്പൂർവം മാറ്റിനിർത്തുന്നതാണോ എന്ന് സംശയവും ഉയർന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറിയെ പീഡന പരാതിയിൽ കുടുക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് ശശിയെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയത്.
പാർട്ടി നേതൃത്വത്തിന് അനഭിമതനായ ശശിയുടെ സാന്നിധ്യം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുണം ചെയ്യില്ല എന്ന വിലയിരുത്തലിലാണ് ശശിക്ക് വിദേശയാത്രയ്ക്ക് അനുമതി നൽകിയതെന്നാണ് പാർട്ടി പ്രവർത്തകർക്കിടയിലെ സംസാരം.
/sathyam/media/media_files/2024/10/24/9sN1BS2jEyexM1Vo3hre.jpg)
പ്രചരണം കൊടുമ്പിരി കൊള്ളുന്ന നവംബർ ആദ്യവാരമാണ് പി.കെ ശശി ലണ്ടനിലേക്ക് പോകുന്നത്. നവംബർ മൂന്നിന് ലണ്ടനിൽ എത്തുന്ന ശശി 9 വരെ ലണ്ടനിൽ ഉണ്ടാകും. ലണ്ടനിൽ നടക്കുന്ന വേൾഡ് ട്രാവൽ മാർട്ടിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് കെ ടി ഡി സി ചെയർമാനായ ശശി ലണ്ടനിൽ എത്തുന്നത്.
നവംബർ പത്തിന് ലണ്ടനിൽ നിന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് നഗരത്തിലേക്ക് പോകുന്ന പി.കെ. ശശി അവിടെയും ടൂറിസം പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കും. നവംബർ 12നാണ് ഫ്രാങ്ക്ഫർട്ടിൽ ടൂറിസം റോഡ് ഷോ നടക്കുന്നത്. ഇതിനായി രണ്ടുദിവസം മുമ്പ് തന്നെ പി കെ ശശി ഫ്രാങ്ക്ഫർട്ടിൽ എത്തും.
13 ന് ഫ്രാങ്ക്ഫർട്ടിൽ നിന്ന് ജർമ്മനിയിലെ തന്നെ മ്യൂണിച്ച് നഗരത്തിലേക്ക് പോകുന്ന ശശി 14ന് അവിടെ നടക്കുന്ന റോഡ് ഷോയിലും പങ്കെടുക്കും. 16 വരെ മ്യൂണിച്ചില്‍ തങ്ങുന്ന ശശി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ് മാത്രമേ പാലക്കാട് എത്തുകയുള്ളൂ.
/sathyam/media/media_files/2024/10/24/4S6qredPijScrq8pRRUW.jpg)
ജില്ലാ സെക്രട്ടറിയേറ്റ് അംഗം വരെ ആയിരുന്ന നേതാവ് നിർണായകമായ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മാറിനിൽക്കുന്നതാണ് ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.
കഴിഞ്ഞ 19 നാണ് പി.കെ ശശിക്ക് വിദേശയാത്രയ്ക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയത്. ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി, രാജ്യാന്തര ട്രേഡ് ഫെയറിൽ പങ്കെടുക്കാനാണ് സർക്കാർ അനുമതി നൽകിയത്.യാത്ര ചെലവ് പൂർണ്ണമായും കെ.ടി.ഡി.സി ഫണ്ടിൽ നിന്ന് വഹിക്കും.
പാർട്ടിയുടെ അച്ചടക്ക നടപടി നേരിട്ട പി.കെ ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന നേതൃത്വത്തിൽ നിന്ന് അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് വീണ്ടും ആവശ്യം ഉന്നയിച്ചിരുന്നു.
എന്നിട്ടും ഇതുവരെ പി കെ ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയിട്ടില്ല. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും ശശിയെ മാറ്റണമെന്ന് പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അതും ഇതുവരെ നടപ്പായിട്ടില്ല.
/sathyam/media/media_files/2024/10/24/6VNdCO1kKZrLeUNCwqmd.jpg)
മുഖ്യമന്ത്രി പിണറായി വിജയന്റെയും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും പിന്തുണയിലാണ് ശശി കെ.ടി.ഡി.സി തലപ്പത്ത് തുടരുന്നത് എന്നാണ് ആക്ഷേപം. ബ്രാഞ്ചിലേക്ക് തരംതാഴ്ത്തപ്പെട്ടെങ്കിലും ഇപ്പോൾ നടക്കുന്ന പാർട്ടി സമ്മേളനങ്ങളിലൂടെ ശശി ജില്ലാ നേതൃത്വത്തിലേക്ക് വീണ്ടും മടങ്ങി വരുമെന്നും ശക്തമായ പ്രചരണമുണ്ട്.
ശശിയുടെ തട്ടകമായ മണ്ണാർക്കാട്ടെ ഏരിയ കമ്മിറ്റി മരവിപ്പിച്ചിരിക്കുകയാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം ശശിക്കാണ് ഇപ്പോൾ മണ്ണാർക്കാടിന്റെ ചുമതല. പാർട്ടി സമ്മേളനങ്ങൾ പൂർത്തിയാകുന്നതോടെ മണ്ണാർക്കാട് ശശി തിരിച്ചുപിടിക്കും എന്നും പറയുന്നവരുണ്ട്.