പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ നടന്നത് വടകര ഡീലിെൻറ ബാക്കിയെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. ഇക്കാര്യത്തിൽ എൽഡിഎഫ് സ്ഥാനാർഥി സരിൻ നൽകിയ മുന്നറിയിപ്പ് പൂർണമായും ശരിയായെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യുഡിഎഫ്-ആർഎസ്എസ് പാലമായിരുന്നു സന്ദീപ് വാര്യർ. ചരിത്രത്തിൽ ആദ്യമായിട്ടാണ് ആർഎസ്എസ് പ്രവർത്തകൻ യുഡിഎഫിൽനിന്ന് പ്രവർത്തിക്കുന്നത്.
നയത്തിൽനിന്ന് മാറാൻ സിപിഎമ്മിനും എൽഡിഎഫിനും കഴിയില്ല. രണ്ടാം സ്ഥാനത്തേക്കുള്ള വരവിന്റെ നല്ല സൂചനയായി തെരഞ്ഞെടുപ്പ് ഫലത്തെ കാണാം. അടിസ്ഥാന വോട്ട് ഒന്നും നഷ്ടമായിട്ടില്ല.
സരിന്റെ വ്യക്തിത്വം എതിരാളികൾക്ക് അറിയാം എന്നുള്ളതുകൊണ്ടാണ് ഈ രീതിയിൽ ആക്രമിക്കുന്നത്. അദ്ദേഹത്തെ ഏതെങ്കിലും രീതിയിൽ നിരാശപ്പെടുത്താൻ ആരും ശ്രമിക്കേണ്ട. സരിൻ കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമായി മാറും.
എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സഹായം യുഡിഎഫിന് ലഭിച്ചിരുന്നു. എസ്ഡിപിഐയുടെ സർക്കുലർ വീടുകളിൽ എത്തിക്കാൻ കോൺഗ്രസിന്റെ പ്രവർത്തകർ ഒപ്പം കൂടി.
വോട്ട് കിട്ടാൻ ഏതു വഴിയും സ്വീകരിക്കുന്ന നയമല്ല എൽഡിഎഫിന്. ബിജെപിയെ ഒറ്റപ്പെടുത്തുകയാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നയം. നെറികെട്ട സമീപനമാണ് യുഡിഎഫിന്റേത്.
ബിജെപിയുടെ പതിനൊന്നായിരം വോട്ട് ആർക്കാണ് പോയത്? വോട്ട് യുഡിഎഫിലേക്ക് പോയി എന്നുള്ളത് വളരെ വ്യക്തമല്ലേ. പാലക്കാട്ട് സിപിഎം സമുദായിക വിഭജനം ഉണ്ടാക്കിയിട്ടില്ലെന്നും എ.കെ ബാലൻ പറഞ്ഞു.