/sathyam/media/media_files/2024/10/26/c0I4dEwwvpZeY5g7dn4t.jpg)
പാലക്കാട്: മുതിർന്ന നേതാവും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ എൻ.എൻ കൃഷ്ണദാസിന്റെ 'പട്ടി' പരാമർശത്തിലെ ക്ഷീണം അകറ്റാൻ മാധ്യമപ്രവർത്തകരെ പ്രഭാത ഭക്ഷണത്തിനു ക്ഷണിച്ച് സി.പി.എം.
'പട്ടി' പരാമർശത്തിൽ മാധ്യമപ്രവർത്തകർക്കിടയിൽ വൻ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അനുനയ ശ്രമങ്ങളുടെ ഭാഗമായി പ്രഭാത ഭക്ഷണ യോഗം സംഘടിപ്പിക്കുന്നത്. നാളെ രാവിലെ എട്ടുമണിക്ക് സൂര്യരശ്മി ഓഡിറ്റോറിയത്തിൽ വച്ചാണ് സ്ഥാനാർത്ഥി പി സരിനും സിപിഎം നേതാക്കളും മാധ്യമപ്രവർത്തകരെ കാണുന്നത്.
ഉച്ചയോടെ ഇത് സംബന്ധിച്ച അറിയിപ്പ് സ്ഥാനാർത്ഥിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. "നാളെ (27/10/2024) രാവിലെ 8 മണിക്ക് പാലക്കാട് സൂര്യരശ്മി ഓഡിറ്റോറിയത്തിൽ മാധ്യമപ്രവർത്തകരുമായി എല്‍ഡിഎഫ് സ്ഥാനാർത്ഥി ഡോ. പി. സരിന്റെ ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗ് ഉണ്ടായിരിക്കും".
"മീറ്റിങ്ങിൽ സിപിഐ (എം) ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബു, മന്ത്രി എം.ബി രാജേഷ്, മുന്‍ മാധ്യമ പ്രവർത്തകൻ നികേഷ് കുമാർ എന്നിവർ പങ്കെടുക്കും" ഇതാണ് പോസ്റ്റിന്റെ പൂർണ്ണരൂപം.
ഇന്നലെ എൽഡിഎഫ് മണ്ഡലം കൺവെൻഷൻ വേദിയിൽ വെച്ചാണ് എൻ.എൻ കൃഷ്ണദാസ് മാധ്യമങ്ങൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ഏരിയാ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ പരസ്യ വിമർശനം നടത്തിയത് മാധ്യമങ്ങളിൽ വാർത്ത ആയതാണ് കൃഷ്ണദാസിനെ പ്രകോപിപ്പിച്ചത്.
വാർത്തയ്ക്ക് പിന്നാലെ ഷുക്കൂറിനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയ പാർട്ടി നേതാക്കൾ ഉച്ചയോടെ അതിൽ വിജയം കണ്ടു. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കൊണ്ട് ഷുക്കൂറിനെ വിളിപ്പിച്ചാണ് അദ്ദേഹത്തെ പാർട്ടി കൂടാരത്തിൽ ഉറപ്പിച്ച് നിർത്തിയത്.
ഷുക്കൂറിനെയും കൂട്ടി മണ്ഡലം കൺവൻഷനിലേക്ക് എത്തിയത് കൃഷ്ണദാസ് ആയിരുന്നു. ഷുക്കൂറിനോട് പിണക്കം മാറിയോയെന്ന് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോഴാണ് കൃഷ്ണദാസ് നിലവിട്ട പെരുമാറിയത്.
ഇറച്ചിക്കടക്കു മുന്നിലെ പട്ടിയെപ്പോലെ ഷുക്കൂറിന്റെ വീടിനു മുന്നിൽ കാത്തു കിടന്ന മാധ്യമങ്ങൾക്ക് ലജ്ജയില്ലേ എന്നായിരുന്നു കൃഷ്ണദാസിന്റെ പരാമർശം. മാധ്യമപ്രവർത്തകർ തിരിച്ചു പ്രതികരിച്ചതോടെ കൺവെൻഷൻ വേദിയിൽ സംഘർഷാന്തരീക്ഷം ഉടലെടുത്തു. അപ്പോൾ തന്നെ മാധ്യമപ്രവർത്തകർ നേതാക്കളോട് പ്രതിഷേധം അറിയിച്ചു.
പിന്നീട് മാധ്യമപ്രവർത്തകരുടെ ട്രേഡ് യൂണിയൻ കെയുഡബ്ല്യുജെയും വിഷയത്തിൽ ശക്തമായ പ്രതികരണം നടത്തി. ഉപ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ മോശം പരാമർശം തിരിച്ചടിക്കുമെന്ന് വിലയിരുത്തിയ സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വം അനുനയ നീക്കം ശക്തമാക്കാൻ തീരുമാനിച്ചു.
ഇതിൻറെ ഭാഗമായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ മന്ത്രി എം.ബി രാജേഷും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എ.എ റഹീമും പാർട്ടിയുടെ നവമാധ്യമ ചുമതലയുള്ള എം.വി നികേഷ് കുമാറും ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവും കൂടിയാലോചിച്ചാണ് പ്രഭാതഭക്ഷണം മീറ്റിംഗ് നടത്താൻ തീരുമാനിച്ചത്.
മാധ്യമ ഇടപെടലിനായി മുൻ മാധ്യമപ്രവർത്തകനായ നികേഷ് കുമാർ മുഴുവൻ സമയവും പാലക്കാടുണ്ട്. കൃഷ്ണദാസിന്റെ പരാമർശത്തിൽ പാർട്ടി നേതൃത്വത്തിന് കടുത്ത ആതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് വിമർശനം ഉന്നയിക്കുമ്പോൾ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന സംസ്ഥാന കമ്മിറ്റി തീരുമാനം മുതിർന്ന അംഗമായ കൃഷ്ണദാസ് തന്നെ ലംഘിച്ചു എന്നാണ് വിമർശനം.
സ്ഥിരമായി ഇത്തരം ശൈലി കൊണ്ടു നടക്കുന്ന നേതാവാണ് കൃഷ്ണദാസ് എന്നും നേതാക്കൾ വിമർശിക്കുന്നുണ്ട്. എന്നാൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു തന്നെ നിൽക്കുന്നു എന്നാണ് കൃഷ്ണദാസിന്റെ ഇന്നത്തെ പ്രതികരണം.
എൻ.എൻ കൃഷ്ണദാസ് നടത്തിയ പരാമർശം തെറ്റായിപ്പോയി എന്ന വിലയിരുത്തലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും ഉണ്ടായത്. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ എംപി, ദേശാഭിമാനി മുഖ്യ പത്രാധിപർ പുത്തലത്ത് ദിനേശൻ എന്നിവർ സെക്രട്ടറിയേറ്റ് യോഗത്തിൽ കൃഷ്ണദാസിനെതിരെ വിമർശനമുന്നയിച്ചു.
മാധ്യമ വിമർശനം നടത്താൻ സ്വാതന്ത്ര്യമുണ്ടെങ്കിലും വിമർശനത്തിന് ഉപയോഗിക്കുന്ന ഭാഷയും വാക്കും നല്ലതായിരിക്കണമെന്ന് നേതാക്കൾ ഓർമിപ്പിച്ചു. മാധ്യമ പ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ പ്രതിനിധികൾ സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ട് കൃഷ്ണദാസിന്റെ പരാമർശത്തിലുള്ള പ്രതിഷേധം നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കൂടിയാണ് പ്രഭാത ഭക്ഷണ യോഗം ഉൾപ്പെടെയുള്ള സമവായ ഇടപെടലുമായി സിപിഎം നേതൃത്വം ഇറങ്ങുന്നത്.
അതേസമയം 'പട്ടി'കള്‍ തുടങ്ങി രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനങ്ങള്‍ക്കു പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ ഒന്നിച്ചുകൂടി പുട്ടം കടലയും കൊടുത്തുള്ള സിപിഎമ്മിന്‍റെ അനുരഞ്ജനത്തിന് മാധ്യമ പ്രവര്‍ത്തകര്‍ വഴങ്ങുമോ എന്നതില്‍ സംശയമുണ്ട്.
പാലക്കാട്ടെ മാധ്യമ പ്രവര്‍ത്തകരുടെ വാട്സാപ്പ് ഗ്രപ്പുകളിലും സിപിഎം സംഘടിപ്പിക്കുന്ന 'ബ്രേക്ക് ഫാസ്റ്റ് ' മീറ്റിങ്ങിനെതിരെ പത്രപ്രവര്‍ത്തകര്‍ രൂക്ഷമായാണ് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. നാളെ ഇടതു മുന്നണിയുടെ പ്രഭാത ഭക്ഷണം കഴിക്കാന്‍ പോയാല്‍ 'പട്ടികള്‍' വന്നു കഴിച്ചിട്ടു പോയില്ലേ എന്ന് കൃഷ്ണദാസ് ചോദിക്കില്ലേ.. എന്നു തുടങ്ങിയ പ്രതികരണങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.