പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ അതിശക്തമായ ത്രികോണ മല്‍സരം നടക്കുന്ന പാലക്കാട് മുന്‍ എംപി എന്‍.എന്‍ കൃഷ്ണദാസിന്‍റെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ 'പട്ടി' പരാമര്‍ശത്തില്‍ കലങ്ങിമറിഞ്ഞ് പാലക്കാടന്‍ രാഷ്ട്രീയം.
കൃഷ്ണദാസ് രണ്ടാം ദിവസവും പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്ന നിലപാട് ആവര്‍ത്തിച്ചതോടെ പ്രതിരോധത്തിലായ സിപിഎം ഒടുവില്‍ കൃഷ്ണദാസിനെ തള്ളിപ്പറഞ്ഞ് രംഗത്തു വന്നു. തെരഞ്ഞെടുപ്പുകാലത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ തികഞ്ഞ ജാഗ്രതയും പ്രതികരണങ്ങളില്‍ മികച്ച ഭാഷയും അനിവാര്യമാണെന്ന് സിപിഎം വ്യക്തമാക്കുകയും ചെയ്തു.
/sathyam/media/media_files/2024/10/19/5KaVnbkUQLgVhxyS08XN.jpg)
കൃഷ്ണദാസിന്‍റെ പരാമര്‍ശം പരിധിവിട്ടതാണെന്ന അഭിപ്രായം പാലക്കാട്ടെ ഇടതു സ്ഥാനാര്‍ഥി ഡോ. പി സരിന്‍ ഉള്‍പ്പെടയുള്ളവര്‍ക്കുണ്ട്. പക്ഷേ ദിവസങ്ങള്‍ക്കു മുമ്പുമാത്രം പാര്‍ട്ടിയിലെത്തിയ സരിന് പ്രതികരിക്കാന്‍ പരിമിതികളുണ്ട്.
പാലക്കാട് മാത്രമല്ല ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയും വയനാട്ടിലും പ്രതികരണത്തിന്‍റെ പ്രതിഫലനങ്ങള്‍ ഉണ്ടായി. ആലത്തൂര്‍ എംപി കെ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ഉള്ളവര്‍ അതൃപ്തി അറിയിച്ചതായാണ് അറിവ്.
/sathyam/media/media_files/GKYplJMWwIEYm5sLuERM.jpg)
ഇതോടെയാണ് പാലക്കാട് മാധ്യമ വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ 'പരിഹാര' ശ്രമങ്ങള്‍ ആരംഭിച്ചത്. ഞായറാഴ്ച രാവിലെ സ്ഥാനാര്‍ഥി പി സരിന്‍റെ നേതൃത്വത്തില്‍ 'ബ്രേക്ക്ഫാസ്റ്റ് മീറ്റിങ്ങ് ' എന്ന ആശയം നികേഷ് കുമാറിന്‍റേത് ആയിരുന്നു.
ഇതിനോട് പിണങ്ങി നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ എങ്ങനെ സഹകരിക്കുമെന്നതാണ് അടുത്ത തലവേദന. 'പട്ടി' പരാമര്‍ശം കേള്‍ക്കേണ്ടി വന്നിട്ട് കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കു മുമ്പില്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ ചെന്നിരിക്കണോ എന്ന ചോദ്യം മാധ്യമ പ്രവര്‍ത്തകരുടെ ഗ്രൂപ്പുകളില്‍ ശക്തമാണ്.
/sathyam/media/media_files/2024/10/26/9KxNe9wESPeVpZMuWP9f.jpg)
പ്രധാന മാധ്യമ പ്രവര്‍ത്തകരില്‍ പലരും ഇതിനോടകം ഭക്ഷണം കഴിക്കാനിരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇന്നലത്തെ വൈകാരിക പ്രതികരണം കൃഷ്ണദാസ് ഇന്നും ന്യായീകരിച്ചതാണ് മാധ്യമ പ്രവര്‍ത്തകരെ കൂടുതല്‍ പ്രകോപിപ്പിച്ചത്.
ഏത് വിധേനയും പരമാവധി വോട്ട് സമാഹരിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെയായിരുന്നു കൃഷ്ണദാസിന്‍റെ മോശം പരാമര്‍ശങ്ങള്‍. സിപിഎം പ്രാദേശിക നേതാവ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകളോടുള്ള പ്രതികരണത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം.
എന്തായാലും നാളത്തെ ബ്രേക്ക്ഫാസ്റ്റ് നയതന്ത്രത്തോട് മാധ്യമ പ്രവര്‍ത്തകര്‍ എങ്ങനെ സഹകരിക്കുന്നു എന്നതിലാണ് ആകാംഷ.