പാലക്കാട്: സിപിഎമ്മുമായി വേദി പങ്കിടില്ലെന്ന പ്രഖ്യാപനം തിരുത്തി കോൺഗ്രസ് വിമതൻ എ.കെ. ഷാനിബ് എൽഡിഎഫ് വേദിയിൽ എത്തി. ഇടതുപക്ഷ യുവജന സംഘടനകളുടെ പാലക്കാട് മണ്ഡലം കൺവെൻഷനിലാണ് പഴയ പ്രഖ്യാപനം തിരുത്തി കൊണ്ട് ഷാനിബ് പങ്കെടുത്തത്.
കോൺഗ്രസ് വിട്ട എ.വി. ഗോപിനാഥന്റെ പാത പിന്തുടർന്ന് ഇടതുപക്ഷ വേദികളിൽ നിന്ന് മാറിനിൽക്കും എന്നായിരുന്നു ഷാനിബിന്റെ ഇന്നലത്തെ പ്രഖ്യാപനം.
പെരിങ്ങോട്ടുകുറിശിയിലെ ഗോപിനാഥിന്റെ വീട്ടിൽ വച്ച് നടത്തിയ പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ ഷാനിബ് സ്വന്തം നിലപാട് തിരുത്തി.
യുദ്ധത്തിനിറങ്ങുമ്പോൾ എല്ലാം മാർഗ്ഗവും സ്വീകരിക്കേണ്ടി വരും എന്നാണ് നിലപാട് മാറ്റത്തിന് ഷാനിബ് നടത്തുന്ന ന്യായീകരണം. ഇടത് വേദിയിൽ എത്തിയെങ്കിലും താൻ കോൺഗ്രസുകാരനായി തുടരുമെന്നും ഷാനിബ് പറയുന്നുണ്ട്.
/sathyam/media/media_files/2024/10/28/iPxFWFK1ZJaIpusrq3uB.jpg)
കോൺഗ്രസിൽ നടക്കുന്ന തെറ്റായ നിലപാടുകൾക്കെതിരെയുള്ള പോരാട്ടത്തിൽ മതേതര ജനാധിപത്യ സ്വഭാവമുള്ള എല്ലാവരുമായും യോജിക്കുമെന്നും ഷാനിബ് വ്യക്തമാക്കി.
കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയശേഷം ആദ്യമായി ഇടതുപക്ഷ വേദിയിൽ എത്തിയ എ.കെ ഷാനിബിനെ മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ സ്വീകരിച്ചത്. വേദിയിൽ എത്തിയതിന് പിന്നാലെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് ഷാനിബിനെ സ്വാഗതം ചെയ്തു. ജനാധിപത്യ മതേതര ചേരിക്ക് കരുത്തു പകരുന്ന സമീപനമാണ് ഷാനി സ്വീകരിച്ചത് എന്നാണ് എ.എ റഹീം പറഞ്ഞു.
കോൺഗ്രസിലെ ഏകാധിപത്യ പ്രവണതകളെ ചോദ്യം ചെയ്ത് ഷാനിബിനെ പോലുള്ളവർ രംഗത്ത് വന്നതോടെ ഡോ പി. സരിൻ ഉയർത്തിയ പ്രശ്നങ്ങൾ ശരിവെക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടത് യുവജന സംഘടനകളുടെ കൺവെൻഷനെ അഭിസംബോധന ചെയ്ത എ കെ ഷാനിബ് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു. "കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഷാഫി പറമ്പിലും ചേർന്നാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഇതിനെതിരെ ചോദ്യം ഉയർത്തുന്നവർക്ക് പാർട്ടിയിൽ സ്ഥാനമില്ലാതെ വരുന്നു".
/sathyam/media/media_files/2024/10/28/OuywmFS7tbnVxYGh7Eja.jpg)
"ഈ പ്രവണതയാണ് ഡോ പി സരിനും താനും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. കോൺഗ്രസിനെ ബിജെപിയിലേക്ക് ബന്ധപ്പെടുത്താൻ ശ്രമം നടക്കുന്നു. ഇത് ഒരു തരത്തിലും അനുവദിക്കാൻ പാടില്ലാത്ത കാര്യമാണ് ". "ബിജെപിയെ പരാജയപ്പെടുത്താൻ ശക്തമായി മുന്നിട്ടിറങ്ങേണ്ട രാഷ്ട്രീയ കാലാവസ്ഥയാണിത്.
കോൺഗ്രസുകാരനായിട്ടാണ് ഈ വേദിയിലെത്തിയതെന്നും കോൺഗ്രസിലെ ദുഷ് പ്രവണതകൾ തുടർന്നും ചൂണ്ടിക്കാട്ടുക തന്നെ ചെയ്യുമെന്നും ഷാനിബ് പറഞ്ഞു". കോൺഗ്രസിനെ നേർവഴിക്ക് നടത്താനുള്ള പോരാട്ടത്തിൽ നടത്തുന്ന നീക്കങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ മതേതര സംഘടനകളുമായും കൂട്ട് ചേരുമെന്നും എ കെ ഷാനിബ് പറഞ്ഞു.
കയ്യടികളോടെയാണ് ഇടത്ത് യുവജന കൺവെൻഷൻ ഷാനിബിന്റെ വാക്കുകളെ സ്വീകരിച്ചത്. സ്വാതന്ത്ര്യസമരകാലത്തെ വരിക വരിക സഹജരെ എന്ന ദേശഭക്തിഗാനം ആലപിച്ചു കൊണ്ടാണ് ഷാനിബ് പ്രസംഗം ആരംഭിച്ചത്.
സി.പി.എമ്മിൽ ചേരുകയോ വേദി പങ്കിടുകയോ ചെയ്യില്ലെന്ന ഇന്നലെത്തെ പ്രസ്താവനയെ കുറിച്ച് കൺവെൻഷന് ശേഷം ഷാനിബിനോട് മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചു.
സി.പി.എം വേദികളിൽ എത്തുകയോ വേദി പങ്കിട്ട് പ്രചാരണം നടത്തുകയോ ചെയ്യില്ലെന്ന മുൻ നിലപാടിൽ മാറ്റം വരുത്തില്ലെന്നായിരുന്നു ഷാനിബിന്റെ മറുപടി. ഇടതുപക്ഷ യുവജന സംഘടനകൾ ക്ഷണിച്ചപ്പോൾ അവരോടും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
എന്നാൽ യുവജനങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ സംബന്ധിക്കണമെന്ന് സ്നേഹ പൂർവ്വം നിർബന്ധിച്ചപ്പോൾ സമ്മതിക്കുകയായിരുന്നു എന്നാണ് ഷാനിബിന്റെ വിശദീകരണം.
/sathyam/media/media_files/2024/10/28/fNHpjANnAGgPvNwcJDk6.jpg)
ഒഴിച്ചുകൂടാൻ സാധിക്കാത്ത പരിപാടികളിൽ മാത്രമേ തുടർന്നും പങ്കെടുക്കുകയുള്ളൂവെന്നും ഷാനിബ് അറിയിച്ചു. പി. സരിന് വേണ്ടി സ്ഥാനാർത്ഥിത്വം പിൻവലിച്ച ഷാനിബ്, അദ്ദേഹത്തിന് വേണ്ടി വോട്ട് പിടിക്കാൻ ഇറങ്ങും. സ്വന്തം നിലയിൽ വോട്ട് ക്യാൻവാസ് ചെയ്യാൻ ഇറങ്ങാനാണ് തീരുമാനം.
കോൺഗ്രസിൽ നിന്ന് നിരവധി പേരുടെ പിന്തുണയുണ്ടെന്നും അവരുടെ സമയവും സൗകര്യവും നോക്കി വോട്ട് സമാഹരിക്കാൻ ഇറങ്ങുമെന്നും ഷാനിബ് പറഞ്ഞു. സരിന് വേണ്ടി ഷാനിബ് പ്രചരണത്തിന് ഇറങ്ങുന്നത് ഇടതുപക്ഷത്തിന് സഹായകരമാണ്.
ഉറച്ച കോൺഗ്രസ് നിലപാടുള്ളവർക്ക് ഇടതുപക്ഷത്തിന് വോട്ട് ചെയ്യാൻ വൈമുഖ്യമുണ്ട്. ഇത് മാറ്റിയെടുക്കാൻ ഷാനിബിന്റെ ഇടപെടൽ സഹായകരമാകും എന്നാണ് എൽഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ.