സന്ദീപ് വാര്യരുടെ തിരിച്ചടി ബിജെപിയുടെ മർമ്മം നോക്കി ! സംഘപരിവാറിന് കെട്ടിടം പണിയാൻ സൗജന്യമായി സ്ഥലം നൽകിയ തന്റെ അമ്മ മരിച്ചപ്പോൾ ജില്ലക്കാരനായ കൃഷ്ണകുമാർ തിരിഞ്ഞുനോക്കിയില്ല, ഇന്നത്തെ ഇടത് സ്ഥാനാർത്ഥി ഡോ. പി സരിൻ അന്ന് വീട്ടിലെത്തിയിരുന്നുവെന്ന് സന്ദീപ് പറഞ്ഞത് വെറുതെയല്ല ? വോട്ടെടുപ്പിന് 16 ദിവസം മാത്രം ശേഷിക്കേ സന്ദീപിന്റെ തുറന്നുപറച്ചിലിൽ പകച്ച് ബിജെപി

അന്ന് സ്വന്തം പാര്‍ട്ടിയുടെ നേതാവായിരുന്ന കൃഷ്ണകുമാര്‍ തിരിഞ്ഞുനോക്കാതിരുന്ന അമ്മയെ കാണാന്‍ അന്നത്തെ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ഥിയുമായ ഡോ. പി സരിന്‍ നേരിട്ടെത്തിയിരുന്നെന്നുകൂടി സന്ദീപ് പറഞ്ഞുവച്ചത് വെറുതെയല്ല.

author-image
ജോസ് ചാലക്കൽ
Updated On
New Update
sandeep warrier c krishnakumar
Listen to this article
0.75x1x1.5x
00:00/ 00:00

പാലക്കാട്: പാളയത്തില്‍ പടയിലും പാളയത്തില വിവാദ ചൂടിലും ഉരുകി ബിജെപി. ജയസാധ്യതയുള്ള പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജീവന്‍മരണ പോരാട്ടം നടത്തുന്നതിനിടെ സ്ഥാനാര്‍ഥിയെ നേരിട്ട് കടന്നാക്രമിച്ച് ജില്ലയില്‍ നിന്നുള്ള ഏറ്റവും ശ്രദ്ധേയനായ യുവനേതാവ് രംഗത്തെത്തിയത് ബിജെപിയെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ്.


Advertisment

സംഘ പ്രസ്ഥാനങ്ങള്‍ക്ക് കാര്യാലയം നിര്‍മ്മിക്കാന്‍ സൗജന്യമായി സ്ഥലം നല്‍കിയ തന്‍റെ അമ്മ മരിച്ചപ്പോള്‍പോലും, മകന്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാവായിരുന്നിട്ടുകൂടി ആ വീടൊന്ന് സന്ദര്‍ശിക്കാന്‍ ഇപ്പോള്‍ സ്ഥാനാര്‍ഥിയായിരിക്കുന്ന സി കൃഷ്ണകുമാര്‍ തയ്യാറായില്ലെന്ന സന്ദീപ് വാര്യരുടെ തുറന്നു പറച്ചില്‍ മിനിട്ടുകള്‍ക്കുള്ളില്‍ പ്രചരണ രംഗത്ത് ചൂടായ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.


മാത്രമല്ല, അന്ന് സ്വന്തം പാര്‍ട്ടിയുടെ നേതാവായിരുന്ന കൃഷ്ണകുമാര്‍ തിരിഞ്ഞുനോക്കാതിരുന്ന അമ്മയെ കാണാന്‍ അന്നത്തെ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ഥിയുമായ ഡോ. പി സരിന്‍ നേരിട്ടെത്തിയിരുന്നെന്നുകൂടി സന്ദീപ് പറഞ്ഞുവച്ചത് വെറുതെയല്ലെന്നും വ്യക്തം.

ആനത്തലവട്ടം ആനന്ദനും രമേശ് ചെന്നിത്തലയും പോലുള്ളവര്‍ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചപ്പോള്‍ തന്‍റെ പാര്‍ട്ടിക്കാര്‍ അതിനുപോലും തയ്യാറായില്ലെന്നാണ് സന്ദീപ് പറഞ്ഞുവച്ചിരിക്കുന്നത്.


കൊടകര കുഴല്‍പ്പണ കേസും, തിരൂര്‍ സതീശന്‍റെ വെളിപ്പെടുത്തലും അതിന് ശോഭാ സുരേന്ദ്രന്‍റെ മറുപടിയും എല്ലാംകൂടി താങ്ങാനുള്ള കരുത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടാകുമോ എന്ന് സംശയമാണ്. ചേലക്കരയിലും ഇത് ബിജെപിയെ പ്രതികൂലമായി ബാധക്കും എന്നുറപ്പാണ്.


സന്ദീപ് വാര്യര്‍ക്ക് പാലക്കാട് വലിയ വോട്ട് ബാങ്ക് എന്തെങ്കിലും ഉള്ളതായി ആരും കരുതുന്നില്ല. പക്ഷേ ബിജെപി വക്താവ് എന്ന നിലയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കാനുള്ള സന്ദീപിന്‍റെ മികവിനോട് പ്രവര്‍ത്തകര്‍ക്ക് ആഭിമുഖ്യമുണ്ട്. ആ നിലയില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവുതന്നെയാണ് സന്ദീപ് വാര്യര്‍.

sandeep warrier-2

അങ്ങനുള്ളൊരു നേതാവ് പാര്‍ട്ടിയേയും പ്രത്യേകിച്ച് സ്ഥാനാര്‍ഥിയേയും ധാര്‍മ്മികമായി പ്രതിക്കൂട്ടിലാക്കുന്ന വിഷയങ്ങള്‍ പരസ്യമായി ഉന്നയിക്കുകയും ഭിന്നതകള്‍ തുറന്നു പറയുകയും ചെയ്തിരിക്കുന്നത് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തും എന്നുറപ്പാണ്.  16 ദിവസം കൂടി മാത്രമാണ് വോട്ടെടുപ്പിന് ഉള്ളതെന്നാണ് ശ്രദ്ധേയം.

പ്രചരണ രംഗത്ത് ഇത് ബിജെപിയെ തിരിഞ്ഞു കുത്തും എന്നുറപ്പാണ്. കൃഷ്ണകുമാറിന്‍റെ സ്ഥാനാര്‍ഥിത്വം മുതല്‍ പുറത്തുവന്ന അസ്വാരസ്യങ്ങള്‍ ഇപ്പോള്‍ എല്ലാ പരിധികളും കടന്ന് പുറത്തുവന്നിരിക്കുകയാണ്.


7 ദിവസം മുമ്പുവരെ ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിക്കും സ്ഥാനാര്‍ഥിക്കും വേണ്ടി ശക്തിയുക്തം വാദിച്ച നേതാവാണ് ഇന്ന് സ്ഥാനാര്‍ഥിയെ അടിമുടി കടന്നാക്രമിച്ചിരിക്കുന്നത്. 


പ്രവര്‍ത്തകരുടെ വ്യക്തിപരമായ സങ്കടങ്ങളില്‍ ഒപ്പം നില്‍ക്കാത്ത ആളാണ് സ്ഥാനാര്‍ഥി എന്ന ആക്ഷേപം ഒരു തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിഷ്പക്ഷ വോട്ടുകളില്‍ ഉണ്ടാക്കാവുന്ന പ്രതിഫലനങ്ങള്‍ നിസാരമായി കാണാന്‍ കഴിയില്ല. എന്തായാലും പാലക്കാടും ചേലക്കരയിലും നിലവിലെ വിവാദങ്ങള്‍ തിരിഞ്ഞുകുത്തും എന്ന ആശങ്ക ബിജെപിക്കുണ്ട്.

Advertisment