/sathyam/media/media_files/2024/10/28/5kDEzWuiW5AcUuvPU2Zv.jpg)
പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പുതിയ നീക്കം പാര്‍ട്ടി ബന്ധം ഉപേക്ഷിക്കാനുറച്ചെന്ന് സൂചന. പാര്‍ട്ടിയിലേയ്ക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്നുറപ്പിച്ചു തന്നെയാണ് പ്രചരണ രംഗത്ത് സ്ഥാനാര്‍ഥിയെ വെട്ടിലാക്കുന്ന വിധം പ്രതികരണം നടത്തി സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നാണ് വിലയിരുത്തല്‍.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ബിജെപി കേന്ദ്ര, സംസ്ഥാന ഘടകങ്ങളും ആര്‍എസ്എസും കല്പിക്കുന്ന പ്രാധാന്യം അറിയാത്ത ആളല്ല വര്‍ഷങ്ങളായി പാര്‍ട്ടിയുടെ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്ദീപ് വാര്യര്‍.
കേരളത്തില്‍ ബിജെപിയുടെ 'എ' ക്ലാസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന, പതിവായി രണ്ടാം സ്ഥാനത്ത് എത്തുന്ന മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. അതിന് തടസം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്ന് നേതൃത്വം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് നിയോഗിച്ച മൂന്ന് ഏജന്‍സികളാണ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നേരിട്ട് നിര്‍വ്വഹിക്കുന്നത്.
ഇക്കാര്യങ്ങളെല്ലാം അറിയുന്ന സന്ദീപ് വാര്യര്‍ പാര്‍ട്ടിക്കെതിരെയും പ്രത്യേകിച്ച് സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനെതിരെയും ആഞ്ഞടിച്ചത് ഇത് 'മാപ്പര്‍ഹിക്കാത്ത' കടന്നുപറച്ചിലായിരിക്കുമെന്ന് അറിഞ്ഞുതന്നെയാണ്. അതിനാലാണ് സന്ദീപ് വാര്യര്‍ ബിജെപിക്കു പുറത്തേയ്ക്കുതന്നെയെന്ന വിലയിരുത്തലുണ്ടാകുന്നത്.
തനിക്കുണ്ടായ അപമാനം സഹിച്ചുകൊണ്ട് ഇനിയും തുടരാനാകില്ലെന്നാണ് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇത്ര നാളായിട്ടും തന്നെ ഒന്നാശ്വസിപ്പിക്കാന്‍ ഒരു നേതാവുപോലും വിളിച്ചില്ലെന്നും സന്ദീപ് പറയുന്നു. താന്‍ ദീര്‍ഘകാലം സുഹൃത്താണെന്ന് ഓര്‍മ്മിച്ച പാലക്കാട്ടെ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനെതിരെയായിരുന്നു പോസ്റ്റില്‍ പ്രധാന പരാമര്‍ശങ്ങള്‍ ഏറെയും.
എന്നിട്ടും തന്‍റെ വീട് കൃഷ്ണകുമാര്‍ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തോടെയാണ് പഴയ ദു:ഖം സന്ദീപ് പൊടിതട്ടിയെടുത്തത്.
സംഘം പ്രസ്ഥാനങ്ങള്‍ക്ക് കാര്യാലയം പണിയാന്‍ സ്വന്തം ഭൂമി ദാനമായി നല്‍കിയ തന്‍റെ അമ്മ മരിച്ചപ്പോള്‍ ഇപ്പറഞ്ഞ കൃഷ്ണകുമാര്‍ വന്നില്ലെന്ന് മാത്രമല്ല, ഒന്നു വിളിച്ച് അനുശോചനം അറിയിക്കാന്‍ പോലും തയ്യാറായില്ലെന്നും സന്ദീപ് എഴുതി. അന്ന് ഇപ്പോഴത്തെ ഇടതു സ്ഥാനാര്‍ഥി ഡോ. പി. സരിന്‍ വീട്ടിലെത്തിയിരുന്നു എന്നു പറയാനും സന്ദീപ് മറന്നില്ല.
രമേശ് ചെന്നിത്തലയും ആനത്തലവട്ടം ആനന്ദനും ഉള്‍പ്പെടെയുള്ളവര്‍ അന്ന് ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചിട്ടും തന്‍റെ നേതാക്കളാരും വിളിക്കാന്‍ പോലും തയ്യാറായില്ലെന്നതും ഫേസ്ബുക്കില്‍ സന്ദീപ് കുറിച്ചു.
ഇതോടെ സന്ദീപ് ഇനി ബിജെപിയിലേയ്ക്ക് തിരികെ ഇല്ല എന്നത് ഏതാണ്ടുറപ്പാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ ഈ അച്ചടക്ക ലംഘനത്തിന് നടപടിയും ഉറപ്പ്.
അങ്ങനെയെങ്കില്‍ സന്ദീപ് വാര്യര്‍ ഇനി എങ്ങോട്ടെന്ന ചോദ്യവും പ്രസക്തമാണ്. സിപിഎമ്മിലേയ്ക്ക് എന്നുതന്നെയാണ് സൂചനകള്‍. കഴിഞ്ഞ ദിവസം മന്ത്രി എം.ബി രാജേഷും എ.കെ ബാലനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദീപുമായി ആശയ വിനമയം നടത്തിയിരുന്നു എന്നതാണ് റിപ്പോര്‍ട്ട്. അതറിഞ്ഞു തന്നെയാണ് സന്ദീപിനെ സ്വാഗതം ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാകാതിരുന്നതും.