/sathyam/media/media_files/2024/11/05/StTK8MwK6vBhNnFKAXPV.jpg)
പാലക്കാട്: അതിശക്തമായ ത്രികോണപോരാട്ടം നടക്കുന്ന പാലക്കാട്ട് നിത്യേന രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിയുകയാണ്. ഈസി വാക്കോവർ പ്രതീക്ഷിച്ച് മത്സരിക്കാനിറങ്ങിയവർ വെള്ളം കുടിക്കുന്ന കാഴ്ചയാണ് കാണുന്നത്.
പാലക്കാട്ടെ കൊടും ചൂടിനെ വെല്ലുന്ന രാഷ്ട്രീയ ചൂടാണ് പ്രചാരണത്തിൽ കാണുന്നത്. നവംബർ 20ലേക്ക് വോട്ടെടുപ്പ് മാറ്റിയെങ്കിലും മുന്നണികളുടെ പ്രചാരണ ആവേശത്തിന് ഒട്ടും കുറവില്ല.
യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാറും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി.സരിനും പരമാവധി വോട്ടർമാരെ നേരിൽകാണാനുള്ള ഓട്ടപ്രദക്ഷിണത്തിലാണ്.
പക്ഷേ നിത്യേനയുണ്ടാവുന്ന രാഷ്ട്രീയ ചുഴലികൾ ആരെ വീഴ്ത്തുമെന്ന ആശങ്ക മുന്നണികൾക്കുണ്ട്. പാളയത്തിലെ പടയും വിഭാഗീയതയുമാണ് ബി.ജെ.പിയെ അങ്കലാപ്പിലാക്കുന്നത്. ക്രോസ് വോട്ടിംഗ് ഭയവും ബി.ജെ.പിക്കുണ്ട്.
എന്നാൽ യു.ഡി.എഫിനെ അലട്ടുന്നത് തങ്ങളുടെ വോട്ടുകൾ ഭിന്നിക്കപ്പെടുമോയെന്നതാണ്. കേവലം 3,859 വോട്ട് ഭൂരിപക്ഷമുള്ള പാലക്കാട് എങ്ങോട്ടും ചാഞ്ഞാടാമെന്ന സ്ഥിതിയിലാണ്.
പാലക്കാട്ട് തുടർച്ചയായ നാലാം ജയത്തിനാണ് യു.ഡി.എഫ് പോരാടുന്നത്. പിബി അംഗം എ വിജയരാഘവനെ വള്ളപ്പാടകലെ തോല്‍പിച്ച വി.കെ ശ്രീകണ്ഠന്‍ എംപിയും മെട്രോമാൻ ഇ ശ്രീധരനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പരാജയപ്പെടുത്തിയ ഷാഫി പറമ്പിലുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം നയിക്കുന്നത്.
എന്നാൽ തങ്ങൾക്ക് കേരളത്തിൽ ഏറ്റവും വിജയസാദ്ധ്യതയേറിയ നിയമസഭാ മണ്ഡലത്തിൽ ജയമല്ലാതെ മറ്റൊന്നും ബിജെപി ലക്ഷ്യമിടുന്നില്ല. നേമത്ത് ഒ.രാജഗോപാൽ ജയിച്ചു കയറിയതുപോലെ ഇത്തവണ പാലക്കാട്ട് നിന്ന് സി കൃഷ്ണകുമാർ നിയമസഭയിലെത്തുമെന്ന് ബിജെപി പറയുന്നു.
എന്നാൽ ഇരു മുന്നണികളെയും മലർത്തിയടിച്ച് സരിൻ വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. ശക്തമായ അടിയൊഴുക്കുകളുള്ള മണ്ഡലത്തിൽ വോട്ടു ചോർച്ച തടയാൻ എല്ലാ തന്ത്രങ്ങളും പയറ്റുകയാണ് മുന്നണികൾ.
പാലക്കാട് നഗരസഭയ്ക്ക് പുറമേ കണ്ണാടി, പിരായിരി, മാത്തൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം. പാലക്കാട് നഗരസഭ കഴിഞ്ഞ രണ്ട് ടേമിലായി ഭരിക്കുന്നത് ബി.ജെ.പിയാണ്.
നഗരസഭയില്‍ ആകെയുള്ള 52 വാർഡിൽ 28 പേരും ബി.ജെ.പി കൗൺസിലർമാരാണ്. നഗരസഭാ പരിധിയിൽ ബി.ജെ.പിക്ക് വ്യക്തമായ മേൽക്കൈ ഉണ്ടെന്ന് വ്യക്തമാണ്. പിരായിരി, മാത്തൂർ പഞ്ചായത്തുകൾ യു.ഡി.എഫും കണ്ണാടി എൽ.ഡി.എഫുമാണ് ഭരിക്കുന്നത്.
നഗരസഭയിൽ ശക്തിവർദ്ധിപ്പിച്ച് ഗ്രാമീണമേഖലകളിലെ പോക്കറ്റുകളും കണ്ണുവെച്ചാണ് എൻ.ഡി.എയുടെ നാടിളക്കിയുള്ള പ്രചരണം. നഗരസഭയിലെ രണ്ടാംസ്ഥാനത്തിനൊപ്പം പിരായിരിയിലെ ന്യൂനപക്ഷ വോട്ടുകളും മാത്തൂർ, കണ്ണാടി പഞ്ചായത്തിലും ഒന്നാമതെത്താനാണ് യു.ഡി.എഫ് നീക്കം.
ഇടതിനൊപ്പമുള്ള കണ്ണാടിക്ക് പുറമേ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിറുത്തി മാത്തൂരും കോൺഗ്രസിനിടെയിലെ പടലപ്പിണക്കങ്ങൾ മുതലെടുത്ത് പിരായിരിയിലെ കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കാനുമാണ് ഇടതുനീക്കം.
നഗരസഭയിൽ നടപ്പാക്കിയ വികസന പദ്ധതികൾ ചർച്ചയാക്കിയും പാലക്കാടിന്റെ സമഗ്ര വികസനത്തിനുള്ള ആശയങ്ങൾ മുന്നോട്ടു വച്ചുമാണ് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രചാരണം.
നഗരസഭയിൽ തുടങ്ങിവച്ച വികസന പദ്ധതികൾ പൂർണതോതിൽ പ്രാവർത്തികമാക്കാൻ നിയമസഭയിൽ എൻഡിഎ പ്രതിനിധി വേണമെന്നാണ് ബിജെപി പ്രചാരണ യോഗങ്ങളിൽ പറയുന്നത്.
പാലക്കാട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഷയങ്ങൾ ഏറെയുണ്ട്. സമീപകാല രാഷ്ട്രീയ വിവാദങ്ങളെല്ലാം ചൂടേറിയ ചർച്ചാവിഷയങ്ങളാണ്.
പൂരം കലക്കൽ വിവാദം, എ.ഡി.എമ്മിന്റെ മരണം, എ.ഡി.ജി.പി എം.ആർ.അജിത്കുമാറും ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, സി.പി.എം ക്രോസ് വോട്ട്, ഡി.സി.സിയുടെ കത്ത് വിവാദം, സി.പി.എം ബി.ജെ.പി പിന്തുണതേടിയുള്ള കത്ത്, കോൺഗ്രസിനകത്തെ കൊഴിഞ്ഞു പോക്ക്, പാലക്കാട് നഗരസഭയിലെ വികസന മുരടിപ്പ്, എം.എൽ.എയുടെ വികസന പദ്ധതികളുടെ അഭാവം, സന്ദീപ് വാര്യർ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉൾപ്പെടെ മണ്ഡലത്തിൽ ചർച്ചയാണ്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ യു.ഡി.എഫിൽ ആരംഭിച്ച പൊട്ടിത്തെറിയുടെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. നേതാക്കളുടെയും പ്രവർത്തകരുടെയും കൊഴിഞ്ഞുപോക്ക് യു.ഡി.എഫിന് തലവേദനയാണ്.
സരിൻ പുറത്തുപോയതിന് പിന്നാലെ ഷാനിബ്, കെ.എ.സുരേഷ്, അബ്ദുൾ ഹക്കീം, പിരായിരി കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജി.ശശി, ഭാര്യ സിതാര എന്നിവർ കോൺഗ്രസ് വിട്ട് ഇടതുപാളയത്തിലെത്തി.
കഴിഞ്ഞതവണ 12,815 വോട്ടുകൾ യു.ഡി.എഫിന് ലഭിച്ച പിരായിരിയിൽ അണികൾക്കും മണ്ഡലംഭാരവാഹികൾക്കും ഇടയിലെ അതൃപ്തി തിരിച്ചടിയാകും. ദീർഘകാലമായി വാർഡ് മെമ്പറായിരുന്നയാളാണ് കോൺഗ്രസ് വിട്ട ശശി.
സി.പി.എമ്മിലും ബി.ജെ.പിയിലും പാളയത്തിലെ പട വെല്ലുവിളിയാണ്. വിജയ സാദ്ധ്യത കണക്കിലെടുത്ത് നേതൃത്വം സി.കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയതാണ് ഭിന്നതയ്ക്ക് ഇടയാക്കിയത്. കൃഷ്ണകുമാർ പക്ഷവും ശോഭാസുരേന്ദ്രൻ പക്ഷവും രണ്ടുതട്ടിലാണ്. സന്ദീപും എതിരായതോടെ ബി.ജെ.പി വെട്ടിലായിരിക്കുകയാണ്.
നഗരസഭിൽ പതിനായിരത്തോളം വോട്ടുകൾ ഭൂരിപക്ഷം നേടാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇത് ഗ്രാമീണമേഖലയിലെ വോട്ടുകൾ കുറയുന്നത് പരിഹരിക്കാൻ ഇടയാക്കും.
കോൺഗ്രസിൽ നിന്ന് ഇടതുപാളയത്തിലേക്കെത്തിയ പി. സരിനെ മത്സരിപ്പിച്ചതും പാർട്ടി ചിഹ്നമില്ലാത്തതും ഇടതു മുന്നണിക്ക് തലവേദനയാണ്. പി.സരിന് പരമ്പരാഗത കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കാനാകുമെന്നാണ് ഇടതു ക്യാമ്പിന്റെ പ്രതീക്ഷ.
പിരായിരിയിൽ ഉൾപ്പെടെ വോട്ടിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് വിട്ടവരെ സി.പി.എം സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പ് ചിഹ്നമായ സ്റ്റെതസ്കോപ്പ് സമ്മാനിച്ചാണ് സരിന്റെ പ്രചാരണം.
വികസന മുരടിപ്പിനെക്കുറിച്ച് ജനങ്ങളോടു ആശങ്ക പ്രകടിപ്പിച്ച സ്ഥാനാർഥി മാറ്റം വരുമെന്ന ഉറപ്പും ജനങ്ങൾക്കു നൽകുന്നു.