/sathyam/media/media_files/2024/11/06/zpLec5nsv7vLUWgXedCR.jpg)
പാലക്കാട്: കുഴല്‍പ്പണ വിവാദത്തില്‍ ഞെരുങ്ങി നില്‍ക്കുമ്പോള്‍ പൊടുന്നനെ വീണുകിട്ടിയ പാതിരാ പരിശോധനയുടെ ആശ്വാസത്തിലാണ് ബിജെപി ക്യാമ്പ്.
പാതിരാ പരിശോധനയുടെ പഴി എല്‍ഡിഎഫിനാണെങ്കിലും അല്‍പം ആശ്വാസം ബിജെപിക്കുണ്ട്. പ്രചരണം തീരുംവരെയെങ്കിലും എതിരാളികള്‍ 'കുഴല്‍പ്പണം' എന്ന് പറയുമ്പോള്‍ 'കള്ളപ്പണം' എന്നു തിരിച്ചുപറയാന്‍ ഒരു കാരണമായി. അതിനാലാണ് പാതിരാ പരിശോധനയില്‍ കോണ്‍ഗ്രസുകാര്‍ സിപിഎം - ബിജെപി ബന്ധം ആരോപിക്കുന്നത്.
അതിനിടെ പാളയത്തില്‍ പടയില്‍ ശക്തമായ നിരീക്ഷണത്തിലാണ് ബിജെപി ക്യമ്പില്‍ കേന്ദ്ര നേതൃത്വം നടത്തുന്നത്. സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനെ വാരുന്നവരെയും വാരിയറെയുമൊക്കെ ഇലക്ഷന്‍ കഴിഞ്ഞാലുടന്‍ 'കൈകാര്യം' ചെയ്യാനാണ് നേതൃത്വത്തിന്‍റെ തീരുമാനം.
ഒരു വശത്ത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ലക്ഷ്യമാക്കി കുഴല്‍പ്പണ വിവാദം ഉയര്‍ത്തിവിട്ടത് ശോഭാ സുരേന്ദ്രന്‍ ക്യാമ്പാണെന്ന ആരോപണം അന്തരീക്ഷത്തില്‍ പാറി നടക്കുന്നുണ്ട്.
മണ്ഡലത്തില്‍ പ്രാദേശിക തലത്തില്‍ പോലും കൃഷ്ണകുമാറിനെതിരെ സ്വന്തം പാളയത്തില്‍ നിന്നും പട നടക്കുന്നുണ്ട്.
അതിനിടയിലാണ് സ്ഥാനാര്‍ഥി കൃഷ്ണകുമാറിനെതിരെ വ്യക്തിപരമായ വിമര്‍ശനം അഴിച്ചുവിട്ട് സന്ദീപ് വാര്യര്‍ പ്രചരണത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ബിജെപിയില്‍ തന്നെ തുടരുന്നുവെന്ന് പറയുമ്പോഴും സന്ദീപിന്‍റെ നീക്കങ്ങളില്‍ ബിജെപിക്ക് സംശയമുണ്ട്.
എന്തായാലും തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പാര്‍ട്ടിയില്‍ ശുദ്ധികലശം ഉണ്ടാകുമെന്ന സൂചനയാണ് നേതൃത്വം നല്‍കുന്നത്.