/sathyam/media/media_files/2024/11/06/vY9hTBoWU1zBCKEk9DZs.jpg)
പാലക്കാട്: ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ട് പ്രചാരണത്തിന്റെ ഗതിമാറ്റി പോലീസിന്റെ അമിതാധികാര പ്രയോഗത്തിലൂടെയുള്ള പാതിരാ റെയ്ഡുകൾ. ഉപതിരഞ്ഞെടുപ്പിന് പണം വിതരണം ചെയ്യാനെത്തിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലാണ് അർദ്ധരാത്രിയിൽ പോലീസ് റെയ്ഡ് നടത്തിയത്.
ഷാനിമോൾ ഉസ്മാനും ബിന്ദുകൃഷ്ണയും താമസിച്ച മുറികളിൽ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തിയത് കള്ളപ്പണം ഒളിപ്പിച്ചെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു. എഎസ്‌പി: അശ്വതി ജി.ജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
റെയ്ഡിൽ കള്ളപ്പണം പിടികൂടിയില്ലെന്ന് പോലീസ് വ്യക്തമാക്കി. കള്ളപ്പണം കടത്തിയെന്ന് രഹസ്യ വിവരം ലഭിച്ചതെവിടെയെന്നും ആർക്കാണ് വിവരം ലഭിച്ചതെന്നും നടപടികളുടെ രീതികളുമൊന്നും പോലീസ് വെളിപ്പെടുത്തുന്നില്ല. പകരം പരിശോധനയ്ക്ക് നിയമപ്രകാരം പൊലീസിന് അവകാശമുണ്ടെന്നാണ് വാദം.
ഇന്ന് പുലർച്ചെ 12.05 ഓടെ കോൺഗ്രസിലെ വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ തുടങ്ങിയവരുടെ മുറികളാണ് പരിശോധനയ്ക്ക് എത്തിയത്. ആദ്യം പരിശോധനയ്ക്ക് വിസമ്മതിച്ച നേതാക്കൾ പിന്നീട് സമ്മതിച്ചു.
തമിഴ്നാട് രജിസ്‌ട്രേഷൻ വാഹനത്തിൽ ഒരു ട്രോളി ബാഗിൽ പണമെത്തിച്ചെന്നായിരുന്നു സി.പി.എം, ബി.ജെ.പി നേതാക്കളുടെ ആരോപണം. ഇതേത്തുടർന്നായിരുന്നു പാതിരാ റെയ്ഡ്. യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, യുവമോർച്ച നേതാക്കൾ സ്ഥലത്തെത്തിയതിന് പിന്നാലെ തർക്കമുണ്ടായി.
പൊലീസ് മുറിയിലേക്ക് അനുവാദമില്ലാതെ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്നും സംഘത്തിൽ വനിതാ പൊലീസ് ഇല്ലായിരുന്നെന്നുമാണ് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ആരോപണം. വളരെ മോശമായ കാര്യമാണു പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു ഷാനിമോൾ ഉസ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.
‘‘മൂന്നര പതിറ്റാണ്ടായി രാഷ്ട്രീയത്തിലുണ്ട്. സ്ത്രീയെന്ന രീതിയിൽ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയാണുണ്ടായത്. 12 മണി കഴിഞ്ഞപ്പോഴാണ് ആരോ വാതിലിൽ മുട്ടിയത്. അതു കഴിഞ്ഞ് വാതിലിൽ തള്ളി. മുറിയുടെ ബെല്ലടിച്ചശേഷം മുറി തുറക്കണം എന്നാവശ്യപ്പെട്ടു. 4 പുരുഷ പൊലീസുകാർ യൂണിഫോമിൽ ഉണ്ടായിരുന്നു".
"വസ്ത്രം മാറിയശേഷം ഞാൻ പുറത്തുവന്നു. യൂണിഫോം ഇല്ലാത്തവരും കൂട്ടത്തിൽ ഉണ്ടായിരുന്നതിനാൽ തിരിച്ചറിയൽ കാർഡ് ചോദിച്ചു. അവർ കാർഡ് കാണിച്ചില്ല. വനിതാ പൊലീസ് ശരീരപരിശോധന നടത്തി. വസ്ത്രങ്ങൾ അടക്കം മുഴുവൻ സാധനങ്ങളും എടുത്ത് വെളിയിലിട്ട് പരിശോധിച്ചു".
"ശുചിമുറിയിലും കിടക്കയ്ക്കുള്ളിലും പരിശോധിച്ചു. 15 ദിവസമായി താമസിക്കുന്ന മുറിയാണ്. പരിശോധിച്ചതിന്റെ വിവരങ്ങൾ എഴുതി തരണമെന്ന് പറഞ്ഞെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല’’ – ഷാനിമോൾ പറഞ്ഞു.
സ്ത്രീകളെന്ന രീതിയിൽ വലിയ അഭിമാനക്ഷതമുണ്ടായതായി ബിന്ദു കൃഷ്ണ പറഞ്ഞു. ‘‘ ഉറങ്ങി കിടന്നപ്പോൾ മുറിക്ക് പുറത്ത് പുരുഷൻമാരുടെ വലിയ ബഹളം കേട്ടു. ഉറക്കത്തിൽനിന്ന് എഴുന്നേറ്റു. ആരോ ബെല്ലടിച്ചു. വാതിൽ തുറന്നപ്പോൾ പൊലീസായിരുന്നു. മുറി പരിശോധിക്കണമെന്ന് പറഞ്ഞു".
"ഞാനും ഭർത്താവുമാണു മുറിയിലുണ്ടായിരുന്നത്. പൊലീസ് മുറിയിലേക്ക് ഇരച്ചു കയറി. നാല് പെട്ടി മുറിയിലുണ്ടായിരുന്നു. വസ്ത്രം മുഴുവൻ വലിച്ച് പുറത്തിട്ടു. എല്ലാം പരിശോധിക്കാൻ ഞാൻ പറഞ്ഞു. പരിശോധന കഴിഞ്ഞപ്പോൾ ഒന്നും കിട്ടിയിട്ടില്ല എന്ന് എഴുതി തരാൻ പറഞ്ഞു. വലിയ ഗൂഢാലോചന നടന്നു. അങ്ങേയറ്റം നീതി നിഷേധമാണുണ്ടായത് ’’–ബിന്ദു കൃഷ്ണ പറഞ്ഞു.
സി.പി.എം നേതാക്കളുടെ മുറികൾ പരിശോധിച്ചെന്നും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ സത്യാവസ്ഥ അറിയാമെന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ വ്യക്തമാക്കി. മുഴുവൻ മുറികളും പരിശോധിക്കണമെന്ന് യുവർമോർച്ചയും ആവശ്യപ്പെട്ടു.
അതേസമയം ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചെന്ന് പോലീസ് പറഞ്ഞു. എല്ലാ പാർട്ടികളുടെയും നേതാക്കൾ താമസിച്ച മുറികൾ പരിശോധിച്ചിട്ടുണ്ട്. എന്തെങ്കിലും പരാതി ലഭിച്ചാൽ ഹോട്ടലിലെ സിസിടിവികൾ പരിശോധിക്കുമെന്നും എഎസ്‌പി വ്യക്തമാക്കി.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തിയ്യതി 20ലേക്ക് മാറ്റിയതോടെ പ്രചരണ തന്ത്രങ്ങൾ മാറ്റുകയാണ് മുന്നണികൾ. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിക്കുകയാണ് സ്ഥാനാർത്ഥികൾ. അതിനിടയിലാണ് കള്ളപ്പണ റെയ്ഡ്.
റെയ്ഡിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പോലീസിനെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് പാലക്കാട്ടെ പാതിരാ റെയ്ഡെന്നാണ് കോൺഗ്രസും ബിജെപിയും പറയുന്നത്. അതേസമയം തെരഞ്ഞെടുപ്പ് കാലത്തെ സ്വാഭാവിക പരിശോധനയാണിതെന്നാണ് മന്ത്രി എം.ബി രാജേഷ് പറയുന്നത്.