/sathyam/media/media_files/2024/10/17/gYLNPUlOQiaL89Sl787v.jpg)
പാലക്കാട്: ട്രോളി ബാഗിൽ കള്ളപ്പണം കടത്തിയെന്ന ആരോപണം വരുത്തിയ വീഴ്ച പാലക്കാട് ഉപ തിരഞ്ഞെടുപ്പിലടക്കം തിരിച്ചടിയാവും എന്ന ഭയത്തിൽ സി.പിഎം.
ഇതിനിടെ പി.പി ദിവ്യ വിഷയത്തിലെങ്കിലും തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് ദിവ്യയ്ക്ക് എതിരെ അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടിയുമായി സി.പി.എം മുന്നോട്ടു വന്നത്.
പാർട്ടി സമ്മേളനകാലത്ത് അച്ചടക്കനടപടികൾ നീട്ടിവെക്കുകയെന്ന കീഴ്‌വഴക്കമാണ് ദിവ്യയുടെ കാര്യത്തിൽ പാർട്ടി തിരുത്തിയത്. എന്നാൽ അതിന് ഇത്ര വൈകിയത് എന്തിന് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്.
ജാമ്യാപേക്ഷ പരിഗണിച്ച ഘട്ടത്തിൽ പിപി ദിവ്യയ്ക്ക് എതിരെ അതിരൂക്ഷമായ നിലപാടാണ് പ്രോസിക്യൂഷനും എഡിഎം നവീൻ ബാബുവിൻ്റെ ബന്ധുക്കളും സ്വീകരിച്ചത്. ആ നിലപാടുകൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രതിപക്ഷം ചർച്ചയ്ക്കുകയും ചെയ്തു.
ട്രോളി ബാഗ് വിവാദത്തിൽ പാർട്ടിക്കേറ്റ പരിക്കിൽനിന്ന് കരകയറാൻ കൂടിയാവണം പിപി ദിവ്യയ്ക്ക് എതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചതിൽ നിന്നും വ്യക്തമാവുന്നത്.
എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിലായ ദിവ്യയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് 20 ദിവസം വേണ്ടിവന്നു ഇങ്ങനെയൊരു തീരുമാനത്തിന് എന്നതും ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ പാലക്കാട് നടന്ന പോലീസ് റെയ്ഡിൽ റിപ്പോർട്ട് ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ പൊലിസിന് സംഭവിച്ച വീഴ്ചയിൽ സർക്കാറിനെ കുറ്റപ്പെടുത്തിയേക്കും.
ഒപ്പം നവീൻ ബാബുവിനെ ആത്മഹത്യയിലേയ്ക്ക് നയിച്ച പിപി ദിവ്യയുടെ നടപടിയും മണ്ഡലങ്ങളിലെ വോട്ടർമാർക്കിടയിൽ ചർച്ചയാണ്.
അതോടെ തുടക്കത്തിൽ ദിവ്യയ്ക്ക് പ്രതിരോധം തീർത്ത സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിക്കും അവരെ കൈവിടുകയല്ലാതെ മാർഗമില്ലെന്നായി. എന്നാൽ വൈകി വന്ന വിവേകവും പ്രതിപക്ഷം ആയുധമാക്കുകയാണ്.