/sathyam/media/media_files/2024/11/06/DONphFBb0gLPgXOUfP7U.jpg)
പാലക്കാട്: പാലക്കാട്ടെ ട്രോളി വിവാദമുയർത്തി നേട്ടം കൊയ്യാൻ സിപിഎം ശ്രമിക്കുമ്പോഴാണ് ട്രോളി വിവാദത്തെ പൂർണമായും തള്ളി സിപിഎം സംസ്ഥാന സമിതി അംഗം എൻ.എൻ കൃഷ്ണദാസ് വെടി പൊട്ടിക്കുന്നത്.
ട്രോളി വിവാദം അനാവശ്യമെന്ന് തുറന്നടിച്ച എന്‍.എന്‍ കൃഷ്ണദാസ്, പാലക്കാട് ചർച്ച ചെയ്യേണ്ടത് വികസനം ആണെന്നും വ്യക്തമാക്കി. ഇതോടെ സിപിഎം വെട്ടിലായി.
കള്ളപ്പണം പാലക്കാട് എത്തിയെന്നതാണ് വസ്തുതയെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ആവശ്യപ്പെട്ടു.
പാർട്ടിയിലെ മുതിർന്ന രണ്ട് അംഗങ്ങൾ ട്രോളി വിഷയത്തിൽ ഭിന്നാഭിപ്രായം പരസ്യമാക്കിയതോടെ സിപിഎം അണികളും ആശയക്കുഴപ്പത്തിലായി. കൃഷ്ണദാസ് പറഞ്ഞതിനെ കുറിച്ച് കൃഷ്ണദാസിനോട് തന്നെ ചോദിക്കണമെന്നു കൂടി പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞുവെക്കുമ്പോൾ കാര്യങ്ങൾ ഏതു വഴിക്ക് നീങ്ങുന്നു എന്ന് വ്യക്തം.
ട്രോളി വിഷയത്തിൽ പക്ഷേ അന്വേഷണം വേണമെന്ന് ആവശ്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷ് പറഞ്ഞത്. പാർട്ടിയുടെ നിലപാട് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയ പശ്ചാത്തലത്തിൽ പാർട്ടി ജില്ലാ ഘടകവും അതിനോടൊപ്പം നിൽക്കണമെന്നാണ് ഈ.എൻ സുരേഷ് ബാബു പറയുന്നത്.
സിപിഎമ്മിൽ ഉടലെടുത്ത ഭിന്നത ആയുധമാക്കി യുഡിഎഫും രംഗത്ത് എത്തി. നീല ട്രോളിയിൽ തുണിയോ പണമോ എന്നത് അറിയാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസും.
തെളിവുകൾ ഒന്നും ഇല്ലാതെ ആരോപിച്ച നീല ട്രോളി ബാഗ് വെറും വിവാദമായി ഒടുങ്ങുമ്പോൾ പാലക്കാട് വീണ്ടും ഒരു തിരിച്ചടി ഭയക്കുകയാണ് ഇടതുപക്ഷം.