/sathyam/media/media_files/2024/11/08/pT4LhOt3kPSvsrDYGvvP.jpg)
പാലക്കാട്: നീല ട്രോളി വിവാദം എങ്ങുമെത്താതെ പൊട്ടി പാളീസായതിനിടെ പാതിരാ പരിശോധനാ നാടകം സ്വന്തം പക്ഷത്തുതന്നെ ഭിന്നതയായി മാറിയത് ഇടതു മുന്നണിക്ക് തലവേദനയാകുന്നു. താരതമ്യേന വിവാദങ്ങളിലൊന്നും അകപ്പെടാതെ ശാന്തമായി ഒഴുകുകയായിരുന്ന ചേലക്കരയില്‍ വിവാദം തിരിച്ചടിയാകുമോ എന്നതാണ് സിപിഎമ്മിന്‍റെ പുതിയ ആശങ്ക.
കടുത്ത ഭരണവിരുദ്ധ വികാരത്തിനിടയിലും സ്ഥാനാര്‍ഥി മികവില്‍ പിടിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പാലക്കാട്ടെ പാതിരാ നാടകം ചേലക്കരയിലും കരിനിഴല്‍ വീഴ്ത്തുന്നത്.
നീല ട്രോളി വിവാദം അണികളെ മാത്രമല്ല, നേതാക്കളെ പോലും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നതാണ് മുന്‍ എംപി എന്‍.എന്‍ കൃഷ്ണദാസിന്‍റെ ഇന്നത്തെ പ്രതികരണം. വെറുതെ കോണ്‍ഗ്രസുകാര്‍ ഇട്ടുകൊടുത്ത കെണിയില്‍ വീഴരുതെന്ന കൃഷ്ണദാസിന്‍റെ പ്രതികരണം മന്ത്രി എം.ബി രാജേഷും ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള പരോക്ഷ വിമര്‍ശനം കൂടിയാണ്.
ട്രോളി വിവാദം കൈകാര്യം ചെയ്ത രീതി പാളിപ്പോയെന്ന വിമര്‍ശനം കഴിഞ്ഞ ദിവസം മുതല്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. ഇലക്ഷന്‍ പ്രോട്ടോക്കോളിന് വിരുദ്ധമായി സംസ്ഥാന മന്ത്രി റെയ്ഡിന് നിര്‍ദേശം നല്‍കിയെന്ന തരത്തില്‍ തെളിവുകള്‍ പുറത്തുവന്നാല്‍ അത് മന്ത്രിയുടെ രാജിയിലേയ്ക്കുപോലും എത്തുകയും ചെയ്യും.
അതിനൊക്കെ പുറമെയാണ് സംഭവം ബിജെപിയെ സഹായിക്കാനായിരുന്നെന്ന സംശയം ഉയരുന്നത്. കൊടകര കുഴല്‍പ്പണ വിവാദത്തില്‍പ്പെട്ട് നട്ടം തിരിയുകയായിരുന്ന ബിജെപിയെ രണ്ട് തരത്തിലാണ് വിവാദം സഹായിച്ചത്; ഒന്ന്, വാര്‍ത്തകളുടെ തലക്കെട്ടില്‍ നിന്നും കൊടകര മാഞ്ഞു. രണ്ട്, കോണ്‍ഗ്രസുകാര്‍ ഇനി കൊടകര കുഴല്‍പ്പണ - സിപിഎം ബാന്ധവം ആരോപിക്കുന്നതിനു പകരം അവര്‍ക്കു പറയാന്‍ ഒരു ട്രോളി ബാഗ് കള്ളപ്പണ കഥ വീണുകിട്ടി.
ഇതോടെ പാലക്കാട് അകപ്പെട്ടുപോയത് സിപിഎം ആണ്. പാതിരാ പരിശോധന എട്ടു നിലയില്‍ പാളീസായപ്പോള്‍ ബിജെപി മാറിനിന്ന് ചിരിക്കുകയായിരുന്നു.
എന്നാല്‍ പാലക്കാട് പതിവായി മൂന്നാം സ്ഥാനത്തുള്ള സിപിഎമ്മിന് അവിടെ വിജയ പ്രതീക്ഷകളെ വിവാദം ഒട്ടും ബാധിക്കില്ലെങ്കിലും ചേലക്കരയിലെ സ്ഥിതി അതല്ല.
ചേലക്കരയില്‍ ഇഞ്ചോടിഞ്ചാണ് പോരാട്ടം. യുഡിഎഫിനും ഇടതുമുന്നണിയ്ക്കും മേല്‍ക്കൈ പറയാന്‍ കഴിയാത്ത സ്ഥിതിയില്‍ പോരാട്ടം കനക്കുമ്പോഴാണ് പാലക്കാട്ടെ പാതിരാ നാടകം പൊളിഞ്ഞ കഥ ചേലക്കരയില്‍ അരങ്ങത്തെത്തിയത്.
ഇത് ചേലക്കരയില്‍ പ്രതികൂലമാകുമോ എന്ന ആശങ്ക ഇടതുപക്ഷത്തിനുണ്ട്. ആ ഭയത്തിലാണ് ഇന്ന് 8 മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പടയെത്തന്നെ ചേലക്കരയിലിറക്കാന്‍ സിപിഎമ്മിനെ നിര്‍ബന്ധിതരാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനും മണ്ഡലത്തില്‍ രണ്ട് ദിവസം തങ്ങാനാണ് പദ്ധതി. പാലക്കാടിന് പിന്നാലെ ചേലക്കരകൂടി കൈവിട്ടാല്‍ അത് രാഷ്ട്രീയമായി വന്‍ തിരിച്ചടിയാകുമെന്ന ഭയം സിപിഎമ്മിനുണ്ട്. അതിനിടയിലാണ് പതിവില്ലാത്ത വിധം പാര്‍ട്ടിയിലെ ഭിന്നതകളും മറനീക്കി പുറത്തുവന്നിരിക്കുന്നത്.