പാലക്കാട്: കുഴൽമന്ദം ശിവദാസൻ കൊലപാതകം, പ്രതിക്ക് ജീവപര്യന്തം തടവും 5,00,000 രൂപ പിഴയും. കുഴൽമന്ദം കണ്ണനൂർ കാട്ടിരംകാട് ഹൗസ് വേലുണ്ണി മകൻ ശിവദാസ് ( 32) എന്നയാളെ വെട്ടി പരുക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസ്സിലെ രണ്ടാം പ്രതി കണ്ണന്നൂർ കാട്ടിരംകാട് ഹൗസ് പ്രസാദ്(47) എന്നയാൾക്ക് പാലക്കാട് തേർഡ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ പി തങ്കച്ചൻ ജീവപര്യന്തം തടവും 5,00,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിൽ പൂജ നടത്തിപ്പിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നും അതിർത്തി തർക്കത്തെ തുടർന്നും, ഒന്നാം പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് പരാതി പെട്ടതിലുള്ള മുൻവിരോദത്താലും പുല്ലുപ്പാറ എന്ന സ്ഥലത്ത് വെച്ച് പ്രതികൾ മോട്ടോർസൈക്കിളിൽ സഞ്ചരിച്ചു വന്നിരുന്ന ശിവദാസിനെ ഇടിച്ച് വീഴ്ത്തി വാളുകൊണ്ട് തലക്കും കഴുത്തിനും കയ്യിലും വാരിഭാഗത്തും വയറിലും കാലിലും വെട്ടിയും കുത്തിയും 56 മാരകമായ പരിക്കുകൾ ഏൽപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.
ഈ കേസ്സിലെ ഒന്നാം പ്രതിയായ കണ്ണന്നൂർ കാട്ടിരംകാട് ഹൗസ് പ്രകാശൻ( 39) എന്നയാൾ കസ്റ്റഡിയിൽ ഇരിക്കെ പാലക്കാട് സബ് ജയിലിൽ നിന്നും കോടതിയിലേക്ക് പോലീസ് എസ്കോർട്ടിൽ കൊണ്ടു പോകവെ ടിപ്പുസുൽത്താൻ കോട്ടയ്ക്ക് സമീപം വെച്ച് ഗുണ്ടാ സംഘം വെട്ടി കൊലപ്പെടുത്തി. പ്രതികളെ സംഭവത്തിന് ശേഷം രക്ഷപ്പെടുത്തുന്നതിനും ഒളിവിൽ പാർപ്പിക്കുന്നതിനും സഹായിച്ച 3 മുതൽ 7 കൂടിയ പ്രതികളെ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.
അന്നത്തെ കുഴൽമന്ദം ഇൻസ്പെകടറും നിലവിലെ പാലക്കാട് അഡീഷണൽ എസ് പി പി സി ഹരിദാസ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. സബ് ഇൻസ്പെകടർമാരായ കെ രാമദാസ്, വി കിട്ടു, സുരേന്ദ്രൻ, ഹരിദാസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രോസിക്യുഷനുവേണ്ടി മുൻ അഡീ പ്രോസിക്യൂട്ടർ ആനന്ദ്, നിലവിലെ പ്രോസിക്യൂട്ടർ എസ് സിദ്ധാർത്ഥൻ എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 107 രേഖകൾ രേഖപ്പെടുത്തി 44 സാക്ഷികളെ വിസ്തരിച്ചു. എസ് സി പി ഒ സുഭാഷ്, ഷിബു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.