ഗാന്ധിദര്‍ശന്‍ സമിതി ''ജയ് ഭീം അംബേദ്കര്‍'' പ്രതിഷേധ സംഗമം നടന്നു

New Update
gandi

പാലക്കാട് -ഭരണഘടനാ ശിൽപ്പി ഡോ.ബി.ആർ.അംബേദ്കറുടെ സംഭാവനകളെ തമസ്കരിച്ച് ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമമാണ് അമിത് ഷായും ബിജെപിയും നടത്തുന്നതെന്ന് കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ബെെജു വടക്കുംപുറം പറഞ്ഞു.

Advertisment

അമിത് ഷായുടെ അംബേദ്‌കർ വിരുദ്ധ പ്രസ്താവനയ്ക്കെതിരെയും രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസെടുത്തതിനുമെതിരെ കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റി രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ''ജയ് ഭീം അംബേദ്കര്‍'' പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബെെജു വടക്കുംപുറം.

അമിത് ഷായുടെ അംബേദ്ക്കർ വിരുദ്ധ പരാമർശനത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച രാഹുൽ ഗാന്ധിയേയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയേയും കയ്യേറ്റം ചെയ്തത് ബിജെപി എംപിമാരാണ്. അതിനുശേഷം ബിജെപി എംപിമാർ രാഹുൽ ഗാന്ധിക്കെതിരെ പരാതി കൊടുത്തു. 

രാഹുൽ ഗാന്ധിയെ നിശബ്ദമാക്കാനാണ് കുറെ കാലങ്ങളായി ബിജെപി ശ്രമിക്കുന്നത്. അങ്ങനെ  ബിജെപി ശ്രമിച്ചാൽ തകർക്കാൻ കഴിയുന്ന വ്യക്തിത്വമല്ല രാഹുൽ ഗാന്ധി. അംബേദ്‌കറെ അധിക്ഷേപിച്ചതിനെതിരെ രാജ്യത്തുയർന്ന ജനരോഷത്തിലെ ശ്രദ്ധ തിരിച്ച് അമിത് ഷായെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി വ്യാജ ആരോപണം ഉന്നയിച്ചതെന്നും അദ്ധേഹം പറഞ്ഞു.

രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാനും ജനാധിപത്യം നിലനിർത്താനും ഐക്യം സാധ്യമാക്കാനും സ്നേഹത്തിന്റെ സന്ദേശവുമായി തെരുവുകളിലൂടെ നാലായിരത്തിലധികം കിലോമീറ്റർ കാൽനാടയായി സഞ്ചരിച്ച നേതാവാണ് രാഹുൽ ഗാന്ധി. വ്യത്യസ്‌ത മതത്തിലും ഭാഷയിലും സംസ്‌കാരത്തിലുമുള്ള അനേകായിരം കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിലൂടെയാണ് നമ്മുടെ രാജ്യത്തിന്‍റെ  വൈവിധ്യത്തേയും സംസ്കാരത്തെയും സംരക്ഷിച്ചത്. ഭരണഘടനയെ രക്ഷിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. 

സംഘപരിവാർ ഇന്ത്യൻ ഭരണഘടനയെക്കാൾ പ്രാധാന്യം നൽകുന്നത് മനുസ്മൃതിക്കാണ്. അതിനാലാണ് ബി. ആർ അംബേദ്കറെ അധിക്ഷേപിക്കാൻ ബിജെപി തയ്യാറായത്. അമിത് ഷായുടെ പ്രസ്‌താവനയിലൂടെ ബിജെപിയുടെ ദളിത് വിരുദ്ധതയാണ് പ്രകടമായത്.


ജനാധിപത്യ വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന ബിജെപിക്ക് ഭരണഘടനയോടും രാജ്യത്തോടും ഒരു കടപ്പാടുമില്ല.

ബി.ആർ.അംബേദ്കർക്ക് വേണ്ടി ശബ്ദിച്ചതിന് രാഹുൽ ഗാന്ധിയുടെ പേരിൽ കേസെടുക്കാനാണ് മോദി സർക്കാരിൻ്റെ തീരുമാനമെങ്കിൽ അതിനെ തന്റേടത്തോടെ നേരിടും. അംബേദ്‌കറെയും ഇന്ത്യൻ ഭരണഘടനയെയും ഏറെ ബഹുമാനിക്കുന്ന ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിയതിന് ആഭ്യന്തരമന്ത്രി അമിത്ഷാ മാപ്പ് പറഞ്ഞ് തല്‍സ്ഥാനം രാജി വെക്കണമെന്നും ഗാന്ധിദര്‍ശന്‍ സമിതി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.ഷാജു. അധ്യക്ഷത വഹിച്ചു. 

സംസ്ഥാന വെെസ് പ്രസിഡന്‍റ് പി.എസ്.മുരളീധരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ മുണ്ടൂര്‍, പ്രൊഫ.ലക്ഷ്മി പത്മനാഭന്‍, എം.ബാലകൃഷ്ണന്‍, എം.സി.സജീവന്‍, എം.മുരളീധരന്‍, പി.രാമദാസ്, വി.ഉണ്ണികൃഷ്ണന്‍, ഗോകുല്‍ദാസ്, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment