പാലക്കാട്: മുതിർന്നനേതാവ് എൻ.എൻ.കൃഷ്ണദാസിന് എതിരെ സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചതോടെ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന് എതിരെ പടനീക്കം ശക്തമായി.
സംഘടന അച്ചടക്കത്തിലും രാഷ്ട്രീയ നിലപാടിലും വിട്ടുവീഴ്ചചെയ്യാത്ത സുരേഷ് ബാബുവിനെ വരുന്ന ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുക ലക്ഷ്യമിട്ടാണ് ജില്ലയിലെ പാർട്ടിയിലെ ഒരു വിഭാഗം പടയൊരുക്കം നടത്തുന്നത്.
സമീപകാലത്ത് അച്ചടക്ക നടപടി നേരിടുന്നവരെല്ലാം സുരേഷ് ബാബുവിന് എതിരെ ഒരുമിച്ചിരിക്കുകയാണ്.
സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ്, മുൻ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ.ശശിയുടെയും നേതൃത്വത്തിലാണ് സുരേഷ് ബാബുവിന് എതിരായ നീക്കങ്ങൾ.
ഉപ തിരഞ്ഞെടുപ്പിലും ഇതേ വിഭാഗത്തിന്റെ അതൃപ്തിയാണ് പൊതുനിലപാടിന് വിരുദ്ധമായ പ്രതികരണങ്ങളിലും പ്രസ്താവനയായും പുറത്തെത്തിയത്.
ജില്ലയിലെ പാർട്ടിയിൽ യുവക്കാൾ അടങ്ങിയ പുതിയ നേതൃത്വം എത്തിയതും അവർ കാര്യങ്ങൾ മുന്നോട്ട് നയിക്കുന്നതിലും മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ടായിരുന്നു.അതാണ് ട്രോളി വിവാദത്തിൽ ജില്ലാ നേതൃത്വം സ്വീകരിച്ച നിലപാടിന് വിരുദ്ധമായ സമീപനം പരസ്യപ്പെടുത്തുന്നതിലേക്കും എത്തിച്ചത്.
നേരത്തെ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെ വ്യാജ സ്ത്രീപീഡന കേസിൽ കുടുക്കാൻ ശ്രമിച്ചതാണ് പി.കെ.ശശിയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തുന്നതിലേക്ക് എത്തിച്ചത്.
സ്ത്രീ പീഡന കേസിന്റെ എഫ്.ഐ.ആറിൽ സുരേഷ് ബാബുവിന്റെ പേര് വ്യാജമായി ചേർക്കാൻ ഒളിക്യാമറ ഓപ്പറേഷനിൽ മുൻചരിചയമുളള ഓൺലൈൻ സംവിധാനത്തെ സമീപിച്ചത് പുറത്തുവന്നതാണ് പി.കെ.ശശിക്ക് വിനയായത്.
ജില്ലാ സെക്രട്ടറി തന്റെ വരുതിക്ക് നിൽക്കുന്നില്ലെന്ന് തോന്നലിൽ നിന്നാണ് പി.കെ.ശശി ഇ.എൻ.സുരേഷ് ബാബുവിന് എതിരെ നീങ്ങിയത്.പ്രാഥമികാംഗത്വത്തിലേക്ക് തരംതാഴ്ത്തിയതിന് പിന്നാലെ പി.കെ.ശശിയെ സി.ഐ.ടി.യു ജില്ലാ നേതൃത്വത്തിൽ നിന്നും നീക്കിയിരുന്നു.
ശശിയുടെ തട്ടകമായ മണ്ണാർക്കാട് ഏരിയാ കമ്മിറ്റി പിരിച്ചുവിടുക കൂടി ചെയ്തതോടെ ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെ മാറ്റിയേ തീരുവെന്ന വാശിയിലാണ് പി.കെ.ശശി.അതിനിടയിലാണ് മുതിർന്ന നേതാവ് എൻ.എൻ.കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്തിരിക്കുന്നത്.
ഈ നടപടിയും ജില്ലാ നേതൃത്വത്തിന്റെ ശക്തമായ നിലപാടിൻെറ തുടർച്ചയാണെന്ന വിലയിരുത്തലിലാണ് കൃഷ്ണദാസും സുരേഷ് ബാബുവിന് എതിരായ കരുനീക്കത്തിൽ അണിചേർന്നിരിക്കുന്നതെന്നാണ് സൂചന.
കൊഴിഞ്ഞാമ്പാറയിലെ ലോക്കൽ സമ്മേളനങ്ങളിൽ ഉണ്ടായ പ്രശ്നങ്ങൾ ആളിക്കത്തിക്കാനും നീക്കമുണ്ട്.ചിറ്റൂർ സ്വദേശിയായ സുരേഷ് ബാബുവിന്റെ സ്വാധീനമേഖലയാണ് കൊഴിഞ്ഞാമ്പാറ.
ജില്ലയിലെ പാർട്ടിയിൽ ഉണ്ടായ തലമുറമാറ്റം അംഗീകരിക്കാനുളള ചില നേതാക്കളുടെ വൈമനസ്യമാണ് പാലക്കാട് സി.പി.എമ്മിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം.
മൂന്ന് ടേം പൂർത്തിയാക്കി സി.കെ.രാജേന്ദ്രൻ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോൾ എൻ.എൻ.കൃഷ്ണദാസും പി.കെ.ശശിയും ഉൾപ്പെടെ പലനേതാക്കളും ആ പദവിയിലേക്ക് എത്താൻ ആഗ്രഹിച്ചിരുന്നു.
എന്നാൽ ജില്ലാ സെക്രട്ടേറിയേറ്റിലെ താരതമ്യേന ജൂനിയറായ ഇ.എൻ.സുരേഷ് ബാബുവിനാണ് നറുക്ക് വീണത്.ജില്ലാ സെക്രട്ടറിയായി സുരേഷ് ബാബു തിരഞ്ഞെടുക്കപ്പെട്ടതോടെ തങ്ങളുടെ പിന്തുണയിലാണ് സെക്രട്ടറിയായതെന്ന് വരുത്തിതീർക്കാനും പ്രചരിപ്പിക്കാനുമാണ് ഇക്കൂട്ടർ ശ്രമിച്ചത്.
തന്നോട് ആലോചിച്ച് വേണം എല്ലാ സംഘടനാ-രാഷ്ട്രീയ തീരുമാനങ്ങളും കൈക്കൊളളാനെന്ന് പി.കെ.ശശി ശഠിച്ചു.ഇതിന് വഴങ്ങാതെ വന്നതോടെയാണ് സുരേഷ് ബാബുവിനെ വ്യാജകേസിൽ കുടുക്കാൻ നീക്കം ആരംഭിച്ചത്.
ഈ മാസം 21ന് ചിറ്റൂരിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിലും സുരേഷ് ബാബുവിനെ ലക്ഷ്യം വെച്ചുളള നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന