പാലക്കാട്: നെന്മാറയില്‍ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റകൃത്യം ചെയ്യുന്നതില്‍ നിന്ന് പ്രതി ചെന്താമരയെ തടയുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചു എന്ന ആക്ഷേപങ്ങള്‍ക്ക് ഇടയില്‍ കോടതി വിധിയും ചര്‍ച്ചയാകുന്നു.
പോത്തുണ്ടി സ്വദേശി സുധാകരനും (58) അമ്മ ലക്ഷ്മിയുമാണ് ചെന്താമരയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ അജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ആയിരുന്ന ചെന്താമരയ്ക്ക് ജാമ്യവ്യവസ്ഥയില്‍ കോടതി നല്‍കിയ ഇളവാണ് ചര്‍ച്ചയാകുന്നത്.
ഇളവ് അനുവദിച്ചാല്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം ഉണ്ടാകാമെന്നും സാക്ഷികളുടെ ജീവന് ഭീഷണി ഉണ്ടാകാമെന്നും പ്രോസിക്യൂഷന്‍ വഴി നെന്മാറ എസ്എച്ച്ഒ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ പൊലീസ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ചെന്താമരയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാണ് നെന്മാറയില്‍ ഇരട്ടക്കൊലപാതകം നടന്നത്.
2019ലാണ് സുധാകരന്റെ ഭാര്യ അജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ജയിലില്‍ ആയിരുന്ന ചെന്താമര എന്ന 58കാരന് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് 2022 മെയ് മാസത്തിലാണ് ജാമ്യം അനുവദിച്ചത്.
നെന്മാറ സ്റ്റേഷന്‍ പരിധിയില്‍ കയറാന്‍ പാടില്ല എന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്. കൊലപാതകം നടന്നത് നെന്മാറ സ്റ്റേഷന്‍ പരിധിയിലാണ്. കൂടാതെ മുഖ്യസാക്ഷികള്‍ താമസിക്കുന്നത് ഇവിടെയാണ്. സാക്ഷികളുടെ ജീവന് ഭീഷണിയില്ലാതിരിക്കുന്നതിന് വേണ്ടി കൂടിയാണ് നെന്മാറ സ്റ്റേഷന്‍ പരിധിയില്‍ കയറാന്‍ പാടില്ല എന്ന് കോടതി നിര്‍ദേശിച്ചത്.