പാലക്കാട്: ഭാര്യ പിണങ്ങി പോയതിന്റെ കാരണം അയൽക്കാർ കാരണമെന്ന് തെറ്റിദ്ധാരണമൂലമാണ് നെന്മാറയിലെ ഇരട്ട കൊലപാതകത്തിലെ പ്രതി ചെന്താമര ആദ്യ കൊലപാതകം 5 വർഷം മുൻപ് ചെയ്തത്.
ഭാര്യ ഉൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാനായിരുന്നു ചെന്താമരയുടെ പ്ലാൻ. സജിത, ഭർത്താവ് സുധാകരൻ, സുധാകരന്റെ അമ്മ ലക്ഷ്മി, പുഷ്പ, ചെന്താമരയുടെ ഭാര്യ എന്നിവരാണ് അഞ്ചുപേർ.
തന്റെ കുടുംബം തെറ്റിപ്പിരിയാൻ കാരണം സുജാതയും സുധാകരനുമാണെന്ന് ഇയാൾ കരുതിയിരുന്നു. ഇത് മൂലമുണ്ടായ പകയാണ് കൊലപാതകങ്ങൾക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
പിരിഞ്ഞു പോയ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു ജയിലിൽ നിന്നിറങ്ങിയ ശേഷം തൻ്റെ ആദ്യലക്ഷ്യമെന്ന് പറഞ്ഞ ഇയാൾ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയതിൻ്റെ കാരണവും പൊലീസിനോട് പറഞ്ഞു.
പോത്തുണ്ടിയിലെ വീട്ടിലേക്ക് ഭാര്യയെ വിളിച്ചുവരുത്തി വകവരുത്താനാണ് പദ്ധതിയിട്ടതെന്നും ഇത് സാധിക്കാതെ വന്നതോടെയാണ് മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
2019 ൽ സജിതയെ കൊലപ്പെടുത്തിയതിലുള്ള പക സുധാകരന് തന്നോട് ഉണ്ടെന്ന് സംശയിച്ചെന്നും സുധാകരൻ തന്നെ ആക്രമിക്കുമെന്ന സംശയത്തെ തുടർന്നാണ് ഇയാളെയും അമ്മയെയും വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതെന്നും ഇയാൾ പറഞ്ഞു.
രണ്ടു രാത്രിയും രണ്ടു പകലും നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസ് ചെന്താമരയെ പിടി കൂടിയത്. പോത്തുണ്ടി വനമേഖലയിൽ ഒളിവിലായിരുന്ന പ്രതി വീട്ടിലേക്കു ഭക്ഷണം തേടി വരുന്നതിനിടെ ഇന്നലെ രാത്രി പത്തുമണിയോടെയാണു കസ്റ്റഡിയിലായത്. ഒട്ടും കുറ്റബോധമില്ലാത്ത ഭാവത്തിലായിരുന്നു ചെന്താമര.
ചെന്താമര സൈക്കോയാണെന്നാണ് നാട്ടുകാർ പറയുന്നത്. പുതിയ വസ്ത്രമിട്ട് വീടിന് മുന്നിലൂടെ പോയാലോ, വീട്ടിലേക്ക് നോക്കിയാലോ ഫോൺ ചെയ്താലോ വരെ ഇയാൾ അക്രമാസക്തമാകും.
സുധാകരനെയും അമ്മയെയും കൊലപ്പെടുത്തുന്നതിന് മുമ്പ് പരിസരവാസിയായ മറ്റൊരു സ്ത്രീയെയും ഇയാൾ കൊടുവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു.