പാലക്കാട്: വിജിലൻസ് റെയ്ഡിൽ വാളയാർ, വേലന്താവളം മോട്ടോർ വാഹന ചെക്‌പോസ്റ്റുകളിൽ നിന്ന് 1.60 ലക്ഷം രൂപ പിടികൂടി. രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും വിജിലൻസ് റെയ്ഡ് നടത്തിയത്. വാളയാർ ഇൻ, വാളയാർ ഔട്ട്, വേലന്താവളം എന്നീ ചെക്‌പോസ്റ്റുകളിലായിരുന്നു പരിശോധന.
ലോറി ജീവനക്കാർക്കൊപ്പം മാറി നിന്നു മണക്കൂറുകളോളം നിരീക്ഷിച്ച ശേഷമാണ് വിജിലൻസ് ഉദ്യോഗസ്‌ഥർ മിന്നൽ വേഗത്തിൽ ചെക്പോസ്റ്റിനകത്തേക്ക് കയറി, പരിശോധന നടത്തി കൈക്കൂലി പണം പിടിച്ചെടുത്തത്.
ഈ മാസം 11, 12 തീയതികളിലായി നടന്ന വിജിലൻസ് പരിശോധനയിൽ 5 ചെക്പോസ്‌റ്റുകളിൽ നിന്നായി 3,26,980 രൂപ പിടികൂടിയിരുന്നു.
ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ പരിശോധന പുലർച്ചെ മൂന്നു മണി വരെ നീണ്ടു. വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഏറ്റവും കൂടുതൽ അനധികൃതമായ പണം പിടിച്ചെടുത്തത് വാളയാർ ഇൻ ചെക് പോസ്റ്റിൽ നിന്നായിരുന്നു.