പാലക്കാട്: പ്രശസ്തമായ സത്രം കാവ് ക്ഷേത്രത്തിൽ മോഷണം നടന്നതായി പരാതി. സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായി ക്ഷേത്ര അധികാരികൾ വ്യക്തമാക്കി.
പാലക്കാട് കല്ലടിക്കോട് കാഞ്ഞിക്കുളത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലാണ് സംഭവം. നാലു ഭണ്ഡാരങ്ങളും ഓഫീസും അലമാരയും കുത്തി തുറന്നാണ് മോഷണം.
മോഷണത്തിൽ ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായി ക്ഷേത്ര കമ്മറ്റി അറിയിച്ചു.
ഇന്ന് രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് ഭണ്ഡാരങ്ങളും ഓഫീസും കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് കോങ്ങാട് പൊലീസിൽ ക്ഷേത്ര കമ്മറ്റി വിവരം അറിയിക്കുകയായിരുന്നു.
മുഖം മറച്ച് കമ്പിയുമായി എത്തിയ ആളാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് സിസിടിവിയിൽ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. തോർത്തു കൊണ്ട് മുഖം വരിഞ്ഞുകെട്ടിയാണ് മോഷ്‌ടാവ് കൃത്യം നടത്തിയത്. ഇയാൾ തുടക്കത്തിൽ ഓഫീസിലെ ഡ്രോ തുറക്കാൻ ശ്രമിക്കുന്നതും,
പിന്നീട് അലമാര കുത്തിത്തുറക്കുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു. അലമാര തുറക്കാൻ കമ്പിപ്പാര എന്ന് തോന്നുന്ന നീളമുള്ള കമ്പി ഉപയോഗിക്കുന്നതും തെളിഞ്ഞിട്ടുണ്ട്.