പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ ചെന്താമരയുമായി പോത്തുണ്ടിയിൽ എത്തി പൊലീസ് തെളിവെടുപ്പ് നടത്തി. ചെന്താമരയുമായി എത്തുന്നത് അറിഞ്ഞ് നാട്ടുകാർ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. കൊലപാതകം നടത്തിയതും കൃത്യത്തിന് ശേഷം രക്ഷപ്പെട്ട വഴിയും ചെന്താമര പൊലീസിന് വിവരിച്ചുകൊടുത്തു.
താൻ കത്തി പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അയൽവാസിയായ സുധാകരൻ വാഹനം റിവേഴ്സ് എടുത്തുവെന്ന് തെളിവെടുപ്പിൽ ചെന്താമര പൊലീസിനോട് പറഞ്ഞു. പ്രകോപനത്തിനിടെ ആക്രമിച്ചു. ഈ സമയം ലക്ഷ്മി അവരുടെ വീടിന് മുന്നിൽ ആണ് നിന്നിരുന്നത്. തനിക്ക് നേരെ ശബ്ദം ഉണ്ടാക്കിവരുന്നത് കണ്ടപ്പോൾ ലക്ഷമിയെ ആക്രമിച്ചു. അതിന് ശേഷം പിൻവശത്തുകൂടെ പുറത്തിറങ്ങി. പിന്നീട് സമീപത്തെ പാടവരമ്പത്ത് കൂടെ അരക്കമലയിലേക്ക് നടന്നുവെന്നും ചെന്താമര വിശദീകരിച്ചു. ഈ വഴികളിലൂടെയൊക്കെ ചെന്താമരയേയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി.
തുടർന്ന് മൊബൈൽ ഫോണും സിമ്മും കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചുവെന്നും പ്രതി പറഞ്ഞു. പാടവരമ്പത്തെ കമ്പിവേലി ചാടിക്കടന്ന് ആണ് വനത്തിലേക്ക് നടന്നത്. നാട്ടുകാരുടെ കണ്ണിൽ പെടാതിരിക്കാൻ കനാലിലെ ഓവു പാലത്തിനടിയിലൂടെയും ഇറങ്ങി നടന്നു. വനത്തിൽ കയറുന്നതിനിടെ ആനയുടെ മുന്നിൽ അകപെട്ടെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു.
ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയേയും ചെന്താമര വെട്ടുകയായിരുന്നു