Advertisment

കുടുംബം തകരാൻ പ്രധാന കാരണക്കാരി അയൽവാസിയായ പുഷ്പ. അവരെ വകവരുത്താൻ പറ്റാത്തതിൽ നിരാശയുണ്ടെന്ന് നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ മൊഴി. ഇനി പുറത്തിറങ്ങാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ട് പുഷ്പ രക്ഷപ്പെട്ടെന്നും മൊഴി

അവരെ വകവരുത്താൻ പറ്റാത്തതിൽ നിരാശയുണ്ടെന്നും താൻ പുറത്തിറങ്ങാതിരിക്കാൻ മാസ് പെറ്റീഷൻ നൽകിയവരിൽ ഒരാൾ പുഷ്പയാണെന്നും ചെന്താമര പോലീസിനോട് പറഞ്ഞു. 

New Update
chenthamara nenmara case

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ മൊഴി പുറത്ത്. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൂടുതൽ കാര്യങ്ങള്‍ ചെന്താമര പൊലീസിനോട് വെളിപ്പെടുത്തിയത്.

Advertisment

തന്‍റെ കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാള്‍ അയൽവാസിയായ പുഷ്പയാണെന്ന് ചെന്താമര മൊഴി നൽകി.


അവരെ വകവരുത്താൻ പറ്റാത്തതിൽ നിരാശയുണ്ടെന്നും താൻ പുറത്തിറങ്ങാതിരിക്കാൻ മാസ് പെറ്റീഷൻ നൽകിയവരിൽ ഒരാൾ പുഷ്പയാണെന്നും ചെന്താമര പോലീസിനോട് പറഞ്ഞു. 


ഇനി പുറത്തിറങ്ങാൻ താൻ ആ​ഗ്രഹിക്കുന്നില്ല. അതുകൊണ്ട് പുഷ്പ രക്ഷപ്പെട്ടെന്നും പ്രതി വ്യക്തമാക്കി. ആലത്തൂര്‍ ഡിവൈഎസ്‍പി എൻ മുരളീധരന്‍റെ ചോദ്യം ചെയ്യലിലാണ് ചെന്താമരയുടെ വെളിപ്പെടുത്തൽ. 

ഇന്ന് ചെന്താമരയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് 400 പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.


ഒരു കൂസലുമില്ലാതെയാണ് പ്രതി പൊലീസിനോട് കൊലപാതക വിവരങ്ങൾ പങ്കുവച്ചത്. 40 മിനിറ്റോളം തെളിവെടുപ്പ് നീണ്ടുനിന്നു. 


നാളെ വൈകീട്ട് 3 മണി വരെയാണ് ചെന്താമരയുടെ കസ്റ്റഡി കാലാവധി. അതിനാൽ നാളെയും കൂടുതൽ തെളിവെടുപ്പ് ഉണ്ടായേക്കാം.

ഇന്ന് രാവിലെ 11 മണിയ്ക്കാണ് ചെന്താമരയെ വിയ്യൂർ ജയിലിൽ നിന്ന് ആലത്തൂർ കോടതിയിൽ എത്തിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ ശേഷം പൊലീസ് പ്രതിയുമായി പോത്തുണ്ടിയിലെ ബോയൻ കോളനിയിലേക്കാണ് എത്തിയത്.


കൊല നടത്തിയ സ്ഥലത്താണ് ആദ്യമെത്തിച്ചത്. അയൽവാസിയായ സുധാകരനെയും, അമ്മ ലക്ഷ്മിയെയും എങ്ങനെ കൊന്നുവെന്ന് ഒരു കുറ്റബോധവുമില്ലാതെ പ്രതി വിശദീകരിച്ചു. 


പിന്നീട് കൊലപാതകത്തിന് ശേഷം ആയുധം ഒളിപ്പിച്ച ചെന്താമരയുടെ വീട്, മൊബൈൽ ഫോൺ ഉപേക്ഷിച്ച സ്ഥലം, ഒളിവിൽ പോയ മല, പ്രതിയെ കണ്ടെത്തിയ സ്ഥലം എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തിയിരുന്നു. 

പകൽ മുഴുവൻ പാടത്തെ ചെറിയ ചാലിൽ തന്നെ നിന്നു . രാത്രി കനാലിലൂടെ മലകയറിയെന്നും അവിടെ ഒരു ഗുഹയിലായിരുന്നു താമസമെന്നും ചെന്താമര വിശദീകരിച്ചു. ഒളിവിലിരിക്കെ പൊലീസ് ജീപ്പിന്‍റെ വെളിച്ചം പലവട്ടം കണ്ടുവെന്നും ചെന്താമര പറഞ്ഞു.

മലയിലേക്ക് പോയ വഴിയും തിരിച്ചുവന്ന വഴിയും ഉള്‍പ്പെടെ ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തു.  കേസിലെ സാക്ഷികളെ ഉള്‍പ്പെടെ കൊണ്ടുവന്നാണ് പൊലീസ് തെളിവെടുത്തത്.  

Advertisment