പാലക്കാട് വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. സുഹൃത്ത് പൊലീസ് പിടിയിൽ. കൊലപാതകത്തിന് കാരണം സാമ്പത്തിക ഇടപാട്

കുത്തേറ്റ മനുവിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

New Update
palakad crime

പാലക്കാട്: വടക്കഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായി. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

Advertisment

ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്. മനുവിന് വിഷ്ണു 5000 രൂപ നല്‍കിയിരുന്നു. ഇത് തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ട്. ഇന്നലെ പണം തിരികെ തരാമെന്ന് പറഞ്ഞ് മനു വിഷ്ണുവിനെ വിളിക്കുകയായിരുന്നു. 

പറഞ്ഞത് അനുസരിച്ച് വീടിന് സമീപമുള്ള പ്രദേശത്ത് എത്തിയ വിഷ്ണുവിനെ മനു ആക്രമിച്ചു. ഈ ആക്രമണത്തിനിടെ വിഷ്ണു കത്തി ഉപയോഗിച്ച് മനുവിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നാലെ വിഷ്ണുവിനെ തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റ മനുവിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.