പാലക്കാട്: പൊതുസ്ഥലങ്ങളിലും വഴിയരികിലും മാലിന്യങ്ങൾ വലിച്ചെറിയുന്നവർ പിടിക്കപ്പെട്ടാൽ വലിയ തുക പിഴയടക്കേണ്ട നടപടി ക്രമമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. അതിൽ വ്യക്തികളുടെ വലിപ്പച്ചെറുപ്പം ഒരു മാനദണ്ഡമേയല്ല എന്നതും വസ്തുതയാണ്.
ഗായകൻ എംജി ശ്രീകുമാറിന്റെ കൊച്ചിയിലെ വീട്ടിൽ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നപ്പോൾ സർക്കാർ പിഴയിട്ടത് 25000 രൂപയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം നടപടികൾ തുടരുന്നുണ്ട്.
പാലക്കാട് ജില്ലയിലെ തൃത്താല തിരുമിറ്റക്കോട് പഞ്ചായത്തിൽ രാത്രി വഴിയോരത്ത് മാലിന്യം വലിച്ചെറിഞ്ഞവരെ പിടികൂടിയത് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്. മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തി പിഴ ചുമത്തുകയും ചെയ്തു പഞ്ചായത്ത്.
വഴിയരികിൽ നിക്ഷേപിച്ച മാലിന്യത്തിലെ ഒരു കവറിലുള്ള ക്യൂ ആർ കോഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്ന് ലഭിച്ച ഫോൺ നമ്പറും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വാഹനങ്ങളുടെ വിവരവും ഉപയോഗിച്ചാണ് കുറ്റക്കാരെ കണ്ടെത്തിയത്.
/sathyam/media/media_files/2025/04/09/CK31yLtCawtnaa8j9uIX.jpg)
മന്ത്രി എം ബി രാജേഷ് തന്നെ ഈ നടപടിയെ ശ്ലാഘിച്ചു കൊണ്ട് രംഗത്തെത്തുകയും ചെയ്തു. 25000 രൂപയാണ് ഈ സംഭവത്തിലും പഞ്ചായത്ത് പിഴ ഈടാക്കിയത്. കോട്ടയത്ത് നിന്ന് കോഴിക്കോടേക്ക് കാറിൽ പോവുകയായിരുന്ന യുവാക്കളാണ് മാലിന്യം വഴിയരികിലേക്ക് വലിച്ചെറിഞ്ഞത്.
തിരുമിറ്റിക്കോട് പഞ്ചായത്തിലെ കോഴിക്കോട്ടിരി പാലത്തിന് സമീപമായിരുന്നു മാലിന്യം കണ്ടെത്തിയത്. മാലിന്യം തള്ളിയ സംഭവം യുവാക്കൾ ആദ്യം നിഷേധിച്ചെങ്കിലും തെളിവുകൾ നൽകിയതോടെ പിഴ അടക്കേണ്ടി വരികയായിരുന്നു എന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പഞ്ചായത്ത് അധികൃതരെ മന്ത്രി എംബി രാജേഷ് അഭിനന്ദിച്ചു. ഇത് എല്ലാവർക്കുമുള്ള മുന്നറിയിപ്പായിരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.