പാലക്കാട്: കാമുകി പിണങ്ങിയെന്ന കാരണത്താല്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച് യുവാവ് പൊലീസ് പിടിയില്‍. ഒഡിഷ ബാലിഗുഡ മഡ്ഗുഡ സ്വദേശി ബിനാട മല്ലിക് (23) ആണ് മലമ്പുഴ പൊലീസിന്റെ പിടിയിലായത്.
മലമ്പുഴ ആരക്കോട് പറമ്പില്‍ റെയില്‍വേ ട്രാക്കിന് സമീപത്തെ സിമന്റ് കട്ട നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയാണ് ഇയാള്‍.
ഫോണില്‍ സംസാരിക്കവെയാണ് ഒഡിഷയിലെ കാമുകിയുമായി ഇയാള്‍ പിണങ്ങിയത്. മദ്യ ലഹരിയിലായിരുന്ന യുവാവ് ആദ്യം തന്റെ ശരീരത്തില്‍ കുപ്പിച്ചില്ലുപയോഗിച്ചു മുറിവേല്‍പ്പിച്ചു.
പിന്നീട് ട്രെയിന്‍ അപകടപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി സമീപത്ത് കണ്ട വലിയ മരത്തടി വലിച്ചുകൊണ്ടുപോയി റെയില്‍പ്പാളത്തില്‍ വച്ചു. വെള്ളി പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം.