തെരുവുനായ ആക്രമണത്തിൽ ഒരു മാസത്തിനിടെ  പൊലിഞ്ഞത് മൂന്നു ജീവനുകൾ. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകൾ ലഘൂകരിക്കണം. കേന്ദ്ര നിയമങ്ങളിൽ മാറ്റം വരുത്തണം : മന്ത്രി എം ബി രാജേഷ്

സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പരിമിതിയുണ്ട്. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം ഒറ്റയടിക്ക് പൂട്ടേണ്ടി വന്നു. 

New Update
M B RAJESH1

പാലക്കാട്: തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകൾ ലഘൂകരിക്കണമെന്നും കേന്ദ്ര നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. 

Advertisment

തെരുവുനായ ആക്രമണത്തിൽ ഒരു മാസത്തിനിടെ സംസ്ഥാനത്തെ മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. 


സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പരിമിതിയുണ്ട്. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം ഒറ്റയടിക്ക് പൂട്ടേണ്ടി വന്നു. 


വന്ധ്യംകരണം മാത്രമാണ് തെരുവുനായ ആക്രമണത്തിന് ഏക പരിഹാരമെന്നും എംബി രാജേഷ് പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ എബിസി ചട്ടങ്ങളിൽ മാറ്റം വരുത്തണം. തെരുവുനായ്ക്കളെ പിടിച്ചുകൊണ്ടുപോയി പ്രത്യേകം സജ്ജീകരിച്ച എബിസി കേന്ദ്രങ്ങളിലെ ഓപ്പറേഷൻ തീയേറ്ററുകളിൽ വന്ധ്യംകരണം നടത്തണമെന്നാണ് കേന്ദ്ര സർക്കാർ വ്യവസ്ഥ. 


എയർ കണ്ടീഷൻ ചെയ്ത ഓപ്പറേഷൻ തീയേറ്ററായിരിക്കണം. ഏഴ് വർഷത്തെ എക്‌സ്പീരിയൻസുള്ള ഡോക്ടർ മാത്രമേ സർജറി ചെയ്യാൻ പാടുള്ളു. റഫ്രിജറേറ്റർ വേണം എന്നൊക്കെ വ്യവസ്ഥയുണ്ട്.


ഒരാഴ്ച ശുശ്രൂഷിച്ച്, മുറിവുണങ്ങി, ഇൻഫെക്ഷൻ വരില്ലെന്നുറപ്പാക്കി എവിടെ നിന്നാണോ പിടിച്ചത് അവിടെ തന്നെ തുറന്ന് വിടണമെന്നൊക്കെയാണ് വ്യവസ്ഥകൾ. 

ഈ വ്യവസ്ഥയൊക്കെ പാലിച്ച് ലക്ഷക്കണക്കിന് തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തുക എളുപ്പമുള്ള കാര്യമാണോ? വ്യവസ്ഥകൾ ഏതെങ്കിലും ലംഘിച്ചാൽ അത് കുറ്റകൃത്യമാകും. 


കേസടക്കം ഉണ്ടാകും. ഫണ്ടുണ്ടെങ്കിലും കേരളത്തിൽ എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ വലിയ എതിർപ്പുകൾ ഉയരുന്നുണ്ട്. 


ഈ എതിർപ്പുകളെയെല്ലാം മറികടന്നാണ് കേരളത്തിൽ ഏതാണ്ട് 30 എബിസി കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. 

നേരത്തെ കേരളത്തിൽ തൊള്ളായിരത്തോളം എബിസി കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. എല്ലാം ഒറ്റയടിക്ക് പൂട്ടിച്ചതാണ് ', എംബി രാജേഷ് പറഞ്ഞു.