പാലക്കാട്: വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. തമിഴ്നാട് സ്വദേശിനിയും നിലവിൽ അട്ടപ്പാടി മേലെമുള്ളിയിൽ താമസവുമായ മണിമേഖല (21) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.
ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. യുവതി വീട്ടിൽ പ്രസവിച്ചത് അറിഞ്ഞ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്.
കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് രഞ്ജിത്ത് മോൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ദിവ്യ എൻ.എ എന്നിവർ ഉടൻ സ്ഥലത്തെത്തി.
തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ദിവ്യ അമ്മയും കുഞ്ഞുമായും ഉള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി.
തുടർന്ന് ഇരുവരെയും ആംബുലൻസ് പൈലറ്റ് രഞ്ജിത്ത് മോൻ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചു.