പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പര്‍ വേടന് എതിരെ എന്‍ഐഎയ്ക്ക് പരാതി.
ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്. വേടന് പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ മിനി കൃഷ്ണ കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കപട ദേശീയ വാദിയെന്ന് വേടന് അവഹേളിച്ചുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
എന്‍ഐഎയ്ക്ക് പുറമെ ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് മിനി കൃഷ്ണ കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.
പരാതിയുടെ പകര്‍പ്പ് ഉള്‍പ്പെടെ പങ്കുവച്ചാണ് മിനിയുടെ പ്രതികരണം.
'നിങ്ങളൊക്കെ അത് ചെയ്താ മതി എന്ന ധാര്‍ഷ്ട്യമാണ്, എന്റെ രാഷ്ട്രീയത്തെ അവര്‍ ഭയക്കുന്നു'; ശശികലയ്ക്കെതിരെ വേടന്
ഹിന്ദു ഐക്യ വേദി, ആര്‍എസ്എസ് നേതാക്കള്‍ വേടന് എതിരെ നിരന്തരം ആധിക്ഷേപങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗായകന് എതിരെ പരാതി സമര്‍പ്പിക്കപ്പെടുന്നത്.
കഴിഞ്ഞ ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല, ആര്‍എസ്എസ് നേതാവ് എന്‍ ആര് മധു എന്നിവരായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വേടനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് സംഘടിപ്പിച്ച സംഗീത പരിപാടിക്ക് പിന്നാലെ ആയിരുന്നു ആരോപണങ്ങളുടെ തുടക്കം.
റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല ആരോപിച്ചിരുന്നു.