പാലക്കാട്: ആര്‍.എസ്.എസിന് അമ്മ വാഗ്ദാനം ചെയ്ത ഭൂമി തിരിച്ചെടുത്ത് ഉമ്മൻ ചാണ്ടി ട്രസ്റ്റിന് നൽകാൻ തീരുമാനിച്ചതായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
ആര്‍.എസ്.എസ് കാര്യാലയം പണിയുന്നതിനായി തന്റെ അമ്മ വാഗ്ദാനം ചെയ്ത ഭൂമിയാണ് സന്ദീപ് വാര്യര്‍ തിരിച്ചെടുത്തിരിക്കുന്നത്.
തിരിച്ചെടുത്ത ഭൂമി ഉടനെ തന്നെ ഉമ്മൻ ചാണ്ടി ട്രസ്റ്റിന് കൈമാറുമെന്നും അടുത്ത ദിവസം തന്നെ അവിടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും സന്ദീപ് വാര്യർ അറിയിച്ചു.
ചെത്തല്ലൂരിൽ വീടിനോട് ചേർന്നുള്ള ആറു സെന്റ് ഭൂമിയാണ് ഉമ്മൻ ചാണ്ടി ട്രസ്റ്റിനു കൈമാറാൻ സന്ദീപ് തയ്യാറായിരിക്കുന്നത്.
കാലങ്ങൾക്കു മുൻപേ ആർഎസ്എസ് കാര്യാലയം പണിയുന്നതിനായി അമ്മ വാഗ്ദാനം ചെയ്തതാണ് ആറ് സെന്‍റ് സ്ഥലം. സ്ഥലം ആർഎസ്എസിനു നൽകുമെന്ന് മരിക്കുന്നതിനു മുൻപേ അമ്മയ്ക്കു വാക്ക് നൽകിയിരുന്നു.
അതു പ്രകാരം ഒപ്പിട്ടു നൽകാൻ താൻ തയാറായിരുന്നു. ഒരു വർഷം വരെ അതിനായി കാത്തിരിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കാൻ ആർഎസ്എസ്, ബിജെപി നേതാക്കൾ താത്പര്യം പ്രകടിപ്പിച്ചില്ലെന്ന് സന്ദീപ് വാര്യർ പറയുന്നു.
ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ ആര്‍.എസ്.എസ് വിമുഖത പ്രകടിപ്പിച്ചപ്പോഴാണ് ഉമ്മന്‍ ചാണ്ടി ട്രസ്റ്റിന് നല്‍കാന്‍ തീരുമാനിച്ചത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് കെട്ടിട നിര്‍മാണവും തുടങ്ങുമെന്നുമാണ് സന്ദീപ് വാര്യര്‍ പറഞ്ഞു.