പാലക്കാട്: പാലക്കാട് കുടിവെള്ള വിതരണം മുടങ്ങിയതിൽ മാപ്പ് ചോദിച്ച് വാട്ടർ അതോറിറ്റി. വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറാണ് ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ മാപ്പ് ചോദിച്ച് വാർത്താകുറിപ്പിറക്കിയത്.
മലമ്പുഴയിലെ ജലശുദ്ധീകരണ ശാലയിൽ വൈദ്യുതി തടസം നേരിട്ടതാണ് കാരണമെന്നാണ് വിശദീകരണം. വൈദ്യുതി തടസ്സമില്ലാതെ കിട്ടുന്ന മുറയ്ക്ക് ജലലഭ്യത ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വാട്ടർ അതോറിറ്റി വ്യക്തമാക്കി.
പിരായിരി പഞ്ചായത്ത്, പാലക്കാട് മുനിസിപ്പാലിറ്റിയിലെ തിരുനെല്ലായി, വടക്കന്തറ , മൂത്താൻതറ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി.
തിരുനെല്ലായയിൽ വീട്ടമ്മമാരുൾപ്പെടെ കുടംകമഴ്ത്തി റോഡ് ഉപരോധിക്കുകയും കോൺഗ്രസ് നേതൃത്വത്തിൽ എഇയെ ഉപരോധിക്കുകയും ചെയ്തിരുന്നു.
പിന്നാലെയാണ് വാട്ടർ അതോറിറ്റിയുടെ ക്ഷമാപണ കുറിപ്പ്. 24 മണിക്കൂറിനകം വെള്ളമെത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.