/sathyam/media/media_files/2025/06/21/images410-2025-06-21-00-19-04.jpg)
പാലക്കാട്: സംസ്ഥാനത്താകെയുളള മണ്ഡലം സമ്മേളനങ്ങളിൽ വിഭാഗീയത നടമാടുന്നതിനിടെ ജില്ലയിലെ സി.പി.ഐയിൽ പുതിയ വിവാദം.
പാർട്ടിയുടെ സർവീസ് സംഘടനാ നേതാവിൻെറ വിരമിക്കൽ ചടങ്ങിൻെറ ഫൊട്ടോഗ്രാഫ് മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിൽ വാട്സാപ്പിൽ പോസ്റ്റ് ചെയ്തതാണ് പാലക്കാട്ടെ സി.പി.ഐയിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
കെ.ഇ.ഇസ്മയിൽ പോസ്റ്റ് ചെയ്ത ഫൊട്ടൊഗ്രാഫിൽ നിന്ന് സി.പി.ഐ നിന്ന് ജില്ലാ സെക്രട്ടറിയുടെ ചിത്രം മാത്രം പച്ചനിറം അടിച്ച് മായ്ച്ച് കളഞ്ഞിരുന്നു.
മുതിർന്ന നേതാവിൽ നിന്ന് ഉണ്ടായ ഈ നടപടി ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജിൻെറ അനുയായികൾ ചിത്രം പുറത്തെത്തിച്ചതോടെ വിവാദം കത്തിപ്പടരുകയായിരുന്നു.
വിഭാഗീയ ചേരിതിരിവിനെ തുടർന്ന് സമാന്തര പാർട്ടിയും പോഷക സംഘടനകളും നിലനിന്നിരുന്ന പാലക്കാട് ജില്ലയിലെ വിഭാഗീയത അടുത്തകാലത്തായി ഒന്നടങ്ങിയതായിരുന്നു.
ഭൂരിപക്ഷം ജില്ലകളിലെയും സി.പി.ഐ മണ്ഡലം സമ്മേളനങ്ങളിൽ വിഭാഗീയത ഉണ്ടായെങ്കിലും പാലക്കാട്ടെ പൂർത്തിയായ മണ്ഡലം സമ്മേളനങ്ങൾ കുഴപ്പമില്ലാതെ അവസാനിച്ചിരുന്നു.
എന്നാൽ ജില്ലാസെക്രട്ടറിയുടെ ഫൊട്ടൊ പച്ചയടിച്ച് മറച്ചസംഭവം പുറത്തായതോടെ വീണ്ടും ജില്ലയിലെ സി.പി.ഐയിൽ ചേരിപ്പോര് സജീവമാകുകയാണ്.
പാലക്കാട്ടെ സി.പി.ഐയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് ഇസ്മയിൽ ജില്ലാ സെക്രട്ടറിയുടെ ചിത്രം മാത്രം പച്ച നിറം കൊണ്ട് മറച്ച ഫൊട്ടൊഗ്രാഫ് പോസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/c55cf9c0-f2e.jpg)
ജില്ലയിലെ പാർട്ടിയിൽ ചേരിതിരിവ് പ്രകടമായ കാലം മുതൽ ഇസ്മയിലിൻെറ എതിർപക്ഷത്ത് നിൽക്കുന്നയാളാണ് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്.
എറണാകുളത്തെ മുൻ ജില്ലാ സെക്രട്ടറി പി.രാജുവിൻെറ നിര്യാണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടതോടെ ഇസ്മയിലിന് പാലക്കാട്ടെ പാർട്ടിയിലുളള പിടി ഏതാണ്ട് പൂർണമായി അയഞ്ഞിട്ടുണ്ട്.
എന്നാൽ ജില്ലാ സെക്രട്ടറിയോടുളള എതിർപ്പിന് അയവുവന്നിട്ടില്ല. ഇതാണ് അദ്ദേഹത്തിൻെറ ചിത്രം മാത്രം പച്ചയടിച്ച് മറച്ച് പോസ്റ്റ് ചെയ്യാനുളള കാരണമെന്നാണ് സൂചന.
പാർട്ടിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് സ്വന്തം ഫോൺ നമ്പറിൽ നിന്നാണെങ്കിലും ചിത്രത്തെ കുറിച്ച് അറിയില്ലെന്നാണ് കെ.ഇ.ഇസ്മയിലിൻെറ മറുപടി.
പുതിയ ഫോണാണ് ഉപയോഗിക്കുന്നതെന്നും അതിൻെറ പ്രവർത്തനം പഠിച്ച് വരുന്നതേയുളളുവെന്നു കൂടി ഇസ്മയിൽ വിശദീകരിക്കുന്നുണ്ട്.
ഷൊർണൂർ ഗവൺമെൻറ് പ്രസ്സിൽ നിന്ന് വിരമിച്ച സി.പി.ഐയുടെ സർവീസ് സംഘടനയുടെ നേതാവ് കെ വിജയകുമാറിന്റെ യാത്രയയപ്പ് ചടങ്ങിൽ ജില്ലയിലെ നേതാക്കളെല്ലാം സംബന്ധിച്ചിരുന്നു.
യാത്രയയപ്പ് ചടങ്ങിൽ വെച്ച് എടുത്ത ഫൊട്ടോയാണ് മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിൽ പാർട്ടിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.
എന്നാൽ ഫൊട്ടോയിൽ കെ.വിജയകുമാറിന് ഉപഹാരം നൽകുന്ന ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജിനെ മാത്രം പച്ചയടിച്ച് മായ്ച്ചു കളഞ്ഞു.
സിപിഐയുടെ മണ്ഡലം കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് ജില്ലാ സെക്രട്ടറിയെ പച്ചയടിച്ച് മറച്ച ചിത്രം ഇസ്മയിൽ പോസ്റ്റ് ചെയ്തത്.
ഇതോടെ മുതിർന്ന നേതാവിനോടുളള ബഹുമാനം മാറ്റിവെച്ച് രൂക്ഷമായ വിമർശനം ഉയരാൻ തുടങ്ങി.
പാർട്ടി നടപടിക്ക് വിധേയമായിട്ടും ഇപ്പോഴും പാഠം പഠിക്കാത്ത കെ.ഇ.ഇസ്മയിൽ, ജില്ലയിലെ വിമത വിഭാഗമായ സേവ് സി.പി.ഐ ഫോറത്തിനൊപ്പമാണെന്നാണ് നേതാക്കളുടെ വിമർശനം.
ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജിനെ എതിർക്കുന്നവരാണ് സേവ് സി.പി.ഐ ഫോറം രൂപീകരിച്ച് സമാന്തര പ്രവർത്തനം നടത്തുന്നത്.
സമാന്തര വിഭാഗത്തെ അനുകൂലിച്ചതിൻെറ പേരിൽ ഇസ്മയിലിനെ സി.പി.ഐ ശാസിച്ചിരുന്നു.
അടുത്തമാസം വടക്കഞ്ചേരിയിൽ നടക്കുന്ന പാലക്കാട് ജില്ലാ സമ്മേളനത്തിൽ ചേരിപ്പോര് കൂടുതൽ ശക്തമായി പ്രകടമാകാനാണ് സാധ്യത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us