മണ്ണാർക്കാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കവർച്ചാശ്രമം. സിസിടിവികൾ നശിപ്പിച്ചു. ലോക്കർ തകർക്കാൻ ശ്രമം. പൊലീസ് അന്വേഷണം ആരംഭിച്ചു

കവർച്ചാശ്രമം നടത്തിയവർ ഓഫീസിനകത്തും ഷട്ടറിനോട് ചേർത്തും ലോക്കറിന് സമീപത്തും മുളകുപൊടി വിതറിയിട്ടുണ്ട്.

New Update
kerala police vehicle1

പാലക്കാട്: മണ്ണാർക്കാട് ആര്യമ്പാവിലെ പി.എൻ.വൈ. ഫിനാൻസ് ലിമിറ്റഡിന്റെ ശാഖയിൽ കവർച്ചാശ്രമം നടന്നു. സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിലാണ്.

Advertisment

ജീവനക്കാരുടെ പരാതിയിൽ നാട്ടുകൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമാണിത്.

ഇന്നലെ രാവിലെ പതിവുപോലെ ജോലിക്കെത്തിയ ജീവനക്കാരാണ് സ്ഥാപനത്തിൻ്റെ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്.

തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോൾ, സ്ഥാപനത്തിനകത്തെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറിൻ്റെ പൂട്ട് പൊളിക്കാൻ ശ്രമം നടന്നതായും കണ്ടെത്തി.

കവർച്ചാശ്രമം നടത്തിയവർ ഓഫീസിനകത്തും ഷട്ടറിനോട് ചേർത്തും ലോക്കറിന് സമീപത്തും മുളകുപൊടി വിതറിയിട്ടുണ്ട്. സ്ഥാപനത്തിലെ സിസിടിവികളെല്ലാം അക്രമികൾ നശിപ്പിച്ച നിലയിലാണ്.

എന്നാൽ, മോഷണ ശ്രമം വിജയകരമാകാത്തതിനാൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സ്ഥാപനത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാകാം കവർച്ചാശ്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Advertisment