പാലക്കാട്: ദേശീയ പണിമുടക്കിലെ തൊഴിലാളികളുടെ പ്രാതിനിധ്യത്തെ ചൊല്ലി ഇടതുമുന്നണിയിൽ അഭിപ്രായഭിന്നത രൂക്ഷമാകുന്നു.
ഇന്നത്തെ പണിമുടക്കിൽ കെഎസ്ആർടിസി ജീവനക്കാർ പങ്കെടുക്കില്ലെന്ന മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എ.കെ ബാലൻ രംഗത്ത് വന്നത്.
ഗണേഷ് കുമാറിന്റെ പ്രസ്താവന ഇടതുസമീപനമല്ലെന്നും സമരം ചെയ്യുന്നവരെ വില കുറച്ചുകാണാനാണ് പ്രസ്താവനയിലുടെ സാഹചര്യമൊരുക്കിയതെന്നും ബാലൻ തുറന്നടിച്ചു. മന്ത്രി ഇത്തരം പ്രസ്താവനകൾ ഒഴിവാകണമെന്നും സമരം ചെയ്യരുതെന്ന് പറയുന്നത് ശരിയല്ലെന്നുമായിരുന്നു ബാലന്റെ താക്കീത്.
ഒരു യൂണിയനും പണിമുടക്കിന് നോട്ടീസ് നൽകിയിട്ടില്ലെന്നായിരുന്നു മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രസ്താവന. വിവാദമായതോടെ കെഎസ്ആര്‍ടിസിയിലെ സിഐടിയു, എഐടിയുസി യൂണിയനുകൾ ശക്തമായ പ്രതിഷേധ വുമായി രംഗത്തെത്തി.
പണിമുടക്കിന് കെഎസ്ആർടിസി എംഡിക്ക് കഴിഞ്ഞ മാസം 25 ന് നൽകിയ നോട്ടീസ് ഇരു യൂണിയനുകളും പുറത്തുവിട്ടു. ഗതാഗത, തൊഴിൽ മന്ത്രിമാർക്ക് പകർപ്പ് വച്ചായിരുന്നു സിഐടിയുവിന് കീഴിലെ തൊഴിലാളികൾ കോർപ്പറേഷന് നോട്ടീസ് നൽകിയിരുന്നത്.
നിലവിൽ ഇക്കാര്യത്തിൽ മന്ത്രി വെട്ടിലായി. എന്നാൽ ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് കരുതപ്പെടുന്നത്.
നിലവിൽ എൽഡിഎഫിലെ ഘടകകക്ഷിയായ കേരളകോൺഗ്രസ് (ബി) മുന്നണി വിട്ട് യുഡിഎഫിലേക്ക് എത്താനുള്ള നീക്കത്തിന്റെ ഭാഗമാണോ ഇതെന്നും സംശയിക്കപ്പെടുന്നുണ്ട്.
മന്ത്രിയുടെ പ്രസ്താവനയെ ഇടത് നേതാക്കൾ തള്ളിയെങ്കിലും രൂക്ഷമായ ഭാഷയിൽ മരന്തിക്കെതിരെ ആരും പ്രതികരിച്ചിരുന്നില്ല.