/sathyam/media/media_files/2025/07/12/images8-2025-07-12-20-03-04.jpg)
പാലക്കാട് : പാർട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയനായ ശേഷം നേതൃത്വവുമായി അകൽച്ചയിൽ കഴിയുന്ന മുൻ എം.എൽ.എയും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ.ശശി സി.പി.എം വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായി.
പാർട്ടിയിൽ അസംതൃപ്തനായ പി.കെ.ശശി യു.ഡി.എഫ് നേതാക്കളുമായി ആശയവിനിമയം സജീവമാക്കിയതാണ് പാർട്ടി വിടുമെന്ന പ്രചരണം ശക്തമാകാൻ കാരണം.
നേരത്തെ എം.എൽ.എയായിരുന്ന ഷൊർണൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് ശശിയുടെ നീക്കമെന്നാണ് പുറത്തുവരുന്ന സൂചന.
യു.ഡി.എഫ് പിന്തുണയുളള സ്വതന്ത്രനായി മത്സരിക്കാനാണ് ശശിയുടെ താൽപര്യമെന്നും പറയപ്പെടുന്നു.
ഇടത് കോട്ടയായി അറിയപ്പെടുന്ന ഷൊർണൂർ മണ്ഡലത്തിൽ പി.കെ.ശശി സ്വതന്ത്രനായി വരുന്നതിനോട് കോൺഗ്രസിനും മുസ്ളീം ലീഗിനും യോജിപ്പാണ്.
ശശി സ്ഥാനാർത്ഥിയായാൽ ഷൊർണൂർ പിടിക്കാനാകുമെന്നാണ് യു.ഡി.എഫിൻെറ പ്രതീക്ഷ.
പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനാണ് കോൺഗ്രസിന് വേണ്ടി പി.കെ.ശശിയുമായി ആശയവിനിമയം നടത്തുന്നതെന്നാണ് സൂചന.
ശശിക്കും സി.പി.എമ്മിലെ മറ്റ് അസംതൃപ്തർക്കും കോൺഗ്രസിലേക്ക് കടന്നുവരാൻ തടസമില്ലെന്ന് വി.കെ. ശ്രീകണ്ഠൻ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തുകഴിഞ്ഞു.
കഴിഞ്ഞ ദിവസ മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ആശുപത്രി ഉൽഘാടന ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുമായി വേദി പങ്കിട്ട ശശി പാർട്ടിവിടുമെന്ന സൂചന സജീവമായി നിലനിർത്താനും ശ്രമിക്കുന്നുണ്ട്.
മണ്ണാർക്കാട്ടെ പരിപാടിയിൽ പങ്കെടുത്ത വി.കെ. ശ്രീകണ്ഠൻ, വെളള കോട്ടൺ ഷർട്ട് ധരിക്കുന്ന ശശിക്ക് തൂവെളള വസ്ത്രക്കാരുടെ പാർട്ടിയിലേക്ക് സ്വാഗതമരുളുകയും ചെയ്തു.
ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്ന് തരംതാഴ്ത്തപ്പെട്ടതിന് ശേഷം പി.കെ.ശശി സ്വീകരിക്കുന്ന നിഷേധ നിലപാട് സി.പി.എമ്മിന് തലവേദനയാണ്.
തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ശശി നടത്തുന്ന നീക്കങ്ങൾ പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.
സി.പി.എമ്മിനെ നേരിട്ട് വെല്ലുവിളിക്കുന്നതിനോ വിമർശിക്കുന്നതിനോ പി.കെ.ശശി ഇതുവരെ തയാറായിട്ടില്ല.
അതുകൊണ്ടുതന്നെ ശശിയുടെ നീക്കങ്ങൾക്ക് പരസ്യമായി മറുപടി പറയാൻ പാർട്ടിക്ക് കഴിയില്ല. ഇതാണ് ശശിയുടെ വിഷയത്തിൽ സി.പി.എം നേരിടുന്ന യഥാർത്ഥ പ്രതിസന്ധി.
ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെതിരെ വ്യാജ പീഡന പരാതി സൃഷ്ടിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പി.കെ.ശശിക്കെതിരെ സി.പി.എം നടപടി എടുത്തത്.
ഡി.വൈ.എഫ്.ഐ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയെ പോലും അതിജീവിച്ച് ജില്ലയിലെ പാർട്ടിയുടെ മുടിചൂടാമന്നനായി നിൽക്കുമ്പോഴാണ് പി.കെ.ശശി നടപടി നേരിടുന്നത്.
സഹകരണ കോളജുമായി ബന്ധപ്പെട്ട പരാതികൾക്കും ആക്ഷേപങ്ങൾക്കുമിടെ ഒളിക്യാമറ ഓപ്പറേഷനുകൾക്ക് പ്രസിദ്ധി നേടിയ മാധ്യമ പ്രവർത്തകനെ ഉപയോഗിച്ച് ജില്ലാ സെക്രട്ടറിയെ വ്യാജ കേസിൽ കുടുക്കാനുളള ശ്രമം കൂടി വെളിച്ചത്തായതാണ് നടപടി എടുക്കാൻ സി.പി.എമ്മിനെ നിർബന്ധിതമാക്കിയത്.
ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയതിന് പിന്നാലെ സി.ഐ.ടി.യു ജില്ലാ നേതൃസ്ഥാനത്ത് നിന്നും നീക്കി. ഇപ്പോൾ ചില യൂണിയനുകളുടെ നേതൃസ്ഥാനം മാത്രമുളള പി.കെ.ശശി സി.പി.എമ്മിലെ സാധാരണ പ്രവർത്തകൻ മാത്രമാണ്.
മണ്ണാർക്കാട് ഏരിയകമ്മിറ്റിക്ക് കീഴിലുളള നായാടിപ്പാറ ബ്രാഞ്ചാണ് ഇപ്പോൾ പി.കെ.ശശിയുടെ ഘടകം. അതേസമയം, സി.പി.എം വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുമ്പോഴും അത് സ്ഥിരീകരിക്കാൻ പി.കെ.ശശി തയാറായിട്ടില്ല.
താൻ പാർട്ടിയിൽ നിന്ന് പുറത്തുപോകണമെന്ന് ആഗ്രഹിക്കുന്നവർ സി.പി.എമ്മിലുണ്ടോയെന്ന് അറിയില്ല. ഒന്നിൽ നിന്നും ഒളിച്ചോടുന്ന ആളല്ലെന്നും പാർട്ടി നടപടിക്ക് ശേഷവും ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്നയാളാണെന്നുമാണ് പി.കെ.ശശിയുടെ പ്രതികരണം.
ജനസ്വാധീനത്തിന് കുറവില്ലെന്ന് വാദിക്കുന്ന പി.കെ.ശശി ജനങ്ങളുടെ പ്രശ്നങ്ങളിൽ തുടർന്നും ഇടപെട്ടുകൊണ്ടേയിരിക്കുമെന്നും പറയുന്നുണ്ട്.
ജനപിന്തുണയെ കുറിച്ച് മാധ്യമങ്ങളോട് വാചാലനാകുമ്പോഴും പാർട്ടി വിടുമോയെന്ന ചോദ്യത്തിന് മാത്രം ഉത്തരം നൽകാതെ ഒഴിഞ്ഞ് മാറുകയാണ്.
പാർട്ടി വിടുമോയെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ലെന്നാണ് ശശിയുടെ നിലപാട്. പാർട്ടിയുടെ അച്ചടക്ക നടപടിക്ക് ശേഷവും ശശി കെ.ടി.ഡി.സി ചെയർമാനായി തുടരുന്നതിൽ സി.പി.എം ജില്ലാ നേതൃത്വത്തിന് കടുത്ത എതിർപ്പുണ്ട്.
പി.കെ. ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം രണ്ട് തവണ ജില്ലാ ഘടകം ഔദ്യോഗികമായി തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നിട്ടും സംസ്ഥാന നേതൃത്വം തീരുമാനമെടുത്തിട്ടില്ല. യു.ഡി.എഫിനോട് അടുക്കുന്ന പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന നേതൃത്വം എന്ത് തീരുമാനമെടുക്കുമെന്നാണ് അറിയാനുളളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us