പാലക്കാട്: സംസ്ഥാനത്ത് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്.
നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം.
പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിൽ രോഗികൾക്കൊപ്പം ഒരാളെ മാത്രമേ നിൽക്കാൻ അനുവദിക്കൂ.
ഇവിടെ ആശുപത്രികളിൽ എത്തുന്നവരും ആരോഗ്യപ്രവർത്തകരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ആശുപത്രികളിൽ അനാവശ്യമായ സന്ദർശനം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ചങ്ങലീരിയിൽ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപെടുത്തി.
കുമരംപുത്തൂർ പഞ്ചായത്തിലെ 8 മുതൽ 14 വരെ ഉള്ള വാർഡുകളിലും, മണ്ണാർക്കാട് നഗരസഭയിലെ 25 മുതൽ 28 വരെ ഉള്ള വാർഡുകളിലും നിയന്ത്രണങ്ങൾ ഏർപെടുത്തി.
കാരകുർശ്ശി, കരിമ്പുഴ പഞ്ചായത്തുകളിലെ മൂന്നു വാർഡുകളിലും നിയന്ത്രണം ഉണ്ട്. ചങ്ങലീരിയിൽ മരിച്ച വ്യക്തിയുമായി 46 പേരാണ് നേരിട്ട് സമ്പർക്കം പുലർത്തിയത്. എല്ലാവരും നിരീക്ഷണത്തിൽ കഴിയുകയാണ്.
നിയന്ത്രണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതൽ ആറ് മണി വരെ മാത്രമെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പാടുള്ളു,മാസ്‌ക്ക് ധരിക്കണമെന്നും നിർദേശം നൽകി.
പൂനെ വൈറോളജി ലാബിലെ പരിശോധന ഫലം ഇന്ന് വരാൻ സാധ്യതയുണ്ട്. നാട്ടുകലിൽ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.