പാലക്കാട്: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി പാലക്കാട് ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ രംഗത്ത്.
കന്യാസ്ത്രീകളുടെ അറസ്റ്റ് ഇന്ത്യൻ മതേതരത്വത്തിന് ആഴത്തിലുള്ള മുറിവേൽപ്പിച്ചെന്നും, ഇത് സ്വാഭാവികമായ മുറിവല്ലെന്നും കരുതിക്കൂട്ടി ഉണ്ടാക്കിയ മുറിവാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
"നമ്മുടെ പള്ളികളിൽ കയറിയിറങ്ങുന്ന ചില രാഷ്ട്രീയ ധൃതരാഷ്ട്രർമാരുണ്ട്. മാമോദീസക്ക് പോകുന്നു, തിരുസ്വരൂപത്തിന് കിരീടം ചാർത്തുന്നു, മാലയണിയിക്കുന്നു... അവരെ നമ്മൾ തിരിച്ചറിയുകയാണ്, കൂടെ നിൽക്കുന്നുവെന്ന് തോന്നിപ്പിക്കുമെങ്കിലും അവരുടെ മനസ്സിൽ ധൃതരാഷ്ട്രരുടെ മനോഭാവമാണ്," ബിഷപ്പ് തുറന്നടിച്ചു.
ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞവർ സഹോദരങ്ങളെ വളഞ്ഞിട്ട് ആക്രമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീകൾ ചെയ്ത തെറ്റ് എന്താണെന്നും, മനഃപൂർവം ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്തി അവരെ ജയിലിൽ അടക്കുകയായിരുന്നെന്നും ബിഷപ്പ് ആരോപിച്ചു.
നിയമവാഴ്ച നടപ്പിലാക്കേണ്ടിടത്ത് അധികാരവാഴ്ചയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കന്യാസ്ത്രീകളുടെ അറസ്റ്റിൽ ക്രൈസ്തവ സമൂഹത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. പ്രതിപക്ഷ എം.പിമാർ ഛത്തീസ്ഗഡിലെ ദുർഗ് ജയിലിലെത്തി കന്യാസ്ത്രീകളെ സന്ദർശിച്ചിരുന്നു.
ബി.ജെ.പിയുടെ ഈ നടപടി ക്രൈസ്തവ സമൂഹത്തോടുള്ള അവരുടെ സമീപനത്തിൽ സംശയമുണ്ടാക്കുന്നുവെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇത് പ്രതിഫലിക്കുമെന്നും സഭാ നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.