/sathyam/media/media_files/2025/08/20/palakkad-karshakar-2025-08-20-00-27-47.jpg)
പാലക്കാട് : കപ്പൂരിൽ കർഷക ദിനാചരണ ചടങ്ങിനിടെ കർഷകരെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ മന്ത്രി എം.ബി. രാജേഷ് മാപ്പുപറയണമെന്നും പ്രസ്താവന പിൻവലിക്കണമെന്നും പാടശേഖര സമിതി കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
കൂറ്റനാട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യം ഉന്നയിച്ചത്. കർഷക ദിനാചരണ പരിപാടിയിൽ തങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിനെ അറിയിക്കാൻ പത്ത് മിനിറ്റ് സമയം ആവശ്യപ്പെട്ടെങ്കിലും മന്ത്രി അത് നിഷേധിച്ചു.
തുടർന്ന് പ്ലക്കാർഡുകളുയർത്തി പ്രതിഷേധിക്കാൻ ശ്രമിച്ചപ്പോൾ അതിനും അനുമതി ലഭിച്ചില്ല. ഇതോടെയാണ് പാടശേഖര സമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്.
എന്നാൽ, പ്രതിഷേധിച്ചവർ കർഷകരല്ലെന്ന മന്ത്രിയുടെ പ്രസ്താവന തീർത്തും അപലപനീയമാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇത് കർഷക സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്നും അവർ പറഞ്ഞു.
പാടശേഖര സമിതി ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ ഇവയാണ്:
- നെൽകർഷകർക്ക് നൽകാനുള്ള മുഴുവൻ തുകയും ഉടൻ വിതരണം ചെയ്യുക.
- നെല്ലിന്റെ വില കർഷകന്റെ പേരിൽ പി.ആർ.എസ്. വായ്പയായി നൽകുന്ന നിലവിലെ സമ്പ്രദായം അവസാനിപ്പിക്കുക.
- നെല്ല് സംഭരണം കഴിഞ്ഞ് 24 മണിക്കൂറിനകം കർഷകന് പി.ആർ.എസ്. അനുവദിക്കുക.
- നെല്ല് സംഭരണ വില 48 മണിക്കൂറിനുള്ളിൽ സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുക.
- നെല്ലിന്റെ താങ്ങുവില 40 രൂപയായി വർധിപ്പിക്കുക.
- വിള ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാന സർക്കാർ നൽകേണ്ട മുഴുവൻ വിഹിതവും ഉടൻ നൽകുക.
- 60 വയസ്സ് കഴിഞ്ഞ കർഷകർക്ക് പ്രതിമാസ പെൻഷൻ 5000 രൂപയാക്കി ഉയർത്തുക.
- കർഷകരുടെ മക്കൾക്ക് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ 20 ശതമാനം സംവരണം ഏർപ്പെടുത്തുക.
വാർത്താസമ്മേളനത്തിൽ പാടശേഖര സമിതി കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് കെ. മൊയ്തീൻ ലിയാഖത്ത്, സെക്രട്ടറി അലിമോൻ അന്നിക്കര, ട്രഷറർ കെ.പി. ഇബ്രാഹിം, പത്തിൽ മൊയ്തുണ്ണി, എം.കെ. ഹനീഫ, പി. നാസർ, കെ.പി. അലി, പി. സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.