/sathyam/media/media_files/2025/08/22/shafi-parambil-rahul-mankoottathil-2025-08-22-14-52-07.jpg)
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ പരാതികള്‍ ഉറ്റ സുഹൃത്തും മുന്‍ഗാമിയുമായ ഷാഫി പറമ്പില്‍ എംപിയോട് പറഞ്ഞിരുന്നതായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഷാഫിക്കെതിരെയും കോണ്‍ഗ്രസില്‍ കടുത്ത നീക്കത്തിന് സാധ്യത.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്കും പിന്നീട് പാലക്കാട് സീറ്റിലേയ്ക്കും തന്‍റെ പിന്‍ഗാമിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ നിര്‍ദേശിക്കുന്നതിനെതിരെ നിരവധി വനിതാ പ്രവര്‍ത്തകര്‍ ഷാഫി പറമ്പിലിനോട് നേരിട്ടും രേഖാമൂലവും പരാതി പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
രാഹുലിന്‍റെ ഉറ്റ സുഹൃത്തും ഗോഡ്‌ഫാദറുമായിരുന്നിട്ടും ഷാഫി ഇയാളെ തിരുത്താന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, കൂടുതല്‍ പദവികളിലേയ്ക്ക് നിര്‍ദേശിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതാണ് അമ്പരപ്പിക്കുന്നത്. ഇക്കാര്യം പേരു പറയാതെ തന്നെ ചില യുവതികളും വെളിപ്പെടുത്തിയിട്ടുണ്ട്.
രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കരുതെന്ന് നിരവധി വനിതാ പ്രവര്‍ത്തകര്‍ ഷാഫിയോട് ആവശ്യപ്പെട്ടിരുന്നു, അതിന്‍റെ കാരണവും ഇവര്‍ ഷാഫിയോട് പറഞ്ഞിരുന്നു.
പക്ഷേ, ഷാഫിയുടെ ശക്തമായ പിന്തുണയിലാണ് അബിന്‍ വര്‍ക്കിയെ പരാജയപ്പെടുത്തി രാഹുല്‍ സംസ്ഥാന അധ്യക്ഷനാകുന്നത്.
ഈ പദവിയിലിരുന്നും 'ചാറ്റുകള്‍' കൊണ്ട് ആറാടുകയായിരുന്നു വിരുതന്‍. പുറത്തുവന്നതിന്‍റെ നൂറിരട്ടിയാണ് വരാനിരിക്കുന്നതോ ഒതുക്കിയതോ ആയ കേസുകള്‍ എന്നാണ് കിംവദന്തി.
ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരക്കാരനായതുപോലെ നിയമസഭാംഗത്വം ഒഴിഞ്ഞപ്പോള്‍ പാലക്കാട് സീറ്റിലേയ്ക്ക് രാഹുലിനെ ഷാഫി നിര്‍ദേശിക്കുന്നത്.
രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വത്തിനായി നേതാക്കള്‍ക്ക് മുമ്പില്‍ ഷാഫി ശക്തമായി വാദിക്കുകയും ചെയ്തു. എന്തുകൊണ്ട് ഷാഫി രാഹുലിനായി ശക്തമായി നിലകൊണ്ടു എന്നത് പലര്‍ക്കും ഇപ്പോഴാണ് മനസിലായത്.
ഉറ്റ സുഹൃത്തിനെ പദവികളിലേയ്ക്ക് ആനയിക്കുന്നതുപോലെ തന്നെ തെറ്റുകള്‍ കേട്ടപ്പോള്‍ തിരുത്താനും ഉപദേശിക്കാനും ബാധ്യതയുണ്ടായിട്ടും ഷാഫി അത് ചെയ്തില്ലെന്ന് മാത്രമല്ല, പരാതി പറഞ്ഞതിന്‍റെ പേരില്‍ പിന്നെ യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യം ഉണ്ടായെന്നാണ് ചില വനിതാ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
ഈ സാഹചര്യത്തിലാണ് ഷാഫി പറമ്പിലിനെതിരെയും നടപടി വേണമെന്ന ആവശ്യം ഉയരുന്നത്. കോണ്‍ഗ്രസില്‍ സിപിഎമ്മിലേതുപോലെ ഇത്തരം 'ശശി'മാരെ വച്ചുപൊറുപ്പിക്കാന്‍ പാടില്ലെന്ന ശക്തമായ വികാരമാണ് കോണ്‍ഗ്രസിലുള്ളത്.
ഷാഫിയെ വര്‍ക്കിംങ്ങ് പ്രസിഡന്‍റ് സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ഷാഫിക്കെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ വെളിപ്പെടുത്തലുകള്‍ ഉണ്ടാകും എന്നാണ് സൂചന.