ശരീരത്തിൽ പരിക്കില്ലാത്ത ഇടമില്ല, ദേഹമാസകലം രക്തസ്രാവം, മധുവിന്റെ കൊലപാതകത്തേക്കാൾ ക്രൂരം; കേരളത്തിൽ ഇത്തരം കൊലപാതകം അപൂർവങ്ങളിൽ അപൂർവമെന്ന് പൊലീസ് സർജൻ

New Update
walayar

പാലക്കാട്: മണിക്കൂറുകളോളം നീണ്ട ആൾക്കൂട്ട വിചാരണയ്ക്കുശേഷം ഛത്തീസ്ഗഡ് സ്വദേശിയായ രാം​നാ​രാ​യ​ണി​​നെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 

Advertisment

ശരീരത്തിൽ പുറംപരിക്കുകൾ കൂടുതലായി കാണപ്പെട്ടില്ലെങ്കിലും ദേഹമാസകലം രക്തസ്രാവം ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. അടിയേറ്റ് തലക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് നിഗമനം.

തല മുതൽ കാൽപ്പാദം വരെ വടി അല്ലെങ്കിൽ വിറക് ഉപയോഗിച്ച് മർദിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തി. എക്‌സ്റേ പരിശോധനയിലും പരുക്കുകൾ വ്യക്തമായി. 

കേരളത്തിൽ അപൂർവങ്ങളിൽ അപൂർവമായ ക്രൂര കൊലപാതകമാണിതെന്ന് പോലീസ് സർജൻ വിലയിരുത്തി. 2018ൽ അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തേക്കാൾ ക്രൂരമാണ് ഈ കൊലപാതകമെന്നും റിപ്പോർട്ടിൽ പറയുന്നു.

‘നീ ബംഗാളിയാണോ അതോ ബംഗ്ലാദേശിയാണോ’ എന്ന് ചോദിച്ചായിരുന്നു ആൾക്കൂട്ടം രാംനാരായണിനെ മർദിച്ചതെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സഹോദരിയുടെ വീട്ടിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞിട്ടും ബംഗ്ലാദേശിൽ നിന്നല്ലേയെന്ന് ചോദിച്ച് മർദനം തുടർന്നു. പരിഭ്രാന്തിയോടെ തലകുലുക്കിയ രാംനാരായണിനെ വീണ്ടും വീണ്ടും അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിചാരണയും ക്രൂര മർദനവും മണിക്കൂറുകളോളം നീണ്ടു.

കള്ളനല്ല, കൊല്ലരുതേ എന്ന് അപേക്ഷിച്ചിട്ടും ആരും ചെവികൊടുത്തില്ല. മണിക്കൂറുകളോളം രക്തം വാർന്ന് അട്ടപ്പള്ളത്ത് കിടന്ന ശേഷമാണ് പോലീസ് എത്തി രാംനാരായണിനെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് മരണം സംഭവിച്ചു. 

മൃതദേഹം എംബാം ചെയ്ത ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൂന്ന് വർഷം മുമ്പ് ഭാര്യ ഉപേക്ഷിച്ചതിനെ തുടർന്ന് രാംനാരായണിന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.

Advertisment