കോട്ടയം: പാലക്കാട്ടേ ചോര്‍ച്ചയുടെ പേരില്‍ ബി.ജെ.പിയില്‍ 'കൊട്ടാര വിപ്ലവം'. ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് കെ. സുരേന്ദ്രനെ മാറ്റാന്‍ മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് നാളുകളായെങ്കിലും നേതൃമാറ്റത്തിനു കേന്ദ്രം തായാറായിരുന്നില്ല.
ഇതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം സുരേന്ദ്രനു സ്ഥാനം തുടരുന്നതിനു കാരണമായി. പക്ഷേ, തൃശൂരിലെ വിജയ തുടർച്ച പാലക്കാടും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചങ്കിലും എ ക്ലാസ് മണ്ഡലമായിരുന്നിട്ടു കൂടി തോല്‍വി നേരിട്ടു എന്നു മാത്രമല്ല, വന്‍ തോതില്‍ വോട്ട് കുറയുകയും ചെയ്തു.
ഇതോടെ നേതൃമാറ്റം ആഗ്രഹിക്കുന്നവര്‍ ഇതിനോടകം ചരടുവലികള്‍ ആരംഭിച്ചു കഴിഞ്ഞു. പാലക്കാട്ടെ പരാജയപ്പെട്ടതിനു കാരണം കെ. സുരേന്ദ്രനോട് ചോദിക്കണമെന്ന ഒന്നിലധികം നേതാക്കളുടെ പരാമര്‍ശവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് തലവേദനയാണ്.
ഇതോടൊപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സാന്നിധ്യം പാലക്കാട് മണ്ഡലത്തില്‍ പ്രതീക്ഷിച്ച രീതിയില്‍ ഉണ്ടായില്ലെന്ന വിമര്‍ശനവും നേതാക്കള്‍ക്കിടയിലുണ്ട്.
ആറു മാസം മുമ്പ് പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ താന്‍ നേടിയ വോട്ടുപോലും നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ സി. കൃഷ്ണകുമാറിനു സ്വന്തമാക്കാനായില്ല. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കുന്നതുമായി ബന്ധപ്പെട്ടും ഭിന്നതയുണ്ടായിരുന്നു.
എന്നാല്‍, 2016ല്‍ ശോഭ നേടിയ വോട്ടിനൊപ്പം കൃഷ്ണകുമാറിന് എത്താനായിട്ടില്ല. മുനമ്പം വിഷയം ബി.ജെ.പി സജീവ ചര്‍ച്ചയാക്കിയിട്ടും വയനാട് മണ്ഡലത്തില്‍ ഇതിന്റെ ഗുണഫലങ്ങള്‍ ലഭിച്ചില്ലെന്നതാണു മറ്റൊന്ന്.
കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടും വയനാട്ടില്‍ കുറഞ്ഞു. അതേ സമയം സംസ്ഥാന നേതൃത്വം കാര്യമായി ശ്രദ്ധിക്കാതിരുന്ന ചേലക്കരയില്‍ 10,000 വോട്ടിൻ്റെ വര്‍ധനയുണ്ട്.
വോട്ടു ചോര്‍ച്ചയില്‍ കേന്ദ്ര നേതൃത്വത്തിന് അസംതൃപ്തിയുണ്ട്. സംസ്ഥാന പ്രസിഡന്റ് മാറണമെന്ന അഭിപ്രായത്തിനാണ് ആര്‍.എസ്.എസിലും മുന്‍തൂക്കം.
പക്ഷേ, പകരം ഒരാളെ കൊണ്ടുവരുമ്പോള്‍ ആ നേതാവ് എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ചു കൊണ്ടുപോവാന്‍ കഴിയുന്ന ഒരാളായിരിക്കണം എന്നു കേന്ദ്രനേതൃത്വത്തിനു നിര്‍ബന്ധമുണ്ട്.
അടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ നയിക്കാന്‍ കഴിയുന്ന വ്യക്തിപ്രഭാവമുള്ള ഒരാളെയാണ് അഖിലേന്ത്യ നേതൃത്വം അന്വേഷിക്കുന്നത്.
ശോഭാ സുരേന്ദ്രന്‍, എം.ടി. രമേശ്, പി.കെ കൃഷ്ണദാസ് എന്നീ പേരുകളാണു സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നത്.
അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കിയാല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കെ.സുരേന്ദ്രനു സാധിക്കില്ല.
നിയമസഭാ കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കി സംസ്ഥാന പ്രസിഡന്റിനെ നിലനിര്‍ത്തി പുഃനസംഘടന മാത്രം നടത്തണമെന്ന ആവശ്യം സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നുണ്ട്. ഇത് അംഗീകരിക്കാന്‍ സാധ്യതയില്ല.
അഞ്ചു വര്‍ഷം പിന്നിട്ട ഏഴു ജില്ലാ പ്രസിഡന്റുമാരും ഒഴിവാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമാരാണ് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത്. മറ്റ് ഏഴു ജില്ലകളില്‍ പ്രവര്‍ത്തനമികവുള്ള പ്രസിഡന്റുമാരെ മാത്രം തുടരാന്‍ അനുവദിക്കുള്ളൂ.
ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നതിലും ഇക്കുറി ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടാകും.